കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ കേരളത്തില്‍ ആരംഭിച്ചത് 74,000 സംരംഭങ്ങള്‍; നിക്ഷേപകരുടെ ലക്ഷ്യസ്ഥാനമായി നാട് മാറി: പി. രാജീവ്
Kerala News
കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ കേരളത്തില്‍ ആരംഭിച്ചത് 74,000 സംരംഭങ്ങള്‍; നിക്ഷേപകരുടെ ലക്ഷ്യസ്ഥാനമായി നാട് മാറി: പി. രാജീവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th October 2022, 11:50 am

തിരുവനന്തപുരം: കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ കേരളത്തില്‍ 74,000 സംരംഭങ്ങള്‍ ആരംഭിച്ചുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. നിക്ഷേപസൗഹൃദ സംസ്ഥാനമെന്നതില്‍ നിന്ന് ഒരു പടി കൂടി ഉയര്‍ന്ന് നിക്ഷേപകരുടെ ലക്ഷ്യസ്ഥാനമായി നമ്മുടെ നാട് മാറിയെന്നും അദ്ദേഹം പറഞ്ഞു.

ഐ.ബി.എം, ടാറ്റ എലക്‌സി, കോഗ്‌നിസന്റ് പോലുള്ള വന്‍കിട നിക്ഷേപകര്‍ കൂടുതല്‍ നിക്ഷേപം നടത്തി. മുരുളിയ, വെന്‍ഷ്വര്‍ പോലുള്ള ബഹുരാഷ്ട്ര നിക്ഷേപകര്‍ കടന്നുവന്നു. ഭാവിയുടെ പദാര്‍ഥമായ ഗ്രഫീന്‍ സാങ്കേതിക വിദ്യ സാധ്യമാക്കാന്‍ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി, എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റി, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി എന്നിവരുമായി ധാരണാപത്രം ഒപ്പുവെച്ചു. ഇങ്ങനെയൊക്കെ നമ്മുടെ കേരളം മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ മേഖലയിലെ സ്റ്റോക്ക് ഹോള്‍ഡേഴ്‌സില്‍ നിന്ന് നയത്തെക്കുറിച്ച് അഭിപ്രായം സമാഹരിക്കാനായി കഴിഞ്ഞ ദിവസം കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ കരട് വ്യവസായ നയം വിപുലമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അന്തിമമാക്കുക.

സംസ്ഥാനത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതാണ് കരട് വ്യവസായ നയം എന്നാണ്
സംരംഭകരും വ്യവസായ വാണിജ്യ സംഘടനകളും ഒരേ പോലെ അഭിപ്രായപ്പെട്ടത്.
കേരളത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്താണ് കരട് വ്യവസായ നയത്തിന് രൂപം നല്‍കിയത്.
21 മേഖലകളായി തിരിച്ച് ഓരോന്നിനും പ്രത്യേകം ഊന്നല്‍ നല്‍കിയാണ് നയം രൂപപ്പെടുത്തിയിരിക്കുന്നത്.
സണ്‍റൈസ് മേഖലകളിലെ നിക്ഷേപവും പുരോഗതിയും നയം ലക്ഷ്യമിടുന്നുവെന്നും രാജീവ് പറഞ്ഞു.

ഓരോ മേഖലയിലേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിക്ഷേപം ആകര്‍ഷിക്കുന്നതിനും പ്രത്യേകം ടീമിന് രൂപം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംരംഭക വര്‍ഷം പദ്ധതിയുടെ വിജയത്തില്‍ ഇന്റേണുകള്‍ വഹിച്ച പങ്ക് വിലയിരുത്തിയപ്പോള്‍ അതേ മാതൃക ഇനിയും പിന്തുടരാവുന്നതാണെന്ന് കണ്ടു.
കേരളത്തെ വലിയ തോതില്‍ ബ്രാന്‍ഡ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

കേരള ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് നിശ്ചിത ഗുണനിലവാരം ഉറപ്പാക്കും. കയറ്റുമതി വര്‍ധിപ്പിക്കാന്‍ പ്രത്യേകം ഊന്നല്‍ നല്‍കും. വ്യവസായങ്ങള്‍ക്കായി പ്രത്യേക ഇളവുകളും തീര്‍ച്ചയായും ഉണ്ട്. നിക്ഷേപം ആകര്‍ഷിക്കുന്നതിനായി കാലഹരണപ്പെട്ട നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിനും പരിശോധനകള്‍ സുതാര്യമാക്കുന്നതിനും സര്‍ക്കാരിനായി. നിക്ഷേപ സൗഹ്യദ റാങ്കിങില്‍ മികച്ച നേട്ടം കൈവരിച്ചത് ഇതിന്റെ കൂടി ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight:  P. Rajeev Says  74,000 enterprises started in Kerala in last seven months; Kerala has become a destination for investors