Champions Trophy
ചാമ്പ്യന്‍സ് ട്രോഫി: കറാച്ചിയില്‍ ഇന്ത്യയുടെ മാത്രമല്ല, ബംഗ്ലാദേശിന്റെയും പതാകയില്ല; പാകിസ്ഥാന്റെ വിശദീകരണമിങ്ങനെ?
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 17, 02:23 pm
Monday, 17th February 2025, 7:53 pm

 

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കാന്‍ മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ് ബാക്കി നില്‍ക്കെ ആതിഥേയരായ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. ടൂര്‍ണമെന്റിന്റെ പ്രധാന വേദികളിലൊന്നായ നാഷണല്‍ സ്റ്റേഡിയം കറാച്ചിയില്‍ ഇന്ത്യയുടെ പതാക ഒഴിവാക്കിയാണ് പാകിസ്ഥാന്‍ വിവാദം സൃഷ്ടിച്ചത്.

വലിയ തോതില്‍ ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും പാകിസ്ഥാനെതിരെ വിമര്‍ശനമുയരുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ഈ വിഷയത്തില്‍ വിശദീകരണം നല്‍കുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. കറാച്ചി സ്‌റ്റേഡിയത്തില്‍ മത്സരമുള്ള ടീമുകളുടെ പതാക മാത്രമാണ് അവിടെ ഉയര്‍ത്തിയതെന്നും ഇന്ത്യയുടെ മാത്രമല്ല ബംഗ്ലാദേശിന്റെ പതാകയും ഉയര്‍ത്തിയിട്ടില്ല എന്നും പി.സി.ബി വിശദീകരിക്കുന്നു.

‘നിങ്ങള്‍ക്കറിയാമല്ലോ, 2025ലെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി കളിക്കാനായി ഇന്ത്യ പാകിസ്ഥാനിലേക്ക് വരുന്നില്ല. നാഷണല്‍ സ്റ്റേഡിയം കറാച്ചി, റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം, ഗദ്ദാഫി സ്റ്റേഡിയം എന്നിവിടങ്ങളില്‍ അതാത് സ്റ്റേഡിയങ്ങളില്‍ കളിക്കുന്ന ടീമുകളുടെ പതാകയാണ് ഉയര്‍ത്തിയിരിക്കുന്നത്,’ പി.സി.ബി വൃത്തങ്ങള്‍ ഐ.എ.എന്‍.എസിനോട് പറഞ്ഞു.

കറാച്ചിയിലും ലാഹോറിലും ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും പതാക ഇല്ലാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ‘ഇന്ത്യ തങ്ങളുടെ മത്സരങ്ങളെല്ലാം ദുബായിലാണ് കളിക്കുന്നത്. ബംഗ്ലാദേശ് ഇനിയും പാകിസ്ഥാനിലെത്തിയിട്ടില്ല, അവര്‍ ദുബായില്‍ ഇന്ത്യക്കെതിരെയാണ് അവരുടെ ആദ്യ മത്സരം കളിക്കുന്നത്.

ഇക്കാരണം കൊണ്ടാണ് ഇവരുടെ പതാക ഉയര്‍ത്താതിരുന്നത്. ഇവിടെയെത്തി കളിക്കുന്ന മറ്റ് ടീമുകളുടെയെല്ലാം പതാകകള്‍ സ്റ്റേഡിയത്തിലുണ്ട്,’ വൃത്തങ്ങള്‍ പറഞ്ഞു.

‘ഈ വിഷയത്തെ കുറിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് എന്തെങ്കിലും തരത്തിലുള്ള പ്രസ്താവന പുറത്തിറക്കേണ്ടതുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. കാരണം വസ്തുതകളുടെ അഭാവത്തിലാണ് ഇത്തരമൊരു വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. വ്യാജ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആതിഥേയരായ പാകിസ്ഥാന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് ഇതെന്ന് വ്യക്തമാണ്.

പാകിസ്ഥാനിലെ വിവിധ സ്റ്റേഡിയങ്ങള്‍ വിവിധ ടീമുകളുടെ മത്സരങ്ങള്‍ ആതിഥേയത്വം വഹിക്കും. അവരെ സ്വീകരിക്കാന്‍ ഞങ്ങള്‍ അവരുടെ പതാകകള്‍ ഉയര്‍ത്തുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ നടക്കുന്ന നഗരങ്ങളിലെ തെരുവുകളിലെല്ലാം ഇന്ത്യയുള്‍പ്പടെ ടൂര്‍ണമെന്റിന്റെ ഭാഗമാകുന്ന എല്ലാ ടീമുകളുടെയും ക്യാപ്റ്റന്‍മാരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ബാനറുകള്‍ ഉയര്‍ത്തിയിട്ടുണ്ടെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.

നേരത്തെ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഇന്ത്യ പാകിസ്ഥാനിലെത്തി മത്സരങ്ങള്‍ കളിക്കില്ല എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഷെഡ്യൂള്‍ ചെയ്യുകയും ചെയ്തിരുന്നു.

ബുധനാഴ്ചയാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് തുടക്കമാകുന്നത്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരും ആതിഥേയരുമായ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ നേരിടും. ഫെബ്രുവരി 20നാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ദുബായില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍. 23ന് ദുബായിലാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം.

 

 

Content Highlight: Pakistan Cricket Board gives clarification on no Indian flag in Pakistan’s Karachi Stadium ahead of Champions Trophy