എന്തുകൊണ്ട് ഷാഫി പറമ്പിൽ അടിയന്തര പ്രമേയം പ്രസ്സ് ചെയ്തില്ല? വിശദീകരണവുമായി പി.സി. വിഷ്ണുനാഥ്‌
Kerala News
എന്തുകൊണ്ട് ഷാഫി പറമ്പിൽ അടിയന്തര പ്രമേയം പ്രസ്സ് ചെയ്തില്ല? വിശദീകരണവുമായി പി.സി. വിഷ്ണുനാഥ്‌
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th September 2023, 8:58 am

തിരുവനന്തപുരം: ഷാഫി പറമ്പിൽ അടിയന്തര പ്രമേയം പ്രസ്സ് ചെയ്യാത്തതിൽ വിശദീകരണവുമായി പി.സി. വിഷ്ണുനാഥ്‌ എം.എൽ.എ.
സഭ നിർത്തിവെക്കുന്നതിൽ പ്രസ്സ് ചെയ്യുന്നുണ്ടോ എന്ന സ്പീക്കറുടെ ചോദ്യത്തിനാണ് ഷാഫി പറമ്പിൽ ഇല്ലാ എന്ന് പറഞ്ഞതെന്നും സോളാർ കേസ് ഗൂഢാലോചന വിഷയത്തിൽ പറഞ്ഞ കാര്യങ്ങൾ പ്രസ്സ് ചെയ്യുന്നുണ്ടോ എന്നല്ല ചോദ്യമെന്നും പി.സി. വിഷ്ണുനാഥ്‌ വിശദീകരിച്ചു.

സഭയിൽ ഒരുമണി വരെ നടന്നുവന്ന ഉപധനാഭ്യർത്ഥന ചർച്ച തുടരുവാൻ വേണ്ടിയാണ് സഭ നിർത്തിവെക്കുന്നതിൽ പ്രസ്സ് ചെയ്യുന്നില്ല എന്ന് ഷാഫി പറഞ്ഞത് എന്നും വിഷ്ണുനാഥ്‌ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത വിഡിയോയിൽ പറയുന്നു. നിയമസഭാ സാമാജികർ പോലും ഷാഫിയെ സോഷ്യൽ മീഡിയയിൽ പരിഹസിക്കുന്നത് ശ്രദ്ധയിൽപെട്ടത് കൊണ്ടാണ് താൻ വിശദീകരണം നൽകുന്നത് എന്നും അദ്ദേഹം പറഞ്ഞു.

വിഷ്ണുപ്രസാദിന്റെ വിശദീകരണത്തിന്റെ പൂർണരൂപം-

ഷാഫി പറമ്പിൽ നിയമസഭയിൽ അടിയന്തര പ്രമേയം പ്രസ്സ് ചെയ്യാതിരുന്നത് എന്തുകൊണ്ട്?

അടിയന്തര പ്രമേയം കഴിഞ്ഞ ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ ഈ ചർച്ച വ്യാപകമായി നടക്കുകയാണ്. അദ്ദേഹത്തെ ഇടതുപക്ഷ സൈബർ അനുകൂലികൾ ട്രോളുന്നുണ്ട്. ചില ആളുകൾ സംശയം ചോദിച്ച് എന്നെയും വിളിച്ചിരുന്നു. എന്നാൽ ഭരണപക്ഷത്തുള്ള ചില നിയമസഭാ സാമാജികർ തന്നെ ഷാഫിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ഫേസ്ബുക് പോസ്റ്റ്‌ ഇട്ടത് കണ്ടതുകൊണ്ടാണ് ഒരു വിശദീകരണം ആവശ്യമാണെന്ന് എനിക്ക് തോന്നിയതും ഇപ്പോൾ അതിന് തയ്യാറാക്കുന്നതും.

ആദ്യം മനസ്സിലാക്കേണ്ടത്, ഷാഫിയുടേത് ഒരു അടിയന്തര പ്രമേയമാണ്. അടിയന്തര പ്രമേയം നിയമസഭയിലെ റൂൾസ് ഓഫ് പ്രൊസീജ്യറിലെ റൂൾ 50 പ്രകാരമാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് കൊടുക്കുന്നത്. ആ നോട്ടീസ് എന്റെ കൈയിലുണ്ട്. ഞാൻ വായിക്കാം.
“സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഉന്നതതല ഗൂഢാലോചന നടന്നു എന്ന കോടതി അംഗീകരിച്ച സി.ബി.ഐ അന്വേഷണ റിപ്പോർട്ടിലെ ഗുരുതരമായ കണ്ടെത്തൽ സഭ നിർത്തിവച്ച് ചർച്ച ചെയ്യണം.

പ്രതിപക്ഷത്തിന്റെ ആവശ്യം സഭ നിർത്തിവച്ച് ചർച്ച ചെയ്യണം എന്നതാണ്. സാധാരണ റൂൾ 50 പ്രകാരം അടിയന്തര പ്രമേയം കൊടുക്കുമ്പോൾ നോട്ടീസ് കൊടുത്തയാൾക്ക് സംസാരിക്കാൻ സ്പീക്കർ അനുവാദം കൊടുക്കും. അതിന് ശേഷം ബന്ധപ്പെട്ട മന്ത്രി, മുഖ്യമന്ത്രി എന്നിവർ മറുപടി പറയും. മറുപടിയിൽ തന്നെ സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ടതില്ല എന്ന് പറഞ്ഞ് നിരാകരിക്കും. അപ്പോൾ പ്രതിപക്ഷ നേതാവ് വാകൗട്ട് പ്രസംഗം നടത്തും. പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങും. ഇതാണ് പലപ്പോഴും കാണുന്നത്.

എന്നാൽ അപൂർവം സമയങ്ങളിൽ സർക്കാർ നമ്മുടെ ഡിമാൻഡ്, മറ്റു വിഷയങ്ങളെ നിർത്തി വച്ച് ചർച്ച ചെയ്യണം എന്ന ആവശ്യത്തെ അംഗീകരിക്കും. നിയമസഭയിലെ ഒരു ദിവസത്തെ ബിസിനസിന്റെ പുറത്താണ് റൂൾ 50 വരുന്നത്.

അന്ന് രാവിലെയാണ് നോട്ടീസ് സ്പീക്കർക്ക് നമ്മൾ കൊടുക്കുന്നത്. അപ്പോൾ ലിസ്റ്റിൽ ഇല്ലാത്ത ഒരു ബിസിനസ് ഗവണ്മെന്റ് അംഗീകരിക്കുകയാണ്. അടുത്തത് നിങ്ങൾ കാണേണ്ടത്, നിയമസഭാ നിർവ്വഹണം സംബന്ധിച്ച നടപടി ക്രമങ്ങളുടെയും ചട്ടങ്ങളുടെയും അകത്ത് റൂൾ 55.. റൂൾ 55 പ്രകാരമാണ് ഈ പ്രമേയം പരിഗണയ്ക്ക് എടുക്കേണ്ട സമയം ഉള്ളത്. ഒരു മണിക്കൂറോ അല്ലെങ്കിൽ സ്പീക്കർ തീരുമാനിക്കുന്ന സമയം. ഒരു മണി വരെ നടക്കേണ്ട സഭ ഈ നോട്ടീസ് കൊടുത്ത അംഗം പ്രമേയം അവതരിപ്പിച്ച് അത് നിർത്തി വെക്കുന്നു. തുടർന്ന് അടിയന്തര പ്രമേയം ചർച്ചക്ക് എടുക്കുന്നു. അപ്പോൾ ഇന്ന് ഉപധനാഭ്യർത്ഥനകൾക്ക് മേലുള്ള ചർച്ചയായിരുന്നു.

