കോഴിക്കോട്: കൊല്ലം കടക്കലില്‍ മര്‍ദിച്ച ശേഷം നിരോധിത സംഘടനയായ പി.എഫ്.ഐ എന്ന് ശരീരത്തില്‍ എഴുതിയെന്ന സൈനികന്റെ പരാതി വ്യാജമാണെന്ന് തെളിഞ്ഞത് ലഘൂകരിക്കന്‍ കഴിയുന്ന സംഭവമല്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്.
ഈ വാര്‍ത്ത ബോധപൂര്‍വം സമൂഹത്തില്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെയും വ്യക്തികള്‍ക്കെതിരെയും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ഫിറോസ് ആവശ്യപ്പെട്ടു. സത്യമറിഞ്ഞതിന് ശേഷം ഒരു തിരുത്ത് പോലും കൊടുക്കാത്തവരുണ്ടെന്നും ഇവര്‍ക്കെതിരെ നടപടി അവശ്യപ്പെട്ട് യൂത്ത് ലീഗ് ഡി.ജി.പിക്ക് പരാതി നല്‍കുന്നുണ്ടെന്നും പി.കെ. ഫിറോസ് അറിയിച്ചു.
പി.കെ. ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കൊല്ലത്ത് സൈനികനെ അക്രമിച്ച് പുറത്ത് പി.എഫ്.ഐ എന്ന് ചാപ്പ കുത്തിയെന്ന പ്രചരണം പച്ചക്കള്ളമായിരുന്നു എന്ന് ഇതിനോടകം തെളിഞ്ഞു. ഇങ്ങിനെയൊരു സംഭവം ആസൂത്രണം ചെയ്ത സൈനികന്‍ ഷൈന്‍ കുമാറിനെയും സുഹൃത്ത് ജോഷിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നല്ലത്.
പക്ഷേ അങ്ങിനെ മാത്രം അവസാനിപ്പിക്കേണ്ട ഒന്നാണോ ഈ സംഭവം.
മാധ്യമങ്ങള്‍ കൊടുക്കുന്ന വാര്‍ത്തകള്‍ പലപ്പോഴും വസ്തുതാ വിരുദ്ധമാകാറുണ്ട്. വാര്‍ത്തകളുണ്ടാക്കുന്ന ഡാമേജ് ഇല്ലാതാക്കാന്‍ കഴിയില്ലെങ്കിലും ഒരു തിരുത്തോ ക്ഷമാപണമോ കൊടുത്ത് മാധ്യമങ്ങള്‍ അതവസാനിപ്പിക്കാറാണ് പതിവ്. എന്നാല്‍ കടക്കല്‍ സംഭവം അങ്ങിനെ ലഘൂകരിക്കാന്‍ കഴിയുന്ന ഒന്നല്ല.