പാകിസ്ഥാന്റെ ശ്രീലങ്കന്‍ പര്യടനം ആരംഭിച്ചിരിക്കുകയാണ്. രണ്ട് ടെസ്റ്റുകളാണ് പാകിസ്ഥാന്‍ ലങ്കയ്‌ക്കെതിരെ കളിക്കുന്നത്. ഐ.സി.സി റാങ്കിങ്ങില്‍ ആറാം സ്ഥാനത്തും ഏഴാം സ്ഥാനത്തും നില്‍ക്കുന്ന ടീമുകളായതിനാല്‍ തന്നെ തുല്യശക്തികളുടെ പോരാട്ടമായിട്ടാണ് മത്സരം വിലയിരുത്തപ്പെടുന്നത്.
ആദ്യ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലങ്ക ഭേദപ്പെട്ട സ്‌കോറാണ് പടുത്തുയര്‍ത്തിയത്. പാകിസ്ഥാന്റെ വേഗതയെ ഭയപ്പെടാതെ സ്‌കോര്‍ പടുത്തുയര്‍ത്തിയ ശ്രീലങ്കന്‍ ബാറ്റര്‍മാര്‍ 222 ഒന്നാമിന്നിങ്‌സ് സ്‌കോറാണ് പാകിസ്ഥാന് മുന്‍പില്‍ വെച്ചത്.
14.1 ഓവര്‍ എറിഞ്ഞ് 4 വിക്കറ്റ് വീഴ്ത്തിയ പാക് പടയുടെ വജ്രായുധം ഷഹീന്‍ അഫ്രിദിയാണ് ശ്രീലങ്കയെ 222ല്‍ ഒതുക്കിയത്. 58 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് താരം വീഴ്ത്തിയത്. എന്നാല്‍ ഷഹീന്റെ വേഗതയെ ചെറുത്തുനിന്ന ലങ്കന്‍ പടയുടെ വാലറ്റക്കാരെ കുറിച്ച് അത്ഭുതപ്പെടുകയാണ് താരമിപ്പോള്‍.
വാലറ്റക്കാര്‍ പോലും മികച്ചുനിന്നുവെന്നും പ്രോപ്പര്‍ ബാറ്റര്‍മാരെ പോലെയാണ് അവര്‍ കളിച്ചതെന്നുമായിരുന്നു ഷഹീന്‍ പറഞ്ഞത്. ശ്രീലങ്കയെ 160ല്‍ താഴെ പുറത്താക്കാന്‍ സാധിക്കും എന്ന് കരുതിയിടത്തുനിന്നാണ് അവസാനക്കാര്‍ റണ്‍സ് അടിച്ചെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അവരെ 160 റണ്‍സിന് പുറത്താക്കാനായിരുന്നു ഞങ്ങളുടെ ശ്രമം. പക്ഷേ ഇതാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ ഭംഗി. ചണ്ഡിമല്‍ നന്നായി കളിച്ചു. ടെയ്ല്‍ എന്‍ഡേഴ്‌സ് പല്‌പോഴും പ്രോപ്പര്‍ ബാറ്റര്‍മാരെ പോലെയാണ് കളിച്ചത്.
ഞങ്ങള്‍ അവരെ പുറത്താക്കാന്‍ ശ്രമിക്കും തോറും അവര്‍ ചെറുത്തുനിന്നു. 222 എന്ന സ്‌കോര്‍ ഉറപ്പാക്കിയതിന് ശേഷമാണ് അവര്‍ പുറത്തായത്,’ അഫ്രിദി പറയുന്നു.
ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നയെ പുറത്താക്കിക്കൊണ്ടാണ് അഫ്രിദി തുടങ്ങിയത്. ലങ്കന്‍ സ്‌കോര്‍ 11ല്‍ നില്‍ക്കവെ ഒരു റണ്ണുമായാണ് ദിമുത് പുറത്തായത്. എന്നാല്‍ ഓപ്പണര്‍ ഒഷാദോ ഫെര്‍ണാണ്ടോയ്‌ക്കൊപ്പം കുശാല്‍ മെന്‍ഡിസ് ചെറുത്തുനിന്നതോടെ ലങ്കന്‍ സ്‌കോറിന് അനക്കം വെച്ചു.
എന്നാല്‍ ദിനേഷ് ചണ്ഡിമല്‍ എന്ന പ്രതിഭയുടെ പോരാട്ടമായിരുന്നു കൊളംബോയില്‍ കണ്ടത്. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും ചണ്ഡിമല്‍ സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. 115 പന്തില്‍ നിന്നും 76 റണ്‍സുമായാണ് താരം പുറത്തായത്.
പത്താമനായി ഇറങ്ങിയ മഹീഷ് തീക്ഷണ ലങ്കന്‍ നിരയിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ കൂടി നേടിയതോടെ ശ്രീലങ്കന്‍ സ്‌കോര്‍ 222ലേക്ക് ഉയര്‍ന്നു.
ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നയ്ക്ക് പുറമെ ധനഞ്ജയ ഡി സില്‍വ, നിരോഷന്‍ ഡിക്വെല്ല, മഹീഷ് തീക്ഷണ എന്നിവരുടെ വിക്കറ്റാണ് അഫ്രിദി സ്വന്തമാക്കിയത്. ഹസന്‍ അലിയും യാസിര്‍ ഷായും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മുഹമ്മദ് നവാസും നസീം ഷായും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് തുടക്കത്തിലേ പിഴച്ചിരിക്കുകയാണ്. ആദ്യ ദിനം തന്നെ ഓപ്പണര്‍മാര്‍ രണ്ട് പേരെയും പാകിസ്ഥാന് നഷ്ടമായി. അബ്ദുള്ള ഷഫീഖും ഇമാം ഉള്‍ ഹഖുമാണ് പുറത്തായത്. ഇതോടെ 18 ഓവര്‍ പിന്നിടുമ്പോള്‍ 24ന് രണ്ട് എന്ന നിലയിലാണ് പാകിസ്ഥാന്‍.
38 പന്തില്‍ നിന്നും മൂന്ന് റണ്‍സുമായി അസര്‍ അലിയും ഏഴ് പന്തില്‍ നിന്നും ഒരു റണ്ണുമായി ബാബര്‍ അസവുമാണ് ക്രീസില്‍.
Content highlight: Pakistan pacer Shaheen Afridi about Sri Lanka’s tail enders