മലപ്പുറം: ഗവര്‍ണര്‍ പദവിയുടെ അന്തസ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുമെന്ന ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനക്കെതിരെ മുസ്‌ലിം ലീഗ് നേതാവ് പി.കെ. അബ്ദുറബ്ബ്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിലെ മന്ത്രിമാരുടെ പദവി റദ്ദാക്കാന്‍ ഗവര്‍ണര്‍ക്ക് എന്താണധികാരമാണെന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്ഭവനില്‍ ആളുണ്ടെന്ന് അറിയിക്കാന്‍ ഇടക്കിടെ ഒച്ചപ്പാടുകളും, ബഹളങ്ങളും ഉണ്ടാക്കുകയാണ് ഗവര്‍ണര്‍.
മന്ത്രിമാരെ നിശ്ചയിക്കുന്നത് അതാത് പാര്‍ട്ടികളും, മുന്നണികളുമല്ലേ. അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രി ഭരണഘടനയെ തന്നെ കുറ്റപ്പെടുത്തി പ്രസംഗിച്ചപ്പോള്‍ പോലും ആ മന്ത്രിയെ രാജിവെപ്പിക്കാന്‍ ഗവര്‍ണറല്ല, ഈ നാട്ടിലെ പ്രതിപക്ഷമാണ് നിയമസഭയിലടക്കം മുന്നിട്ടിറങ്ങി ഭരണഘടനയുടെ
കാവല്‍ക്കാരായതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടികള്‍ മുന്‍കാലങ്ങളിലും ഗവര്‍ണര്‍ പദവികളില്‍ രാഷ്ട്രീയ നിയമനങ്ങള്‍
നടത്തിയിട്ടുണ്ടെങ്കിലും, ഉള്ളതു പറയാമല്ലോ, ഒരു ഗവര്‍ണറും ഇത്ര തരം താണിട്ടില്ല. ഗവര്‍ണര്‍ പദവിയുടെ അന്തസത്ത ഇങ്ങനെയാരും കളഞ്ഞു കുളിച്ചിട്ടുമില്ല. നിയമസഭ പാസാക്കിയ പല ബില്ലുകളിലും
മറ്റും ഒപ്പിടില്ലെന്ന് ആദ്യം ഗുസ്തി പിടിക്കുക, ആ ബില്ലുകള്‍ അതേ പോലെ മടക്കിയയക്കുക, ദിവസങ്ങള്‍ക്കും, വിവാദങ്ങള്‍ക്കും ശേഷം അതേ ബില്ലുകളില്‍ ഒപ്പിടുക.
മാധ്യമശ്രദ്ധ നേടാന്‍ ഇടയ്ക്കിടെ പ്രസ് മീറ്റിങ് നടത്തുക, രാജ്ഭവനെ ഇങ്ങനെ ലൈവ് സ്ട്രീമില്‍
നിര്‍ത്താനാണ് ഗവര്‍ണറുടെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.