ന്യൂദല്‍ഹി: ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും ഓണ്‍ലൈന്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കുമുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാരിന്റെ നിയമമനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും സ്വയം നിയന്ത്രണ ബോര്‍ഡുകള്‍ പോലുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു.
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറും നിയമന്ത്രി രവി ശങ്കര്‍ പ്രസാദും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ അവതരിപ്പിച്ചത്.
ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് ത്രിതല നിയന്ത്രണ സംവിധാനമുണ്ടാകുമെന്നാണ് അറിയിച്ചിട്ടുള്ളത്. 13+ 16+ 18+ എന്നിങ്ങനെ കണ്ടന്റിനെ വേര്‍തിരിക്കണമെന്ന് കേന്ദ്രം അറിയിച്ചു. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും ഡിജിറ്റല്‍ മീഡിയയും അവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു. നിര്‍ബന്ധിത രജിസ്‌ട്രേഷനല്ല, വിവരങ്ങള്‍ അന്വേഷിക്കുക മാത്രമാണെന്നാണ് സര്‍ക്കാരിന്റെ വാദം.
പരാതികള്‍ പരിഹരിക്കുന്നതിനുള്ള പ്രത്യേക സെല്ലുകള്‍ ഒ.ടി.ടിയിലുണ്ടാകണം. പെട്ടെന്ന് നടപടി ആവശ്യമുള്ള പരാതികളില്‍ ഇടപെടാനായി സര്‍ക്കാര്‍ തലത്തില്‍ മേല്‍നോട്ടമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
നിയമവിരുദ്ധമായ ഉള്ളടക്കത്തിനെതിരെ പരാതി വന്നാല്‍ 72 മണിക്കൂറിനകം അവ നീക്കം ചെയ്യണമെന്നും ലൈംഗികാധിക്ഷേപം സംബന്ധിച്ച പരാതിയാണെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്നും മന്ത്രിമാര്‍ അറിയിച്ചു.
ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ വിരമിച്ച ജഡ്ജിമാരോ അത്തരത്തിലുള്ള പ്രമുഖ വ്യക്തികളോ നേതൃത്വം നല്‍കുന്ന സെല്‍ഫ്-റെഗുലേറ്റിംഗ് ബോഡി ഉണ്ടാകുമെന്നും കേന്ദ്രം അറിയിച്ചു.
ടെലിവിഷനിലേതു പോലെ സ്വയം നിയന്ത്രണത്തിനുള്ള സംവിധാനം കൊണ്ടുവരാന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളോട് പല തവണ ആവശ്യപ്പെട്ടിട്ടും നടപ്പാക്കാതെ വന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നതെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പില്‍ വരുത്തുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക