ആ സീന്‍ ചെയ്യാന്‍ പെട്ട പാട് എനിക്ക് മാത്രമേ അറിയൂ: ആദ്യമായിട്ട് അഭിനയിച്ചതിന്റെ ഓര്‍മകള്‍ പങ്കുവെച്ച് ഔസേപ്പച്ചന്‍
Entertainment
ആ സീന്‍ ചെയ്യാന്‍ പെട്ട പാട് എനിക്ക് മാത്രമേ അറിയൂ: ആദ്യമായിട്ട് അഭിനയിച്ചതിന്റെ ഓര്‍മകള്‍ പങ്കുവെച്ച് ഔസേപ്പച്ചന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th January 2024, 6:27 pm

സംഗീസസംവിധായകന്‍ എന്ന നിലയില്‍ മലയാളികള്‍ക്ക് ഒട്ടേറെ നല്ല പാട്ടുകള്‍ സമ്മാനിച്ചയാളാണ് ഔസേപ്പച്ചന്‍. 1985ല്‍ കാതോട് കാതോരം എന്ന സിനിമയിലൂടെ ആരംഭിച്ച കരിയര്‍ 100ഓളം സിനിമകള്‍ക്ക് സംഗീതം നല്‍കി ഇപ്പോഴും തുടരുന്നു. 2021ല്‍ പുറത്തിറങ്ങിയ എല്ലാം ശെരിയാകും എന്ന സിനിമയിലൂടെ അഭിനയത്തിലും ഒരുകൈ നോക്കിയിരുന്നു. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായാണ് ഔസേപ്പച്ചന്‍ എത്തിയത്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആദ്യമായി അഭിനയിച്ചതിന്റെ ഓര്‍കള്‍ പങ്കുവെക്കുകയായിരുന്നു ഔസേപ്പച്ചന്‍.

ഒരുപാട് മെലഡികള്‍ സമ്മാനിച്ച ഒരു മ്യൂസിക് ഡയറക്ടര്‍ക്ക് എങ്ങനെ ക്രൂരനായ വില്ലനാവാന്‍ കഴിഞ്ഞു എന്ന ചോദ്യത്തിന് ഔസേപ്പച്ചന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘ഓരോന്ന് ചെയ്യുമ്പോഴും നമ്മുടെ മൂഡ് വ്യത്യസ്തമായിരിക്കും. ഇപ്പോള്‍ ഒരു പാട്ട് കമ്പോസ് ചെയ്യുമ്പോള്‍ ആ പാട്ടിന്റെ മൂഡ് എന്താണോ അതേ മൂഡ് തന്നെയായിരിക്കും നമുക്ക്. അങ്ങനെയാണ് ആ കഥാപാത്രമായത്.

സിനിമയില്‍ ഒരാളെ കഴുത്ത് ഞെരിച്ചു കൊല്ലുന്ന ഒരു രംഗമുണ്ട്. അത് ചെയ്തതിന്റെ പാട് എനിക്കേ അറിയൂ. തൊടുപുഴ പോലൊരു ഹില്‍സ്‌റ്റേഷനില്‍ പുലര്‍ച്ചെ നാല് മണി സമയത്തായിരുന്നു ഷൂട്ട്. അവിടെ അല്ലെങ്കില്‍ തന്നെ തണുപ്പാണ്. അതിന്റെ കൂടെ ചെളിയില്‍ കിടന്ന് ഉരുളുകയും ദേഹത്തേക്ക് വെള്ളമൊഴിക്കുകയും ചെയ്തു. ഞാന്‍ മൊത്തത്തില്‍ തണുത്ത് മരവിച്ച് ഇരിക്കുകയായിരുന്നു. അങ്ങനെയൊക്കെയാണ് ആ സീന്‍ ചെയ്തത്’ ഔസേപ്പച്ചന്‍ പറഞ്ഞു.

39 വര്‍ഷത്തെ സംഗീതജീവിതത്തില്‍ നിരവധി പുരസ്‌കാരങ്ങലും ഔസേപ്പച്ചന് ലഭിച്ചു. 1986ല്‍ ഉണ്ണികളേ ഒരു കഥ പറയാം എന്ന ചിത്രത്തിന് കേരള സംസ്ഥാന അവാര്‍ഡും 2007ല്‍ ഒരേ കടല്‍ ന്നെ ചിത്രത്തിലെ സംഗീതത്തിന് ദേശീയ, സംസ്ഥാന അവാര്‍ഡും 2014ല്‍ നടന്‍ എന്ന ചിത്രത്തിലെ വര്‍ക്കിന് മൂന്നാമത്തെ സംസ്ഥാന അവാര്‍ഡും ലഭിച്ചു.

Content Highlight: Ouseppachan shares his first acting experience