തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ചിന്ത ജെറോമിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എ കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി.
ചിന്തയെ ചൂല് മൂത്രത്തില്‍ മുക്കി അടിക്കണമെന്ന സുരേന്ദ്രന്റെ പരാമര്‍ശത്തില്‍, ചിന്തയെ അടിക്കാന്‍ സുരേന്ദ്രന്‍ ഇങ്ങോട്ട് വരട്ടെ, അപ്പോള്‍ കാണാമെന്ന് പി.കെ ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു. നിന്ദ്യവും മ്ലേച്ഛവുമായ ഭാഷയില്‍ ചിന്തയെ അധിക്ഷേപിച്ച കെ.സുരേന്ദ്രന്‍ മാപ്പ് പറയണമൈന്നും അവര്‍ ആവശ്യപ്പെട്ടു.
‘കെ. സുരേന്ദ്രന്റെ പ്രസ്താവന അധമ സംസ്‌കാരത്തിന്റെ ഭാഗമാണ്. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ അപമാനിക്കുന്ന ബി.ജെ.പി നേതാവിന്റെ നിലപാടിനെതിരെ കേരളീയ സമൂഹം ശക്തിയായി പ്രതിഷേധിക്കണം.
ഒരു പെണ്‍കുട്ടിയെക്കുറിച്ച് ഇത്രയും നിന്ദ്യവും അധിക്ഷേപകരവുമായ പ്രസ്താവന നടത്തിയ സുരേന്ദ്രന്‍ എത്ര തരംതാണ ചെളിക്കുണ്ടിലാണ് പതിച്ചിരിക്കുന്നതെന്ന് സ്വയം തെളിയിച്ചിരിക്കുകയാണ്.
സുരേന്ദ്രന്റെ അഭിപ്രായം ബി.ജെ.പി നിലപാട് ആണോയെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് അറിയാന്‍ താല്‍പര്യമുണ്ട്. ഇതിനെതിരെ കേരളീയ സ്ത്രീ സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കണം,’ പി.കെ ശ്രീമതി പറഞ്ഞു.
പഴയ മാടമ്പി സംസ്‌കാരത്തിന്റെ ബാക്കിപത്രമാണ് സുരേന്ദ്രന്റെ പ്രതികരണത്തിലൂടെ വെളിവായതെന്ന് സി.പി.ഐ.എം നേതാവ് കെ.കെ. ശൈലജയും പ്രതികരിച്ചു.
‘ഒരു പെണ്‍കുട്ടിയെ കുറിച്ച് ഇത്തരം നീചമായ പദപ്രയോഗങ്ങളിലൂടെ അധിക്ഷേപം നടത്തുന്നത് അത്തരം സംസ്‌കാരത്തിന്റെ ഉടമകളാണ്.
ചിന്താ ജെറോമിനെതിരെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി തുടര്‍ച്ചയായ ആക്രമണങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഇത്രയും തരംതാണ പദപ്രയോഗം നടത്തിയ കെ. സുരേന്ദ്രനെതിരെ കേരളത്തിന്റെ പൊതു സമൂഹം ശക്തമായി പ്രതികരിക്കേണ്ടതുണ്ട്,’ കെ.കെ. ശൈലജ പറഞ്ഞു.
കോഴിക്കോട് കളക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചില്‍ സംസാരിക്കവെയാണ് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെ സുരേന്ദ്രന്‍ അധിക്ഷേപിച്ചത്. ചിന്തയെ ചൂല് മൂത്രത്തില്‍ മുക്കി അടിക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഇതിനെ സുരേന്ദ്രന്‍ ന്യായീകരിക്കുകയും ചെയ്തിരുന്നു. ഈ പരാമര്‍ശം മോശമല്ലെന്നും ചിന്ത ചെയ്യുന്നതാണ് അണ്‍പാര്‍ലമെന്ററിയെന്നും കലക്ടറേറ്റ് മാര്‍ച്ചിലെ പ്രസംഗത്തിന് ശേഷം സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.