മോസ്‌കോ: റഷ്യയുമായി ചേര്‍ന്നുള്ള ഗ്യാസ് പൈപ്പ്‌ലൈന്‍ പ്രൊജക്ടുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി പാകിസ്ഥാന്‍. റഷ്യയിലെ പാകിസ്ഥാന്‍ അംബാസിഡറായ ഷഫ്ഖാത് അലി ഖാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
റഷ്യയുമായി ചേര്‍ന്നുള്ള പാകിസ്ഥാന്‍ സ്ട്രീം ഗ്യാസ് പൈപ്പ്‌ലൈന്‍ പ്രൊജക്ടുമായി മുന്നോട്ട് പോകാന്‍ തന്റെ രാജ്യം കമ്മിറ്റഡാണ് എന്നാണ് ഷഫ്ഖാത് അലി ഖാന്‍ പ്രതികരിച്ചത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിയമപരമായ ചര്‍ച്ചകള്‍ മുന്നോട്ട് നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉക്രൈനുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും റഷ്യക്ക് മേല്‍ വിവിധ തരത്തിലുള്ള ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കൂടിയാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണമെന്നത് ശ്രദ്ധേയമാണ്.
സിന്ധ് മുതല്‍ പഞ്ചാബ് വരെ 1100 കിലോമീറ്റര്‍ നീണ്ടുനില്‍ക്കുന്ന ഗ്യാസ് പൈപ്പ്‌ലൈന്‍ പദ്ധതിയാണ് പാകിസ്ഥാന്‍ സ്ട്രീം ഗ്യാസ് പൈപ്പ്‌ലൈന്‍ പ്രൊജക്ട്. 2.5 ബില്യണ്‍ ഡോളറിന്റെ പ്രൊജക്ടാണിത്.
2015ലായിരുന്നു പദ്ധതി ഒപ്പുവെച്ചത്. 2023ല്‍ ഇതിന്റെ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
”പദ്ധതിയുടെ പ്രവര്‍ത്തികള്‍ എന്ന് അവസാനിക്കും എന്നത് സംബന്ധിച്ച് കൃത്യമായ ഡേറ്റ് ഇപ്പോള്‍ പറയാനാകില്ല. നിരവധി നിയമപ്രശ്‌നങ്ങളുണ്ട്.
എന്നാല്‍ പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ല. രാഷ്ട്രീയപരമായി നോക്കുകയാണെങ്കില്‍ ഇരു രാജ്യങ്ങളും ഈ പദ്ധതിയോട് കമ്മിറ്റഡ് ആണ്,” പാകിസ്ഥാന്‍ അംബാസിഡറായ ഷഫ്ഖാത് അലി ഖാന്‍ സ്പുട്‌നിക് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ നാചുറല്‍ ഗ്യാസ് നിര്‍മാതാക്കളാണ് റഷ്യ. എന്നാല്‍ ഊര്‍ജ ക്ഷാമം നേരിടുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാന്‍.
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ 90 ശതമാനവും നിരോധിക്കുന്നതായി യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കിയിരുന്നു. ഉക്രൈന്‍ വിഷയത്തില്‍ റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുക, റഷ്യയുടെ വരുമാനത്തില്‍ ഇടിവുണ്ടാക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു യൂറോപ്യന്‍ യൂണിയന്റെ തീരുമാനം.