ഇനി ജയിലിൽ; പി.പി. ദിവ്യയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു
തിരുവനന്തപുരം: എ.ഡി.എം നവീന്‍ ബാബുവിൻ്റെ മരണത്തിൽ പ്രതിയായ കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി. പി. ദിവ്യയെ റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പള്ളിക്കുന്നിലെ വനിത ജയിലേക്കാണ് ദിവ്യയെ മാറ്റുന്നത്. അടുത്ത മാസം 12-ാം തിയതി വരെയാണ് റിമാന്‍ഡ് കാലാവധി.
കനത്ത പൊലീസ് സുരക്ഷയോടെ ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റിന്‍റെ വീട്ടില്‍ ഹാജരാക്കുകയായിരുന്നു. മജിസ്ട്രേറ്റിന്‍റെ വീടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എന്നിവർ പ്രതിഷേധം നടത്തി.
അതേസമയം, ദിവ്യ ബുധനാഴ്ച തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹരജി നല്‍കും. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹരജി തള്ളിയതിന് പിന്നാലെയാണ് ഒളിവിൽ കഴിയുകയായിരുന്ന ദിവ്യ കീഴടങ്ങിയത്.
തലശ്ശേരി സെഷന്‍സ് കോടതി ജഡ്ജി കെ.ടി നിസാര്‍ അഹമ്മദാണ് ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി പ്രഖ്യാപിച്ചത്. ജാമ്യം തള്ളി എന്നായിരുന്നു കോടതിയുടെ പ്രസ്താവന. പ്രഥമദൃഷ്ട്യാ ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
നവീന്‍ ബാബുവിന്റെ കുടുംബത്തിന് വേണ്ടി അഭിഭാഷകന്‍ ജോണ്‍.എസ്. റാഫേലും ദിവ്യയ്ക്ക് വേണ്ടി കെ.വിശ്വനും പ്രോസിക്യൂഷന് വേണ്ടി കെ. അജിത് കുമാറുമാണ് കോടതിയില്‍ ഹാജരായത്.
എ.ഡി.എമ്മിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണകുറ്റം ചുമത്താന്‍ തക്ക പ്രവര്‍ത്തിയില്‍ താന്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ഏത് ഉപാധികളും സ്വീകരിക്കാന്‍ തയ്യാറാണെന്നും, മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നുമായിരുന്നു ദിവ്യയുടെ പ്രധാനവാദം.
എന്നാല്‍ പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകനും ദിവ്യയുടെ വാദങ്ങളെ എതിര്‍ത്തിരുന്നു.
എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയായിരുന്നു പൊലീസ് ദിവ്യക്കെതിരെ കേസെടുത്തത്.
updating…
Content Highlight: P. P. Divya was remanded for two weeks