India
ആവിഷ്‌ക്കാര സ്വാതന്ത്ര്യം തടയാന്‍ ബി.ജെ.പി ശ്രമങ്ങള്‍ നടത്തുന്നു; പത്മാവതിയ്ക്ക് വേണ്ടി സിനിമാ ലോകം ഒറ്റക്കെട്ടായി രംഗത്തു വരണം: മമതാ ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Nov 20, 12:31 pm
Monday, 20th November 2017, 6:01 pm

കൊല്‍ക്കത്ത: ബന്‍സാലി ചിത്രം “പത്മാവതി”ക്കെതിരെ അണിയറയില്‍ നീക്കം നടക്കുമ്പോള്‍ സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പദ്മാവതിക്ക് അനുകൂലമായി സിനിമാ ലോകം ഒറ്റക്കെട്ടായി രംഗത്തു വരണമെന്ന് മമതാ ബാനര്‍ജി പറഞ്ഞു.

രാജ്യത്തെ അഭിപ്രായസ്വാതന്ത്ര്യം തകര്‍ക്കാന്‍ ഒരു പാര്‍ട്ടി ആസൂത്രിതമായ ശ്രമങ്ങള്‍ നടത്തുകയാണെന്നും രാജ്യത്ത് ഇപ്പോള്‍ “സൂപ്പര്‍ എമര്‍ജന്‍സി”യാണ് നടക്കുന്നതെന്നും മമതാ ബാനര്‍ജി പറഞ്ഞു.

ചിത്രത്തെ മധ്യപ്രദേശ് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ചരിത്രത്തെ വളച്ചൊടിക്കുന്നത് അനുവദിക്കാനാവില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിങും പറഞ്ഞിരുന്നു.


Read more:  പദ്മാവതിയുടെ റിലീസ് തടയണമെന്ന ഹരജി സുപ്രീംകോടതി തള്ളി


അതേ സമയം പത്മാവതിയുടെ റിലീസ് തടയണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കേണ്ടത് സെന്‍സര്‍ ബോര്‍ഡാണെന്നും ബോര്‍ഡിന്റെ പരിഗണനയിലുള്ള കാര്യത്തില്‍ കോടതി ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

നേരത്തെ ചിത്രത്തിനും സംവിധായകനായ സഞ്ജയ് ലീല ബന്‍സാലിക്കും പത്മാവതിയായി വേഷമിട്ട ദീപിക പദുകോണിനെതിരെയും ആക്രമണത്തിന് ആഹ്വാനം വന്നിരുന്നു. ഹരിയാനയിലെ ബി.ജെ.പി നേതാവും മാധ്യമ കോര്‍ഡിനേറ്ററുമായ സൂരജ് പാല്‍ അമു ആണ് ഇരുവരെയും കൊല്ലുന്നവര്‍ക്ക് പത്തുകോടി വാഗ്ദാനം ചെയ്തിരുന്നത്.