61ന് രണ്ട് എന്ന നിലയില്‍ നിന്ന് 117ന് ഓള്‍ ഔട്ട്, മൂന്നാം ടി20യില്‍ പാകിസ്ഥാന്റെ നടുവൊടിച്ച് കംഗാരുക്കള്‍
Sports News
61ന് രണ്ട് എന്ന നിലയില്‍ നിന്ന് 117ന് ഓള്‍ ഔട്ട്, മൂന്നാം ടി20യില്‍ പാകിസ്ഥാന്റെ നടുവൊടിച്ച് കംഗാരുക്കള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 18th November 2024, 4:21 pm

പാകിസ്ഥാന്‍- ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ മൂന്നാം മത്സരം ഹോബര്‍ട്ട് ഓവലില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് പരമ്പര നഷ്ടമായ പാകിസ്ഥാന്‍ അവസാനമത്സരത്തിലെങ്കിലും വിജയിച്ച് മുഖം രക്ഷിക്കാനാണ് ഇറങ്ങിയത്. എന്നാല്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് തൊട്ടതെല്ലാം പിഴച്ചു. 18.1 ഓവറില്‍ 117 റണ്‍സിന് പാകിസ്ഥാന്‍ പുറത്തായിരിക്കുകയാണ്.

രണ്ട് വിക്കറ്റിന് 61 എന്ന നിലയില്‍ നിന്നായിരുന്നു പാകിസ്ഥാന്റെ പതനം. ഓസ്‌ട്രേലിയന്‍ ബൗളര്‍മാരുടെ വരിഞ്ഞുമുറുകലില്‍ പാകിസ്ഥാന്റെ മധ്യനിര തകര്‍ന്നടിയുകയായിരുന്നു. നാല് ഓവര്‍ പന്തെറിഞ്ഞ് വെറും 21 റണ്‍ വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയ ആരോണ്‍ ഹാര്‍ഡിയാണ് പാകിസ്ഥാന്റെ പതനം എളുപ്പത്തിലാക്കിയത്. നാല് ഓവറില്‍ വെറും 11 റണ്‍ വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടിയ ആദം സാമ്പയും കംഗാരുക്കളുടെ നിരയില്‍ തിളങ്ങി.

28 പന്തില്‍ 41 റണ്‍ നേടിയ ബാബര്‍ അസം മാത്രമാണ് പാകിസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹസീബുള്ള ഖാന്‍ 24 റണ്ണും നേടി ടീമിന്റെ മാനം കാത്തു. ആറ് പേരാണ് പാക് നിരയില്‍ രണ്ടക്കം കാണാതെ പുറത്തായത്. ഷഹീന്‍ അഫ്രീദി (14), ഇര്‍ഫാന്‍ ഖാന്‍ (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് ബാറ്റര്‍മാര്‍.

ആദ്യ പവര്‍പ്ലേയില്‍ 58 റണ്ണാണ് പാകിസ്ഥാന്‍ അടിച്ചുകൂട്ടിയത്. എന്നാല്‍ പിന്നീടങ്ങോട്ട് കംഗാരുക്കള്‍ മെന്‍ ഇന്‍ ഗ്രീനിനെ കശക്കുകയായിരുന്നു. സാമ്പയ്ക്കും, ഹാര്‍ഡിക്കും പുറമെ സ്‌പെന്‍സര്‍ ജോണ്‍സണ്‍ രണ്ട് വിക്കറ്റും സേവിയര്‍ ബാര്‍ട്‌ലെറ്റും നാതന്‍ എല്ലിസും ഓരോ വിക്കറ്റ് വീതം നേടി.

ഏഴ് ഓവറാക്കി ചുരുക്കിയ ആദ്യ മത്സരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തിലും രണ്ടാം മത്സരം സ്‌പെന്‍സര്‍ ജോണ്‍സന്റെ ഫൈഫറിന്റെ കരുത്തിലുമാണ് കംഗാരുക്കള്‍ വിജയിച്ചത്. മൂന്നാം മത്സരവും വിജയിച്ച് ഏകദിന പരമ്പരയിലേറ്റ നാണക്കേട് മാറ്റാനാണ് ഓസ്‌ട്രേലിയ ശ്രമിക്കുന്നത്.

Content Highlight: Pakistan all out for 117 runs in 3rd T2o against Australia