അര്‍ഷ്ദീപിനെ വെറുതെ വിട്, അത്രക്ക് ചങ്കൂറ്റമുള്ളവരാണെങ്കില്‍ ഇങ്ങോട്ട് വാടാ... ഇന്ത്യയിലെ വര്‍ഗീയവാദികളെ നേരിട്ട് വെല്ലുവിളിച്ച് പാക് ഇതിഹാസം വസീം അക്രം
ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിനിടെ പാക് താരത്തിന്റെ ക്യാച്ച് ഡ്രോപ് ചെയ്തതിന്റെ പേരില്‍ ഇന്ത്യന്‍ യുവതാരം അര്‍ഷ്ദീപ് സിങ്ങിന് സോഷ്യല്‍ മീഡിയയില്‍ നിന്നും വ്യാപകമായ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു.
എന്നാല്‍ അര്‍ഷ്ദീപിനെ പിന്തുണച്ച് മുന്‍ നായകന്‍ വിരാട് കോഹ്‌ലി, മുമ്പ് സംഘികള്‍ രാജ്യദ്രോഹി ചാപ്പയടിച്ച് നല്‍കിയ മുഹമ്മദ് ഷമി, സൂപ്പര്‍ താരം ഹര്‍ഭജന്‍ സിങ് എന്നിവര്‍ രംഗത്തുവന്നിരുന്നു.
എന്നാലിപ്പോള്‍ സോഷ്യല്‍ മീഡിയ വഴി ഇത്തരത്തിലുള്ള വിദ്വേഷ പ്രചരണം നടത്തുന്നവര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയിരിക്കുകയാണ് പാക് ഇതിഹാസ താരം വസീം അക്രം.
പാകിസ്ഥാനെതിരായ മത്സരത്തില്‍ ആസിഫ് അലിയുടെ ക്യാച്ച് ഡ്രോപ് ചെയ്തതിന്റെ പേരില്‍ അര്‍ഷ്ദീപിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഏഷ്യാ കപ്പിലെ ആ മത്സരത്തില്‍ കമന്റേറ്ററുടെ റോളിലുണ്ടായിരുന്നു അക്രം, സ്വന്തം രാജ്യത്തെ താരത്തെ ടാര്‍ഗെറ്റ് ചെയ്തുകൊണ്ട് ഇത്രയും മോശപ്പെട്ട രീതിയില്‍ ആളുകള്‍ പെരുമാറുന്നത് മനസിലാവുന്നില്ലെന്നും പറയുന്നു.
ഇനി അവര്‍ക്ക് ആരെയെങ്കിലും ടാര്‍ഗെറ്റ് ചെയ്ത് ആക്രമണം നടത്തിയാല്‍ മതിയെങ്കില്‍ തനിക്കെതിരെ വരാനും അദ്ദേഹം പറയുന്നു.
‘ആരാധകര്‍ക്ക് ആരെയെങ്കിലും ടാര്‍ഗെറ്റ് ചെയ്ത് ആക്രമിക്കണമെങ്കില്‍ ഞാന്‍ ഇവിടെ ഉണ്ട്. മുഖാബലാ കര്‍നാ ഹേ തോ മുജ്‌സേ കരോ, എന്നാല്‍ എനിക്ക് നിങ്ങളോട് മറുപടി പറയാം.
ആരെങ്കിലും എന്നോട് അപമര്യാദയായി പെരുമാറിയാല്‍ ഞാന്‍ അതിന്റെ പത്തിരട്ടി പരുഷമായി അവരോട് പെരുമാറും. സ്വന്തം ടീമിന്റെ കളിക്കാരന് നേരെ ഇത്തരത്തില്‍ ആക്രമണമഴിച്ചുവിടുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്.
നിങ്ങളുടെ അഭിപ്രായത്തിനും നിര്‍ദേശത്തിനുമായി ഞാനിവിടെ കാത്തിരിക്കുകയാണ്. എന്നിരുന്നാലും നിങ്ങള്‍ക്കെന്നോട് അതിരുവിട്ട് പെരുമാറാന്‍ സാധിക്കില്ല,’ അക്രം പറഞ്ഞു.
ഇന്ത്യയുടെ ഏഷ്യാ കപ്പ് മത്സരത്തിന് ശേഷവും പലരും അര്‍ഷ്ദീപിനെതിരെ ആക്രമണമഴിച്ചുവിട്ടിരുന്നു. മത്സരശേഷം ടീം ബസിലേക്ക് കയറുന്നതിനിടെ ടീം അംഗങ്ങളുടെ മുമ്പില്‍ വെച്ച് അര്‍ഷ്ദീപിനെതിരെ ആരാധകര്‍ അസഭ്യവര്‍ഷം ചൊരിഞ്ഞിരുന്നു.
ഇതാദ്യമായല്ല ഒരു താരത്തിനെതിരെ ഇത്തരത്തിലുള്ള സംഘടിത ആക്രമണമുണ്ടാവുന്നത്. കഴിഞ്ഞ ടി-20 ലോകകപ്പില്‍ പാകിസ്ഥാനോട് ഇന്ത്യ തോറ്റതിനുള്ള കാരണമായി മുഹമ്മദ് ഷമിയെ ഉയര്‍ത്തിക്കാട്ടിയായിരുന്നു ഇത്തരത്തില്‍ സൈബര്‍ ആക്രമണമുണ്ടായത്.
ഷമിയുടെ മതത്തെയായിരുന്നു ഇക്കൂട്ടര്‍ അന്ന് ടാര്‍ഗെറ്റ് ചെയ്തത്. മുഹമ്മദ് ഷമി പാകിസ്ഥാന്‍ ചാരനാണെന്നും മുസ്‌ലിം തീവ്രവാദിയാണെന്നുമായിരുന്നു അന്ന് അവര്‍ പറഞ്ഞുനടന്നത്.
അതേസമയം, ഇന്ത്യയുടെ ടി-20 ലോകകപ്പ് സ്‌ക്വാഡില്‍ അര്‍ഷ്ദീപ് ഇടം നേടിയിട്ടുണ്ട്. ബുംറ, ഭുവനേശ്വര്‍ എന്നിവര്‍ക്ക് പുറമെ പേസ് ഓപ്ഷനായിട്ടാണ് ഇന്ത്യ താരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.