അരങ്ങേറ്റക്കാരന്റെ അഴിഞ്ഞാട്ടത്തില്‍ പിറന്നത് ഇടിവെട്ട് റെക്കോഡ്!
Sports News
അരങ്ങേറ്റക്കാരന്റെ അഴിഞ്ഞാട്ടത്തില്‍ പിറന്നത് ഇടിവെട്ട് റെക്കോഡ്!
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 4th June 2024, 8:54 am

ടി-20 ലോകകപ്പില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ശ്രീലങ്കക്ക് വമ്പന്‍ പരാജയം. സൗത്ത് ആഫ്രിക്കയോട് 6 വിക്കറ്റിനാണ് ലങ്ക പരാജയപ്പെട്ടത്. നസാവു കൗണ്ട് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 19.1 ഓവറില്‍ വെറും 77 റണ്‍സ് ആണ് ലങ്കക്ക് നേടാന്‍ സാധിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പ്രോട്ടിയാസ് 16.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് നേടി അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ ഇന്റര്‍നാഷണല്‍ ടി-20യില്‍ ശ്രീലങ്ക നേടുന്ന ഏറ്റവും താഴ്ന്ന സ്‌കോറായി മാറുകയാണിത്.

സൗത്ത് ആഫ്രിക്കയുടെ അന്റിച്ച് നോര്‍ക്യയുടെ ഇടിമിന്നല്‍ ബൗളിങ്ങില്‍ ആണ് ലങ്ക ചാരമാക്കിയത്. നാല് ഓവറില്‍ 7 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ ആണ് താരം സ്വന്തമാക്കിയത്. 1.75 എന്ന മികച്ച എക്കണോമിയിലാണ് താരം ശ്രീലങ്കയെ വിറപ്പിച്ചത്. താരത്തിന് പുറമേ ഒട്ടീനിയല്‍ ബര്‍ട്മാന്‍ ഒരു മെയ്ഡന്‍ അടക്കം വെറും ഒമ്പതു റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. 2.25 എന്ന തകര്‍പ്പന്‍ എക്കണോമിയിലാണ് താരം പന്ത് എറിഞ്ഞത്. ഇതിന് പുറകെ ഒരു തകര്‍പ്പന്‍ നേട്ടമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

ടി-20 ലോകകപ്പില്‍ നാല് ഓവര്‍ സ്‌പെല്ലില്‍ ഏറ്റവും കൂടുതല്‍ ഡോട് ബോള്‍ എറിയുന്ന താരം എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. ശ്രീലങ്കന്‍ താരം അജന്ത മെന്‍ഡിസിനൊപ്പമാണ് ഒട്ടീണിയല്‍ ഈ നേട്ടം സ്വന്തമാക്കിയത്.

ടി-20 ലോകകപ്പില്‍ നാല് ഓവര്‍ സ്‌പെല്ലില്‍ ഏറ്റവും കൂടുതല്‍ ഡോട് ബോള്‍ എറിയുന്ന താരം, ഡോട് ബോള്‍, എതിരാളി, വര്‍ഷം

അജന്ത മെന്‍ഡിസ് – 20 – സിംബാബ്‌വെ – 2012

ഒട്ടീനിയല്‍ ബാര്‍ട്മാന്‍ – 20 – ശ്രീലങ്ക – 2024

ഷെയ്ന്‍ ബോണ്ട് – 19 – കെനിയ – 2007

ഗ്രാമി സ്വാന്‍ – 19 – അഫ്ഗാനിസ്ഥാന്‍ – 2012

മത്സരത്തില്‍ കഗീസോ റബാദ 21 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളും സ്വന്തമാക്കി മികച്ച സ്‌പെല്‍ കാഴ്ചവെച്ചു. സ്പിന്നര്‍ കേശവ് മഹാരാജ് 22 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് കളും സ്വന്തമാക്കി. പൂര്‍ണ്ണമായും ബൗളിങ്ങിന് തുണയാകുന്ന പിച്ചായിരുന്നു നസാവുവിലേത്.

എന്നാല്‍ ലങ്കക്ക് തുടക്കത്തില്‍ വമ്പന്‍ ബാറ്റിങ് തകര്‍ച്ചയാണ് നേരിടേണ്ടിവന്നത്. ശ്രീലങ്കയ്ക്ക് വേണ്ടി 19 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസാണ് ടോപ് സ്‌കോറര്‍. ആഞ്ചലോ മാത്യൂസ് 16 റണ്‍സും കമിന്തു മെന്‍ഡിസ് 11 റണ്‍സും നേടി. മൂന്നുപേരുടെയും വിക്കറ്റ് അന്റിച്ച് നോര്‍ക്യയാണ് നേടിയത്. മൂവര്‍ക്കും പുറമേ 6 റണ്‍സ് നേടിയ ചരിത് അസലങ്കയുടെ വിക്കറ്റും താരമാണ് സ്വന്തമാക്കിയത്. മറ്റുള്ളവര്‍ക്ക് ആര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല ലങ്കയുടെ നാലുപേരാണ് 0 റണ്‍സിന് പുറത്തായത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയത് ക്വിന്റണ്‍ ഡികോക്ക് ആണ് 20 റണ്‍സ് ആണ് താരം നേടിയത് വിക്കറ്റ് കീപ്പര്‍ ഹെന്റിച് ക്ലാസ്സന്‍ പുറത്താക്കാതെ 19 റണ്‍സും ട്രിസ്റ്റന്‍ സ്റ്റബ്‌സ് 13 റണ്‍സും നേടി.

ശ്രീലങ്കയ്ക്ക് വേണ്ടി നുവാന്‍ തുഷാരയും ദാസന്‍ ഷനഗയും ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ക്യാപ്റ്റന്‍ വനിന്തു ഹസരംഗ രണ്ടു വിക്കറ്റുകളും സ്വന്തമാക്കി.

 

 

Content Highlight: ottniel baartman In Record Achievement in 2024 t20 world Cup