ഇ.എം.എസിനെ തോല്‍പ്പിക്കാന്‍ ജനസംഘവുമായി കൂട്ടുകൂടിയത് കോണ്‍ഗ്രസ്; വി.ഡി. സതീശന് മറുപടിയുമായി പി. ജയരാജന്‍
Kerala News
ഇ.എം.എസിനെ തോല്‍പ്പിക്കാന്‍ ജനസംഘവുമായി കൂട്ടുകൂടിയത് കോണ്‍ഗ്രസ്; വി.ഡി. സതീശന് മറുപടിയുമായി പി. ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th July 2022, 7:15 pm

തിരുവനന്തപുരം: ആര്‍.എസ്.എസ് പിന്തുണയോടുകൂടി ജയിച്ച് 1977ല്‍ നിയമസഭയില്‍ വന്നയാളാണ് പിണറായി വിജയനെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സി.പി.ഐ.എം നേതാവ് പി. ജയരാജന്‍. 1977ലെ തെരഞ്ഞെടുപ്പ് കാലത്ത് ജനസംഘം എന്ന രാഷ്ട്രീയ പാര്‍ട്ടി നിലവിലുണ്ടായിരുന്നില്ലെന്നും അതിനാല്‍ തന്നെ സി.പി.ഐ.എം ജനസംഘവുമായി കൂട്ടുകൂടി എന്ന വാദത്തിന് അര്‍ത്ഥമേയില്ലെന്നും ജയരാജന്‍ പറഞ്ഞു.

കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ നടത്തുന്ന നുണപ്രചരണമാണ്. അതേസമയം, ജനസംഘമുണ്ടായിരുന്ന കാലത്ത് ജനസംഘവുമായി കൂട്ടുകൂടിയത് കോണ്‍ഗ്രസാണ്. 1957ലെ പ്രഥമ കേരള തെരഞ്ഞെടുപ്പില്‍ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് അധികാരത്തില്‍ വന്നത്. ആ സര്‍ക്കാരിനെ ജനാധിപത്യ വിരുദ്ധമായി തകര്‍ത്തത് കോണ്‍ഗ്രസാണ്.

തുടര്‍ന്ന് 1960ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പട്ടാമ്പി അസംബ്ലി മണ്ഡലത്തില്‍ മത്സരിച്ച ഇ.എം.എസിനെ തോല്‍പ്പിക്കാന്‍ ജനസംഘവുമായി കൂട്ടുകൂടിയത് കോണ്‍ഗ്രസാണ്. പക്ഷെ ഈ കൂട്ടുകെട്ടിനെ തോല്‍പിച്ച് ഇ.എം.എസ്. ജയിക്കുക തന്നെ ചെയ്തു. ഈ ചരിത്ര യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്ന ഒരു പത്രവാര്‍ത്തയാണ് ഇതോടൊപ്പമുള്ളത്. ‘മാതൃഭൂമി’ 1960 ജനുവരി 8ന്റെ തീയ്യതിവെച്ച് നല്‍കിയ റിപ്പോര്‍ട്ടാണിതില്‍. ഈ മണ്ഡലത്തിലെ ജനസംഘം സ്ഥാനാര്‍ത്ഥി പി. മാധവമേനോന്‍ കോണ്‍ഗ്രസിന് വേണ്ടി തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചു. കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിക്കെതിരെ ഒരു സ്ഥാനാര്‍ത്ഥി മതി എന്നാണ് അന്നത്തെ ജനസംഘം നേതാക്കള്‍ വ്യക്തമാക്കിയത്. പ്രസ്താവനയുടെ പൂര്‍ണ രൂപം പത്രം പ്രസിദ്ധീകരിച്ചുവെന്നും ജയരാജന്‍ പറഞ്ഞു.

‘കോണ്‍ഗ്രസ് ആര്‍.എസ്.എസ് കൂട്ടുകെട്ടിന്റെ കേരള ചരിത്രം പിന്നെയും തുടര്‍ന്നു. 1960ല്‍ മാധവമേനോന്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച് കോണ്‍ഗ്രസിന് പിന്തുണ നല്‍കിയെങ്കില്‍ 1991ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസിന്റെ നോമിനി ഡോ. മാധവന്‍ കുട്ടിയെ കോണ്‍ഗ്രസും ലീഗും പിന്‍താങ്ങുകയായിരുന്നു. എന്നിട്ടും കോ-ലീ-ബി സഖ്യ സ്ഥാനാര്‍ത്ഥി ദയനീയമായി തോറ്റു. ഇപ്പോള്‍ കേരളത്തില്‍ അധികാരത്തിലുള്ള പിണറായി സര്‍ക്കാരിനെതിരെ അത്തരമൊരു കൂട്ടുകെട്ട് രൂപപ്പെട്ടിരിക്കയാണ്. ആര്‍.എസ്.എസിനോടുള്ള കോണ്‍ഗ്രസിന്റെ മൃദുത്വ നിലപാടാണ് ഇപ്പോള്‍ വെളിപ്പെട്ടത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആര്‍.എസ്.എസിന്റെ പിന്തുണ തേടി കാര്യാലയത്തില്‍ കയറിയത് ഇപ്പോള്‍ നേതാക്കള്‍ തന്നെ വിളിച്ചുപറയാന്‍ തുടങ്ങി. ഇതില്‍ യാതൊരു അതിശയവുമില്ല. ഇടതുപക്ഷത്തെ എതിര്‍ക്കാന്‍ ആര്‍.എസ്.എസിനെയും ജമാഅത്തെ ഇസ്‌ലാമിയേയും മാറി മാറി കൂട്ടുപിടിക്കാന്‍ ഉളുപ്പും നാണവുമില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു. അന്നത്തെ മാതൃഭൂമി പത്രം തെളിവായി നല്‍കുന്നു,’ പി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.