'ഇരട്ട' സെഞ്ച്വറിയില്‍ പാക് പോരാളികള്‍; ഇംഗ്ലണ്ടിനെ അടിച്ച് പറത്തി പാകിസ്ഥാന്റെ ഗംഭീര തിരിച്ചുവരവ്
Sports News
'ഇരട്ട' സെഞ്ച്വറിയില്‍ പാക് പോരാളികള്‍; ഇംഗ്ലണ്ടിനെ അടിച്ച് പറത്തി പാകിസ്ഥാന്റെ ഗംഭീര തിരിച്ചുവരവ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 8th October 2024, 2:49 pm

പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം മുള്‍ത്താനില്‍ നടക്കുകയാണ്. ബംഗ്ലാദേശിനെതിരെ ഹോം ടെസ്റ്റ് മത്സരത്തില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ പാകിസ്ഥാന്റെ വമ്പന്‍ തിരിച്ചുവരവിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. നിലവില്‍ 130 ഓവര്‍ പിന്നിടുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 473 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്.

മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ മൂന്നാം ഓവറില്‍ സയിം അയൂബിനെ നാല് റണ്‍സിന് നഷ്ടമായ ശേഷം ഓപ്പണര്‍ അബ്ദുള്ള ഷഫീഖിന്റെയും ക്യാപ്റ്റന്‍ ഷാന്‍ മസൂദിന്റെയും ഇടിവെട്ട് സെഞ്ച്വറി കരുത്തില്‍ പാകിസ്ഥാന്‍ സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു.

അബ്ദുള്ള 184 പന്തില്‍ 10 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 102 റണ്‍സ് നേടിയാണ് പുറത്തായത്. ത്രീ ലയണ്‍സിന്റെ സ്റ്റാര്‍ പേസര്‍ ഗസ് ആറ്റ്കിന്‍സനാണ് താരത്തിന്റെ വിക്കറ്റ്.

ഷാന്‍ മസൂദ് 177 പന്തില്‍ നിന്ന് 13 ഫോറും രണ്ട് സിക്‌സും അടക്കം 151 റണ്‍സ് നേടിയാണ് തിളങ്ങിയത്. ജാക്ക് ലീച്ചാണ് താരത്തെ പുറത്താക്കിയത്. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തി 30 റണ്‍സിന് ബാബര്‍ അസം പടിയിറങ്ങിയപ്പോള്‍ സൗദ് ഷക്കീലിന്റെ മിന്നും പ്രകടനം ടീമിന് തുണയായി. 177 പന്തില്‍ എട്ട് ഫോര്‍ അടക്കം 82 റണ്‍സ് നേടിയാണ് ഷക്കീല്‍ കൂടാരം കയറിയത്. സ്പിന്‍ ബൗളര്‍ ഷൊയ്ബ് ബഷീറാണ് താരത്തെ പറഞ്ഞയച്ചത്.

ശേഷം യുവതാരം നസീം ഷാ 33 റണ്‍സിന് പുറത്തായപ്പോള്‍ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍ പൂജ്യം റണ്‍സിന് മടങ്ങി. ലീച്ചാണ് റിസ്വാനേയും തിരിച്ചയച്ചത്. നിലവില്‍ ക്രീസിലുള്ളത് സല്‍മാന്‍ അലി ആഘയും (39)* അമീര്‍ ജമാലുവുമാണ് (3)*.

 

Content Highlight: Pakistan Big Comeback In Test Cricket Against England