പുല്‍വാമയെ ഇന്ത്യന്‍ സര്‍ക്കാര്‍ രാഷ്ട്രീയ ലാഭത്തിനായി ചൂഷണം ചെയ്തു; അന്താരാഷ്ട്ര സമൂഹം യാഥാര്‍ത്ഥ്യം മനസിലാക്കണം: പാക് പ്രധാനമന്ത്രി
World News
പുല്‍വാമയെ ഇന്ത്യന്‍ സര്‍ക്കാര്‍ രാഷ്ട്രീയ ലാഭത്തിനായി ചൂഷണം ചെയ്തു; അന്താരാഷ്ട്ര സമൂഹം യാഥാര്‍ത്ഥ്യം മനസിലാക്കണം: പാക് പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th April 2023, 3:33 pm

ലാഹോര്‍: പുല്‍വാമ ആക്രമണത്തെ ഇന്ത്യ രാഷ്ട്രീയ ലാഭത്തിന് ചൂഷണം ചെയ്യകയായിരുന്നവെന്ന ആരോപണവുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ശരീഫ്. മേഖലക്ക് പ്രത്യാഘാതമുണ്ടാക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നടപടികള്‍ അന്താരാഷ്ട്ര സമൂഹം ശ്രദ്ധിക്കണമെന്നും ഷഹബാസ് ശരീഫ് പറഞ്ഞു. ട്വിറ്ററിലൂടെയായുരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇന്ത്യന്‍ അധീന കശ്മീരിലെ മുന്‍ ഗവര്‍ണറുടെ വെളിപ്പെടുത്തലുകള്‍ പുല്‍വാമ വിഷയത്തിലുള്ള പാകിസ്ഥാന്റെ നിലപാടിനെ ശരിവെക്കുന്നതാണ്. പുല്‍വാമ സംഭവത്തിന്റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാര്‍ ഈ സാഹചര്യം രാഷ്ട്രീയ നേട്ടങ്ങള്‍ക്കുള്ള മുതലെടുപ്പിനായി ഉപയോഗിച്ചു,’ ഷഹബാസ് ശരീഫ് പറഞ്ഞു.

പുല്‍വാമ അറ്റാക്കില്‍ പാകിസ്ഥാന്‍ നിലപാടിനെ സാധൂകരിക്കുന്ന പ്രസ്താവനയാണ് സത്യപാല്‍ മാലിക് നടത്തിയതെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷഹബാസ് ശരീഫ് തന്നെ വിഷയത്തില്‍ പ്രതികരിക്കുന്നത്.

ഭീകരാക്രമണത്തെ ഇന്ത്യ മനപൂര്‍വം പാകിസ്ഥാന്റെ തലയിലിടാനുള്ള ശ്രമമാണ് നടത്തിയതെന്നും രാഷ്ട്രീയ നേട്ടത്തിനായി ഭീകരാക്രമണത്തെ ഉപയോഗിച്ചെന്നുമാണ് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. സത്യപാലിന്റെ വെളിപ്പെടുത്തലിനെ നയതന്ത്രപരമായി നേരിടാനാണ് പാകിസ്ഥാന്‍ തീരുമാനമെന്നും വിദേശകാര്യാലയം പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

‘സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തല്‍ അതീവ ഗൗവരവത്തോടെയാണ് പാകിസ്ഥാന്‍ കാണുന്നത്. പുല്‍വാമ ഭീകരവാദ ആക്രമണത്തെ ഇന്ത്യയിലെ ഹിന്ദുത്വ സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയും പാകിസ്ഥാന്റെ മേല്‍ കെട്ടിവെക്കുകയും ചെയ്തു.

സംഭവത്തിന് ശേഷം ഇരു രാജ്യങ്ങള്‍ക്കിടയിലും ഉണ്ടായി വന്ന ക്രമസമാധാന പ്രതിസന്ധിക്ക് ഇന്ത്യയാണ് ഉത്തരവാദികള്‍. വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടാനാണ് പാകിസ്ഥാന്റെ തീരുമാനം,’ എന്നാണ്
പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നത്.

കഴിഞ്ഞ ആഴ്ചയാണ് ജമ്മു കാശ്മീര്‍ മുന്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക് 2019ലെ പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ ആഭ്യന്തര വകുപ്പിന് വീഴ്ച പറ്റിയതായി തുറന്ന് പറഞ്ഞത്.

സര്‍ക്കാരിന്റെ ഭരണ പരാജയം മറച്ചുവെക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവായിരുന്ന അജിത് ഡോവലും ചേര്‍ന്ന് തന്നോട് ആവശ്യപ്പെട്ടെന്നും മാലിക് വെളിപ്പെടുത്തിയിരുന്നു.