ചർച്ചയിൽ പങ്കെടുക്കേണ്ടിയിരുന്നത് ഞാനും മാത്യു കുഴൽനാടനും റോജി എം. ജോണുമായിരുന്നു. അതിൽ ഞാനും മാത്യു കുഴൽനാടനും സംസാരിച്ചു. ഞാൻ എഴുതിക്കൊടുത്ത ഒരു അഴിമതി ആരോപണം ഉന്നയിച്ചു. അത് എ.ഐ ക്യാമറയിലെ അഴിമതി ആയിരുന്നു.
മാത്യു കുഴൽനാടൻ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഒരു വിധിയെ സംബന്ധിച്ച മാസപ്പടി അഴിമതി സഭയിൽ അവതരിപ്പിച്ചു. മൂന്നാമത് പ്രസംഗിക്കേണ്ടത് റോജി എം. ജോൺ ആണ്. അദ്ദേഹവും ഒരു അഴിമതി ആരോപണം എഴുതിക്കൊടുത്തിരുന്നു സ്പീക്കർക്ക്. അത് കെ-ഫോണിലെ അഴിമതിയാണ്. പക്ഷേ റോജി എം. ജോണിന്റെ പ്രസംഗം ആകുന്നതിന് മുമ്പ് ഒരുമണി ആയി.

അപ്പോൾ ഷാഫി പറമ്പിലിന്റെ നോട്ടീസ് ഡിസ്‌കസ് ചെയ്യാൻ വേണ്ടി സഭ നിർത്തിവെച്ചു. അദ്ദേഹം ആദ്യം സംസാരിച്ചു, പിന്നീട് രണ്ട്, മൂന്ന്, നാല് എന്ന നിലയിൽ പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും അംഗങ്ങൾ സംസാരിച്ചു. മുഖ്യമന്ത്രി അതിന് മറുപടി പറഞ്ഞു.

അതിന് ശേഷം സ്പീക്കർ ചോദിക്കുന്നത് സഭ നിർത്തിവെക്കണം എന്ന പ്രമേയം പ്രസ് ചെയ്യുന്നുണ്ടോ എന്നാണ്. പലരും വിചാരിച്ചിരിക്കുന്നത് ഈ അവതരിപ്പിച്ച പ്രമേയം സംബന്ധിച്ച് ഷാഫി പറഞ്ഞ കാര്യം പ്രസ്സ് ചെയ്യുന്നുണ്ടോ എന്നാണ്. എന്നാൽ അതല്ല, സഭ നിർത്തി വെക്കണം എന്ന കാര്യം പ്രസ്സ് ചെയ്യുന്നുണ്ടോ എന്നാണ് സ്പീക്കർ ചോദിക്കുന്നത്. അപ്പോൾ ഇല്ലാ എന്ന് പറഞ്ഞു. കാരണം, അതിന് ശേഷം ഉപധനാഭ്യർത്ഥനയുടെ ചർച്ച നമുക്ക് മുന്നോട്ട് കൊണ്ട് പോകണം. റോജി എം. ജോൺ സംസാരിച്ചിട്ടില്ല. അഴിമതി ആരോപണം എഴുതിക്കൊടുത്തിരിക്കുകയാണ്. സഭ വീണ്ടും തുടരണം ഞങ്ങൾക്ക്. സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണം എന്ന ഞങ്ങളുടെ ഡിമാൻഡ് ഗവണ്മെന്റ് അംഗീകരിച്ചു. ഇനി നിർത്തിവച്ച ഉപധനാഭ്യർത്ഥന തുടരുകയും സംസാരിക്കുകയും വേണം. അതുകൊണ്ട് പ്രസ്സ് ചെയ്യേണ്ടതില്ല. പ്രസ്സ് ചെയ്താൽ ഇന്ന് സഭ അവിടെ വച്ച് തീരുകയാണ്. ഇതാണ് നടപടിക്രമം.

ഒരുപക്ഷേ, നിയമസഭാ സാമാജികർ അല്ലാത്തവർക്ക് ഇത് അറിയില്ലായിരിക്കാം. സാമാജികർ പോലും ഷാഫി പറമ്പിലിനെ പരിഹസിച്ചുകൊണ്ട് ട്രോളുകളും ഫേസ്ബുക് പോസ്റ്റുകളും ഒക്കെ ഇട്ട സാഹചര്യത്തിലാണ് ഈ വിശദീകരണം നൽകുന്നത്.

Content Highlight: P.C. Vishnunadh giving explanation for Shafi Parambil not pressing Adjournment motion