Sports News
ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കിയത് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല; തുറന്ന് പറഞ്ഞ് സിറാജ്
സ്പോര്‍ട്സ് ഡെസ്‌ക്
5 days ago
Monday, 7th April 2025, 8:09 am

ഐ.പി.എല്ലില്‍ മൂന്നാം വിജയവും സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അവരുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 153 റണ്‍സിന്റെ വിജയലക്ഷ്യം 20 പന്ത് ബാക്കി നില്‍ക്കവെ ടൈറ്റന്‍സ് മറികടക്കുകയായിരുന്നു.

ഗുജറാത്ത് ടൈറ്റന്‍സിനായി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. നാല് ഓവര്‍ പന്തെറിഞ്ഞ് 17 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് താരം നാല് വിക്കറ്റ് വീഴ്ത്തിയത്.

4.25 എന്ന കിടിലന്‍ എക്കോണമിയിലാണ് താരം ബൗളെറിഞ്ഞത്. മത്സരത്തിലെ താരവും സിറാജായിരുന്നു. ബെംഗളൂരിനെതിരെയുള്ള മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേടി മികച്ച പ്രകടനം നടത്തി മത്സരത്തിലെ താരമാകാനും സിറാജിന് സാധിച്ചിരുന്നു.

മത്സരശേഷം സിറാജ് തന്നെ 2025 ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യന്‍ ടീമില്‍ എടുക്കാത്തതിനെക്കുറിച്ച് സംസാരിച്ചിരുന്നു. തന്നെ പുറത്താക്കിയത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്ന് താരം പറഞ്ഞു. ബൗളിങ്, ഫിറ്റ്‌നസ്, മാനസിക ശക്തി എന്നിവ മെച്ചപ്പെടുത്തി തിരിച്ചുവരാന്‍ സാധിച്ചെന്നും താരം പറഞ്ഞു.

‘ഹോം ഗ്രൗണ്ടില്‍ വിക്കറ്റ് വീഴ്ത്തുന്നത് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. എന്റെ കുടുംബം അവിടെ ഉണ്ടായിരുന്നു, അതിനാല്‍ അവര്‍ക്ക് മുന്നില്‍ നന്നായി പന്തെറിയുന്നത് എനിക്ക് ആത്മവിശ്വാസം നല്‍കി. ഇടവേളയില്‍ ഞാന്‍ എന്റെ ബൗളിങ്, ഫിറ്റ്‌നസ്, മാനസിക ശക്തി എന്നിവയ്ക്കായി പരിശ്രമിച്ചു. ഇന്ത്യന്‍ ടീമില്‍ നിന്ന് എന്നെ പുറത്താക്കിയത് എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.

കുറച്ച് ദിവസത്തേക്ക് എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു, പക്ഷേ എന്റെ പോരായ്മകളില്‍ സഹായിക്കാനും പരിഹരിക്കാനും ഞാന്‍ എന്നെത്തന്നെ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. ഞാന്‍ പതിവായി കളിക്കുന്നതിനാല്‍ എന്റെ തെറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല, പക്ഷേ ഒരു ഇടവേള എനിക്ക് സഹായകരമായിരുന്നു,’ മുഹമ്മദ് സിറാജ് മത്സര ശേഷം ഹര്‍ഷ ഭോഗ്ലെയോട് പറഞ്ഞു.

Content Highlight: IPL 2025: Mohammed Siraj talks about being dropped from the Indian team