Kerala News
ബിരുദ പഠനത്തില്‍ ഭാഷാസാഹിത്യ പഠനത്തിന് പ്രാധാന്യം കുറയുന്നത് അപകടകരം: പി. പവിത്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Feb 21, 02:45 pm
Tuesday, 21st February 2023, 8:15 pm

കോഴിക്കോട്: ബിരുദ പഠനത്തിന്റെ കാലാവധി നാല് വര്‍ഷമായി വര്‍ധിപ്പിക്കുമ്പോള്‍ ഭാഷാസാഹിത്യ പഠനം രണ്ട് വര്‍ഷത്തില്‍ നിന്നും ഒരു വര്‍ഷമാക്കി ചുരുക്കി പ്രാധാന്യം കുറയ്ക്കാനുള്ള നീക്കം ഉന്നത വിദ്യാഭ്യാസ രംഗത്ത് അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ പി. പവിത്രന്‍. ലോക മാതൃഭാഷാ ദിനാചരണത്തിന്റെ ഭാഗമായി മലബാര്‍ കൃസ്ത്യന്‍ കോളേജില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാസ്ത്രവും സാമൂഹ്യ ശാസ്ത്രവുമെല്ലാം അനുഭൂതി ലോകത്തെ സ്പര്‍ശിക്കും വിധം പഠിക്കുമ്പോഴാണ് അവ ഒരു മൂല്യമായി മാറുക. അപ്പോഴേ ഭരണഘടന വിഭാവനം ചെയ്യുന്ന ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ വിദ്യാഭ്യാസത്തിന് സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

കോളേജ് മലയാള വിഭാഗം അധ്യക്ഷന്‍ ഡോ. റോബര്‍ട്ട് വി.എസ്. സ്വാഗതം പറഞ്ഞു. മലയാള ഐക്യവേദി സംസ്ഥാന പ്രസിഡന്റ് സി. അരവിന്ദന്‍, വിദ്യാര്‍ഥി മലയാളവേദി സംസ്ഥാന വൈസ് ചെയര്‍പേഴ്‌സണ്‍ അതുല്യ. കെ.എം. എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മലയാള ഐക്യവേദി കോഴിക്കോട് ജില്ലാസമിതിയും മലബാര്‍ കൃസ്ത്യന്‍ കോളേജ് മലയാള വിഭാഗവും ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.