പാകിസ്ഥാന്‍ അമ്പരപ്പിച്ചുകളഞ്ഞു; തകര്‍പ്പന്‍ നേട്ടത്തില്‍ ഷക്കീലും റിസ്വാനും, ഒപ്പം ഇരട്ട സെഞ്ച്വറിയും!
Sports News
പാകിസ്ഥാന്‍ അമ്പരപ്പിച്ചുകളഞ്ഞു; തകര്‍പ്പന്‍ നേട്ടത്തില്‍ ഷക്കീലും റിസ്വാനും, ഒപ്പം ഇരട്ട സെഞ്ച്വറിയും!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 22nd August 2024, 4:21 pm

പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം റാവല്‍പിണ്ടിയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് ആദ്യ ഇന്നിങ്‌സിലെ രണ്ടാം ദിനത്തില്‍ 103 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 388 റണ്‍സാണ് നേടിയത്

ഒരു ഘട്ടത്തില്‍ വിക്കറ്റ് തകര്‍ച്ച നേരിട്ട പാകിസ്ഥാന് സൗദ് ഷക്കീലിന്റെയും മുഹമ്മദ് റിസ്വാന്റേയും ഇടിവെട്ട് പ്രകടനമാണ് തുണയായത്. 261 പന്തില്‍ ഒമ്പത് ഫോര്‍ അടക്കം 141 റണ്‍സ് നേടിയാണ് ഷക്കീല്‍ പടിയിറങ്ങിയത്. മെഹ്ദി ഹസന്റെ പന്തിലാണ് താരം പുറത്തായത്. തന്റെ ടെസ്റ്റ് കരിയറിലെ മൂന്നാം സെഞ്ച്വറിയാണ് ഷക്കീല്‍ നേടിയത്.

മുഹമ്മദ് റിസ്വാന്‍ നിലവില്‍ 211 പന്തില്‍ രണ്ട് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 142 റണ്‍സ് നേടിയാണ് ക്രീസില്‍ തുടരുകയാണ്. മധ്യ നിരയില്‍ ഇരുവരുടേയും സെഞ്ച്വറിയാണ് പാകിസ്ഥാന് നിര്‍ണായകമായത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഇരുവരും സ്വന്തമാക്കിയത്. പാകിസ്ഥാന്റെ ഹോം ടെസ്റ്റ് പരമ്പരയില്‍ അഞ്ചാം വിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പാര്‍ട്ണര്‍ ഷിപ്പ് നേടാനാണ് ഷക്കീലിനും റിസ്വാനും സാധിച്ചത്.

240 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. ഇരുവര്‍ക്കും മുമ്പേ 1976ല്‍ ലാഹോറില്‍ വെച്ച് ന്യൂസിലാന്‍ഡിനെതിരെ ആസിഫ് ഇഖ്ബാലും ജാവേദ് മിന്‍ദാദും നേടിയ 281 റണ്‍സായിരുന്നു അഞ്ചാം വിക്കറ്റിലെ ഉയര്‍ന്ന പാര്‍ട്ണര്‍പ്പ്.

ഇരുവര്‍ക്കും പുറമെ ടീമിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് സൈം അയൂബാണ്. 98 പന്തില്‍ 4 ഫോറും ഒരു സിക്സും ഉള്‍പ്പെടെ 56 റണ്‍സ് നേടിയാണ് വിക്കറ്റ് തകര്‍ച്ചയില്‍ നിന്ന് താരം ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്.

ബാറ്റിങ്ങില്‍ ഓപ്പണര്‍ അബ്ദുള്ള ഷെഫീഖിനെയാണ് പാകിസ്ഥാന് ആദ്യം നഷ്ടമായത്. ഹസന്‍ മുഹമ്മദിന്റെ പന്തില്‍ സാക്കിര്‍ ഹസനാണ് താരത്തെ കയ്യിലാക്കിയത്. ശേഷം ഇറങ്ങിയ ക്യാപ്റ്റന്‍ ഷാന്‍ മഷൂദ് ആറ് റണ്‍സിനാണ് പുറത്തായത്.

ശരീഫുല്‍ ഇസ്ലാമിന്റെ പന്തില്‍ ലിട്ടന്‍ ദാസിന്റെ കയ്യില്‍ ആവുകയായിരുന്നു താരം. ഏറെ പ്രതീക്ഷ നല്‍കിയ ബാബര്‍ അസം പൂജ്യം റണ്‍സിനും പുറത്തായതോടെ ടീം ബാറ്റിങ്ങില്‍ പരുങ്ങുകയായിരുന്നു. ഷൊരീഫുള്‍ ഇസ്ലാമിനാണ് താരത്തിന്റെ വിക്കറ്റ്.

ബംഗ്ലാദേശിന് വേണ്ടി ഷൊരീഫുള്‍ ഇസ്ലാം, ഹസന്‍ മുഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മെഹ്ദി ഹസന്‍ ഒരു വിക്കറ്റും നേടി.

 

Content Highlight: Pakistan Players In Record Achievement