സി.പി.ഐ.എം പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് നസീര്‍ മൊഴി നല്‍കിയിട്ടില്ല; സന്ദര്‍ശനശേഷം പി.ജയരാജന്‍
D' Election 2019
സി.പി.ഐ.എം പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് നസീര്‍ മൊഴി നല്‍കിയിട്ടില്ല; സന്ദര്‍ശനശേഷം പി.ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th May 2019, 1:39 pm

കോഴിക്കോട്: വടകര ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.ഒ.ടി നസീസിറെ അക്രമിച്ച സംഭവത്തില്‍ സി.പി.ഐ.എമ്മിന് യായൊരു പങ്കുമില്ലെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ജയരാജന്‍. സംഭവത്തില്‍ തനിക്കെതിരെയും പാര്‍ട്ടിക്കെതിരെയും ഒട്ടേറെ അപവാദ പ്രചരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും പി.ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.സി.ഒ.ടി നസീറിനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു ജയരാജന്‍.

‘സി.ഒ.ടി നസീസിറെ ആക്രമിച്ച സംഭവത്തില്‍ സി.പി.ഐ.എമ്മിന് യായൊരു പങ്കുമില്ല. പലതരം നുണകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തെ മുന്‍പ് സി.പി.ഐ.എം പുറത്താക്കിയതാണ് എന്നാണ് ഒരു പ്രചരണം. യഥാര്‍ത്ഥത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലറായിരുന്ന അദ്ദേഹം സി.പി.ഐ.എമ്മിന്റെ പാര്‍ട്ടി അംഗവുമായിരുന്നു. മെമ്പര്‍ഷിപ്പ് പുതുക്കുന്ന ഘട്ടത്തില്‍ ഓരോ പാര്‍ട്ടി മെമ്പറും പ്രതിനിധീകരിക്കേണ്ട സാമൂഹിക വിഭാഗങ്ങളെ പറ്റി ചോദിക്കും.മതനിരപേക്ഷത അംഗീകരിക്കുന്ന പാര്‍ട്ടി ഇത്തരത്തില്‍ ചോദിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ് അദ്ദേഹം പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കാതിരിക്കുകയാണ് ചെയ്തത്. അദ്ദേഹവും പാര്‍ട്ടിയും തമ്മില്‍ മറ്റ് അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല.’ പി.ജയരാജന്‍ പറഞ്ഞു

കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ളവര്‍ പറയുന്നത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പങ്ക് പരിശോധിക്കണമെന്നാണ്.നസീര്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് മൊഴി കൊടുത്തിട്ടില്ലെന്നും പി .ജയരാജന്‍ പറഞ്ഞു. പാര്‍ട്ടി ഈ അക്രമത്തെ അംഗീകരിക്കുന്നില്ലെന്നും പ്രതികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും പി.ജയരാജന്‍ പറഞ്ഞു.

സി.ഒ.ടി നസീറിനെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ പൊലീസ് വധ ശ്രമത്തിന് കേസെടുത്തിരുന്നു.
ഇന്നലെ രാത്രിയാണ് പൊലീസ് നസീറിന്റെ മൊഴി എടുത്തത്. സംഭവ സ്ഥലത്തെ സി.സി.ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. തലശ്ശേരിയില്‍ വച്ചാണ് നസീറിന് വെട്ടേറ്റത്.

നേരത്തേയും സി.ഒ .ടി നസീറിന് നേരെ അക്രമം നടന്നിട്ടുണ്ട്. മുന്‍പ് വടകര മേപ്പയൂരില്‍ വച്ചാണ് ആക്രമണം നടന്നത്.സംഭവത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്ന് സി.ഒ.ടി നസീര്‍ അന്ന് പറഞ്ഞിരുന്നു.

മുന്‍ സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ തലശ്ശരി നഗരസഭാംഗവുമായിരുന്നു സി.ഒ.ടി നസീര്‍. മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതികൂടിയാണ് സി. ഒ. ടി നസീര്‍.