national news
വഖഫ് ബില്ലിനെ അനുകൂലിച്ച് പ്രസ്താവന; പിന്നാലെ മണിപ്പൂരില്‍ ബി.ജെ.പി നേതാവിന്റെ വീടിന് തീയിട്ട് അജ്ഞാതര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
6 days ago
Monday, 7th April 2025, 8:10 am

ഇംഫാല്‍: മണിപ്പൂരില്‍ വഖഫ് ബില്ലിനെ പിന്തുണച്ച ബി.ജെ.പി നേതാവിന്റെ വീട് കത്തിച്ചു. സംസ്ഥാന ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് അസ്‌കര്‍ അലി മകക്മയുവിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച രാത്രി തൗബല്‍ ജില്ലയിലെ ലിലോങ്ങിലാണ് സംഭവം.

വഖഫ് ഭേദഗതി നിയമത്തെ പിന്തുണച്ച് പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് അസ്‌ക്കറിന്റെ വീടിന് അജ്ഞാതര്‍ തീയിടുകയായിരുന്നു. വഖഫ് നിയമത്തെ അനുകൂലിച്ച് അസ്‌കര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചതോടെയാണ് ആക്രമണം ഉണ്ടായത്.

പിന്നാലെ സോഷ്യല്‍ മീഡിയയിലെ പ്രതികരണത്തില്‍ അസ്‌കര്‍ ക്ഷമാപണം നടത്തി. വഖഫ് ബില്ലിനെ അംഗീകരിക്കുന്നില്ലെന്ന് പ്രതികരിക്കുകയും ചെയ്തു.

ബി.ജെ.പി നേതാവിന്റെ വീട് ആക്രമിക്കപ്പെടുന്നതിന് മുന്നോടിയായി തന്നെ മണിപ്പൂരിലുടനീളം വഖഫ് നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇംഫാലില്‍ വഖഫ് നിയമത്തിനെതിരെ നിരവധി ആളുകള്‍ പരസ്യമായി പ്രതിഷേധിച്ചതിന് പിന്നാലെയാണ് ബി.ജെ.പി നേതാവിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ലിലോങ്ങില്‍ എന്‍.എച്ച് 102 തടസപ്പെടുത്തി നടത്തിയ പ്രതിഷേധ റാലിയില്‍ ഏകദേശം 5,000ത്തിലധികം ആളുകള്‍ പങ്കെടുത്തു. സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിഷേധക്കാരെ തടയാന്‍ ശ്രമിച്ചതോടെയാണ് ഏറ്റുമുട്ടലുണ്ടായത്.

നിലവില്‍ സംസ്ഥാനത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ എല്ലാം വഖഫ് ബില്ലിനും കേന്ദ്ര സര്‍ക്കാരിനുമെതിരെ വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. ഈ മേഖലകളിലെല്ലാം അധികൃതര്‍ കൂടുതല്‍ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.

വഖഫ് ബില്ലിനെതിരെ രാജ്യത്തുടനീളം രൂക്ഷമായ വിമര്‍ശനവും പ്രതിഷേധങ്ങളുമാണ് ഉയരുന്നത്. എന്നാല്‍ ഈ പ്രതിഷേധങ്ങള്‍ ഗൗരവത്തിലെടുക്കാതെ രാഷ്ട്രപതി ദ്രൗപതി മുര്‍മു ശനിയാഴ്ച വഖഫ് ബില്ലിന് അംഗീകാരം നല്‍കി.

പാര്‍ലമെന്റിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചതോടെ കോണ്‍ഗ്രസും ഉവൈസി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. കൂടാതെ ബില്‍ അംഗീകരിക്കപ്പെട്ടതോടെ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യത്തില്‍ കാര്യമായ വിള്ളലും ഉണ്ടായി.

ബില്ലില്‍ പ്രതിഷേധിച്ച് ബി.ജെ.പി സഖ്യകക്ഷിയായ ജെ.ഡി.യുവില്‍ നിന്ന് അഞ്ച് മുതിര്‍ന്ന നേതാക്കള്‍ രാജിവെച്ചു. ജെ.ഡി.യു ന്യൂനപക്ഷവിഭാഗം ജനറല്‍ സെക്രട്ടറി തബ്രെസ് സിദ്ദിഖി, സംസ്ഥാന സെക്രട്ടറി ഷാനവാസ് മാലിക്, രാജു നയ്യാര്‍, നദീം അക്തര്‍, മുഹമ്മദ് കാസിം അന്‍സാരി എന്നിവരാണ് രാജിവച്ചത്.

ആന്ധ്രാപ്രദേശില്‍ ബി.ജെ.പി സഖ്യകക്ഷികളായ ടി.ഡി.പി, ജെ.എസ്.പി എന്നിവര്‍ക്കെതിരെ വ്യാപക പ്രതിഷേധവും നടന്നു.

Content Highlight: Statement in support of Waqf Bill; Unidentified persons set fire to BJP leader’s house in Manipur after it