ഹാരിസണ്‍ ഭൂമി കേസുകള്‍ കേള്‍ക്കുന്നതില്‍ നിന്നും ജ: പയസ് കുര്യാക്കോസ് പിന്മാറി
Kerala
ഹാരിസണ്‍ ഭൂമി കേസുകള്‍ കേള്‍ക്കുന്നതില്‍ നിന്നും ജ: പയസ് കുര്യാക്കോസ് പിന്മാറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th June 2012, 1:22 pm

കൊച്ചി: ഹാരിസണ്‍ മലയാളം ഭൂമിയിടപാടുകള്‍ സംബന്ധിച്ച കേസുകള്‍ കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് പയസ് കുര്യാക്കോസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പിന്മാറി. ഇന്ന് ഡിവിഷന്‍ ബെഞ്ചില്‍ 52ാമതായി ഈ കേസ് പ്രത്യേകം എടുത്തശേഷമാണ് ബെഞ്ച് പിന്മാറ്റത്തെക്കുറിച്ച് കോടതി കക്ഷികളെ അറിയിച്ചത്. ബെഞ്ച് മാറ്റാനുണ്ടായ കാരണം ജഡ്ജി അറിയിച്ചിട്ടില്ല.

ഹാരിസണ്‍ മലയാളവുമായി ബന്ധപ്പെട്ട കേസുകളില്‍ കഴിഞ്ഞദിവസം (25.6.12 തിങ്കളാഴ്ച) വാദം കേള്‍ക്കുകയും അന്തിമവാദത്തിനായി ജൂലൈ 20 ലേക്ക് മാറ്റിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍  ഹാരിസണ്‍ മലയാളത്തിന്റെ വ്യാജ ആധാരം സാക്ഷ്യപ്പെടുത്തിയത് ജസ്റ്റിസ് പയസ് കുര്യാക്കോസ് നോട്ടറിയായിരിക്കുമ്പോഴാണ് എന്ന വാര്‍ത്ത തൊട്ടടുത്ത ദിവസം ഡൂള്‍ ന്യൂസ് പുറത്തുവിട്ടിരുന്നു.

ഇത്തരമൊരു ആധാരം കമ്പനിയുടെ പക്കല്‍ ഇല്ല എന്നുള്ളതും അതിനാല്‍ തന്നെ ഏത് സാഹചര്യത്തിലാണ് നോട്ടറി സാക്ഷ്യപ്പെടുത്തിയത് എന്ന വിവരം ഗൗരവമായി അന്വേഷിക്കണമെന്നും പ്രത്യേക അന്വേഷണ സംഘം സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ തെളിവുകള്‍ സഹിതമാണ് പ്രത്യേക അന്വേഷണ സംഘം സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ അട്ടിമറിക്കപ്പെടുന്ന വിവരം ഡൂള്‍ ന്യൂസ് പുറംലോകത്തെ അറിയിച്ചത്.

ശുപാര്‍ശപ്രകാരം അന്വേഷണം നടന്നാല്‍ അത് നേരിടേണ്ട വ്യക്തി ഇപ്പോള്‍ ഈ കേസിന്റെ വിധി പറയുന്ന ജഡ്ജി തന്നെയാണ് എന്നതായിരുന്നു സ്‌തോഭജനകമായ ആ വാര്‍ത്ത.  അത് അട്ടിമറിക്കപ്പെതും ഡൂള്‍ ന്യൂസിലൂടെയാണ് പുറംലോകം അറിഞ്ഞത്. ഇതേതുടര്‍ന്നാണ് ജസ്റ്റിസ് പയസ് കുര്യാക്കോസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഈ കേസ് കേള്‍ക്കുന്നതില്‍ നിന്നും പിന്മാറിയത് എന്നാണ് ലഭിക്കുന്ന സൂചനകള്‍.

ഏകദേശം 100 കോടിയിലേറെ വാര്‍ഷിക വരുമാനമുള്ള 50000ത്തില്‍ പരം ഏക്കര്‍ തോട്ടഭൂമി അനധികൃതമായി ഹാരിസണ്‍ കൈവശം വെച്ചിരിക്കുന്നു എന്നതാണ് കേസ്.

ഇതു സംബന്ധിച്ച് ഡൂള്‍ന്യൂസ്.കോം നേരത്തെ പ്രസിദ്ധീകരിച്ച വാര്‍ത്ത:

Exclusive : വ്യാജരേഖ സാക്ഷ്യപ്പെടുത്തിയ ആള്‍ ഇതേ കേസ് കേള്‍ക്കുന്ന ഹൈക്കോടതി ജഡ്ജി, ഹാരിസണ്‍ ഭൂമി കേസുകളും അട്ടിമറിക്കപ്പെടുന്നു