ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റാണ് ഇപ്പോള്‍ ക്രിക്കറ്റ് സര്‍ക്കിളിലെ ചര്‍ച്ചാ വിഷയം. രണ്ട് ടീമുകളും ചേര്‍ന്ന് മൂന്നര ദിവസം കൊണ്ട് 1379 റണ്‍സാണ് അടിച്ചുനേടിയത്. പാകിസ്ഥാന്‍ ആദ്യ ഇന്നിങ്‌സില്‍ 556 റണ്‍സടിച്ചപ്പോള്‍ 823 റണ്‍സ് നേടിയാണ് ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്.
പാകിസ്ഥാനായി ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (177 പന്തില്‍ 151), സല്‍മാന്‍ അലി ആഘാ (119 പന്തില്‍ 104*), അബ്ദുള്ള ഷഫീഖ് (184 പന്തില്‍ 102) എന്നിവര്‍ സെഞ്ച്വറി നേടിയപ്പോള്‍ ഹാരി ബ്രൂക്കിന്റെ ട്രിപ്പിള്‍ സെഞ്ച്വറിയുടെയും ജോ റൂട്ടിന്റെ ഇരട്ട സെഞ്ച്വറിയുടെയും കരുത്തിലാണ് ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ത്തിയത്.
ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച നാലാമത് ടോട്ടല്‍ എന്ന നേട്ടവും സ്വന്തമാക്കിയാണ് ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഇതിന് പുറമെ ടെസ്റ്റ് ഫോര്‍മാറ്റില്‍ ത്രീ ലയണ്‍സിന്റെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടും മുള്‍ട്ടാനില്‍ പിറവിയെടുത്തു.
ബാറ്റര്‍മാരുടെ പ്രകടനത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ മത്സരത്തിന്റെ ഭാഗമായി ഒരുക്കിയ പിച്ചിനെ കുറിച്ചും സംസാരിക്കാതെ പോകാന്‍ സാധിക്കില്ല. ബൗളര്‍മാര്‍ക്ക് ഒരു ആനുകൂല്യവും നല്‍കാത്ത, പക്കാ ബാറ്റിങ് ട്രാക്കാണ് ക്യൂറേറ്റര്‍മാര്‍ മുള്‍ട്ടാന്‍ ടെസ്റ്റിനായി ഒരുക്കിയത്. എന്നാല്‍ ഹൈവേ തോറ്റുപോകുന്ന ഫ്‌ളാറ്റ് പിച്ചില്‍ ഇംഗ്ലണ്ട് ഇത്രത്തോളം ഡോമിനേഷന്‍ പുറത്തെടുക്കുമെന്ന് അവര്‍ കരുതിക്കാണില്ല.
പാക് നിരയില്‍ പന്തെറിഞ്ഞ ഏഴ് പേരില്‍ ആറ് ബൗളര്‍മാരും നൂറിന് മുകളില്‍ റണ്‍സ് വഴങ്ങി. സ്റ്റാര്‍ പേസര്‍ നസീം ഷാ 157 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ ഷഹീന്‍ അഫ്രിദി 120 റണ്‍സും വഴങ്ങി. 35 ഓവറില്‍ 175 റണ്‍സ് വിട്ടുകൊടുത്ത അബ്രാര്‍ അഹമ്മദാണ് ഏറ്റവുമധികം റണ്‍സ് വിട്ടുകൊടുത്തത്.
ആമിര്‍ ജമാല്‍ (24 ഓവറില്‍ 126), ആഘാ സല്‍മാന്‍ (18 ഓവറില്‍ 118), സയീം അയ്യൂബ് (14 ഓവറില്‍ 101) എന്നിങ്ങനെയാണ് പാക് ബൗളര്‍മാര്‍ റണ്‍സ് വഴങ്ങിയത്.
സൗദ് ഷക്കീല്‍ രണ്ട് ഓവര്‍ പന്തെറിഞ്ഞ് 14 റണ്‍സ് വഴങ്ങി. പത്ത് ഓവര്‍ തികച്ചെറിഞ്ഞിരുന്നെങ്കില്‍ ഷക്കീലിന്റെ പേരിലും ‘സെഞ്ച്വറി’ കുറിക്കപ്പെടുമായിരുന്നു.
നേരത്തെ മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍ മുള്‍ട്ടാന്‍ പിച്ചിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
ബാറ്റര്‍മാരെ മാത്രം പരിഗണിക്കുമ്പോള്‍ അത് ടെസ്റ്റ് ക്രിക്കറ്റിന്റെ നാശത്തില്‍ മാത്രമേ അവസാനിക്കൂ എന്ന് പറഞ്ഞ ഹുസൈന്‍, ഇതിനേക്കാള്‍ ഫ്ളാറ്റായ പിച്ച് ലോകത്ത് എവിടെയും ഉണ്ടാകില്ലെന്നും അഭിപ്രായപ്പെട്ടു.
‘ഈ പിച്ചില്‍ അഞ്ച് ദിവസവും ഒരുപോലെ തന്നെ കളിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിന് താങ്ങാന്‍ സാധിക്കില്ല. അവിശ്വസനീയമാം വിധത്തിലുള്ള ഫ്ളാറ്റ് പിച്ചാണ് മത്സരത്തിനായി ഒരുക്കിയിരിക്കുന്നത്. ഇതിനേക്കാള്‍ ഫ്ളാറ്റായ ഒരു പിച്ച് ലോകത്തെവിടെയും കാണാന്‍ സാധിക്കില്ല.
ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിയെ കരുതിയെങ്കിലും പിച്ച് എന്തെങ്കിലും ഓഫര്‍ ചെയ്യണം. രണ്ട് ദിവസമായി ഈ പിച്ചില്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. പിച്ച് ഇല്ല, ടേണ്‍ ഇല്ല, റിവേഴ്സ് സ്വിങ് ഇല്ല, ഒന്നും തന്നെയില്ല. ഈ പിച്ച് ബാറ്റര്‍മാരെ പരിധിവിട്ട് തുണയ്ക്കുന്നതാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്റും ബോളും തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള മത്സരം വേണം,’ അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇത്തരത്തിലുള്ള പിച്ച് ആരാധകരെ സ്റ്റേഡിയത്തിലെത്തിക്കില്ല എന്നും നാസര്‍ ഹുസൈന്‍ വിമര്‍ശിച്ചു.
Content Highlight: PAK vs ENG: Criticism against pitch used for Multan test