നൂറുവര്‍ഷം പഴക്കമുള്ള ക്ഷേത്രം ഹിന്ദുക്കള്‍ക്ക് തിരിച്ചു നല്‍കി പാകിസ്താന്‍; എല്ലാ മതവിഭാഗത്തെയും പൗരന്മാരെയും സഹിഷ്ണുതയോടെ നോക്കിക്കാണാന്‍ ശ്രമിക്കുന്നുവെന്ന് പുരോഹിതന്‍
World News
നൂറുവര്‍ഷം പഴക്കമുള്ള ക്ഷേത്രം ഹിന്ദുക്കള്‍ക്ക് തിരിച്ചു നല്‍കി പാകിസ്താന്‍; എല്ലാ മതവിഭാഗത്തെയും പൗരന്മാരെയും സഹിഷ്ണുതയോടെ നോക്കിക്കാണാന്‍ ശ്രമിക്കുന്നുവെന്ന് പുരോഹിതന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th February 2020, 5:02 pm

ഇസ്ലാമാബാദ്: മത സൗഹാര്‍ദ്ദം സംരക്ഷിക്കാന്‍ നൂറു വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുതുക്കി തുറന്ന് പാകിസ്താന്‍. പാകിസ്താന്റെ കീഴിലുള്ള 400ഓളം ക്ഷേത്രങ്ങള്‍ തിരിച്ചു നല്‍കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് നൂറു വര്‍ഷം പഴക്കമുള്ള ക്ഷേത്രം ഹിന്ദുക്കള്‍ക്ക് തിരിച്ചു നല്‍കിയത്.

ബലൂച്ചിസ്ഥാനിലെ സോബ് സിറ്റിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുസ്‌ലിം പുരോഹിതന്‍ മൗലാനാ അള്ളാ ദാദ് കാകറിന്റെ കീഴിലുണ്ടായിരുന്ന ക്ഷേത്രം വ്യാഴാഴ്ച ചടങ്ങുകളോടെയാണ് തിരിച്ചു നല്‍കിയത്. പരിപാടിയില്‍ ധാരാളം ഹിന്ദുക്കള്‍ പങ്കെടുത്തു.

എല്ലാ മതവിഭാഗങ്ങളെയും വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്നതിന്റെ ഭാഗമായാണ് ക്ഷേത്രങ്ങള്‍ തിരിച്ചു നല്‍കുന്നതെന്ന് ക്ഷേത്രത്തിന്റെ താക്കോല്‍ കൈമാറിക്കൊണ്ട് ഡെപ്യൂട്ടി കമ്മീഷണര്‍ തല്‍ഹ സലീം പറഞ്ഞു.

‘ഒരു സഹിഷ്ണുത നിലനിര്‍ത്തുന്ന സമൂഹത്തിന്റെ പ്രതീകമായാണ് ഇന്നത്തെ പരിപാടി. മുമ്പ് ഈ ക്ഷേത്രം ഒരു പ്രൈമറി സ്‌കൂളായിരുന്നു. ഇപ്പോള്‍ നമ്മളത് ഹിന്ദു സമൂഹത്തിന് തിരിച്ചു നല്‍കുകിയിരിക്കുന്നു. പ്രൈമറി സ്‌കൂള്‍ ഉടന്‍ തന്നെ മറ്റൊരു ഉചിതമായ സ്ഥാനത്തേക്ക് മാറ്റും,’അദ്ദേഹം പറഞ്ഞു.

പാകിസ്താന്‍ എല്ലാ പൗരന്മാരെയും മതവിഭാഗത്തെയും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നവരാണെന്ന് പുരോഹിതന്‍ പറഞ്ഞു.

‘സോബിലെ ആളുകള്‍ എല്ലാ മതവിഭാഗങ്ങളെയും ബഹുമാനിക്കും. നമുക്ക് സഹിഷ്ണുത പുലര്‍ത്തുന്ന ഒരു സമൂഹത്തെയാണ് സൃഷ്ടിക്കേണ്ടത്. പാകിസ്താന്‍ എല്ലാ മതവിഭാഗങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്നുവെന്നും എല്ലാ പൗരന്മാര്‍ക്കും ഇടം നല്‍കുന്നുവെന്നും ലോകത്തോട് കാണിച്ചു കൊടുക്കും,’ മതപുരോഹിതന്‍ മൗലാനാ അള്ളാ ദാദ് കാകര്‍ പറഞ്ഞു.

വിഭജനത്തിന് ശേഷം 428 ക്ഷേത്രങ്ങളാണ് പാകിസ്താനില്‍ ഉണ്ടായിരുന്നത്. ഇതില്‍ 400 ക്ഷേത്രങ്ങളും അടഞ്ഞു കിടക്കുകയാണ്. ഈ ക്ഷേത്രങ്ങളാണ് നവീകരിക്കാനും തുറന്ന് കൊടുക്കാനും തീരുമാനിച്ചത്.

1990കളോടെ പാകിസ്താനിലെ ഭൂരിപക്ഷം ക്ഷേത്രങ്ങളും കയ്യേറി സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയാക്കി മാറ്റിയിരുന്നു. ഇവയെയാണ് ഇപ്പോള്‍ തിരികെ ക്ഷേത്രങ്ങളാക്കി മാറ്റാന്‍ തീരുമാനമെടുത്തിരിക്കുന്നത്.