പാട്രിയാര്‍ക്കിക്കെതിരെ മലയാളം കടന്നുള്ള ചവിട്ടുകള്‍
Entertainment news
പാട്രിയാര്‍ക്കിക്കെതിരെ മലയാളം കടന്നുള്ള ചവിട്ടുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 30th December 2022, 4:51 pm

ഒരു പെണ്‍കുട്ടി തന്റെ കുടുംബത്തിലും സമൂഹത്തിലും നേരിടുന്ന വെല്ലുവിളികളും അരക്ഷിതാവസ്ഥയും വരച്ചിടുന്ന ചിത്രമാണ് ജയ ജയ… ഹേ. തമാശയിലൂടെയും ആക്ഷേപഹാസ്യത്തിലൂടെയും കഥ പറയുന്ന ചിത്രം പ്രേക്ഷകനെ ചിരിയിലൂടെ ചിന്തിപ്പിക്കുന്നുണ്ട്.

വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തിന് സിനിമാപ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. തിയേറ്ററില്‍ നിന്നും ഒ.ടി.ടിയില്‍ എത്തിയിട്ടും ജയ ഹേ ചര്‍ച്ചകള്‍ക്ക് വിരാമമായിട്ടുമില്ല.

സ്ത്രീകള്‍ അനുഭവിക്കുന്ന ഗാര്‍ഹികപീഡനങ്ങളും അതില്‍ നിന്നുമുള്ള അവരുടെ അതിജീവനത്തെക്കുറിച്ചുമെല്ലാം ഇതിനുമുമ്പും പല സിനിമകളിലും ചര്‍ച്ച ചെയ്തിട്ടുണ്ട്. വിവിധ ഭാഷകളില്‍ ഇറങ്ങിയ അത്തരം ചിത്രങ്ങള്‍ നോക്കാം.

മൈക്കിള്‍ ആപ്റ്റഡ് ഡയറക്ട് ചെയ്ത് 2002ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ചിത്രമാണ് ഇനഫ് (Enough). 1998ല്‍ പുറത്തിറങ്ങിയ ബ്ലാക്ക് ആന്‍ഡ് ബ്ലൂ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചത്.

വര്‍ഷങ്ങള്‍ പഴക്കമുള്ളൊരു വിവാഹജീവിതത്തില്‍ തനിക്ക് ലഭിക്കുന്നത് സ്‌നേഹമാണെന്ന് സ്വയം വിശ്വസിച്ചു ജീവിക്കുന്ന ഒരു സ്ത്രീയുടെ ജീവിതമാണ് ചിത്രത്തില്‍ കാണിക്കുന്നത്. എന്നാല്‍ ചിത്രം അവസാനിക്കുമ്പോള്‍ ഫൈനാന്‍ഷ്യലി ഇന്‍ഡിപെന്‍ഡന്റ് അല്ലാത്ത തികച്ചും സാധാരണക്കാരിയായൊരു സ്ത്രീയില്‍ നിന്നും അവരൊരുപാട് മുന്നോട്ട് പോവുന്നത് കാണാന്‍ സാധിക്കും.

മറ്റൊരു ചിത്രമാണ് ഥപ്പഡ്. 2020ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ തപ്‌സിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഭര്‍ത്താവിന്റെ എല്ലാ കാര്യങ്ങളും നോക്കി ജീവിക്കുന്ന വിദ്യാസമ്പന്നയായ സ്ത്രീയാണ് ചിത്രത്തില്‍ തപ്‌സി അവതരിപ്പിക്കുന്ന അമൃത.

ഒരു ഫങ്ഷനില്‍ ഭര്‍ത്താവ് മറ്റൊരാളോടുള്ള ദേഷ്യം തീര്‍ക്കാന്‍ ഭാര്യയുടെ മുഖത്ത് അടിച്ചു. അത് അവസാനം ഡൈവോഴ്‌സ് വരെ എത്തി നില്‍ക്കുന്നതാണ് സിനിമ. പിന്നീട് ഭര്‍ത്താവ് തന്റെ തെറ്റാണെന്ന് മനസിലാക്കി ക്ഷമ പറഞ്ഞപ്പോളും അവര്‍ പരസ്പരം ഒന്നിക്കുമെന്ന് പ്രേക്ഷകര്‍ക്ക് തോന്നാം.

അറിയാതെ ഒരു തവണയല്ലെ അടിച്ചിട്ടുള്ളു, ക്ഷമിച്ചു കൂടെ എന്ന ചോദ്യത്തിന് ചിത്രത്തില്‍ നായിക മറുപടി പറയുന്നുണ്ട് ‘ഒരു തവണയേ അടിച്ചിട്ടുള്ളു , പക്ഷേ അത് ഒരിക്കലും ചെയ്യാന്‍ പാടില്ലായിരുന്നു’ എന്നാണ്. പ്രണയത്തിലും വിവാഹത്തിലും കയ്യോങ്ങുന്ന ലോകത്തെ സകലരിലേക്കുമാണ് ചിത്രം വിരല്‍ ചൂണ്ടുന്നത്.

66ാമത് ഫിലിം ഫെയര്‍ അവാര്‍ഡില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് തപ്‌സിക്ക് നേടിക്കൊടുത്തത് ഥപ്പഡിലെ അഭിനയമാണ്. കൂടാതെ മികച്ച ചിത്രമായി ഥപ്പഡ് തെരഞ്ഞെടുക്കപ്പെട്ടു.

മറ്റൊരു ചിത്രമാണ് ഹിന്ദിയില്‍ പുറത്തിറങ്ങിയ ഡാര്‍ക്ക് കോമഡി ഫിലിം ഡാര്‍ലിങ്‌സ്. നെറ്റ്ഫ്‌ളിക്‌സില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ആലിയ ഭട്ട്, മലയാളി താരം റോഷന്‍ മാത്യൂ, വിജയ് വര്‍മ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍.

സ്ത്രീകള്‍ക്കെതിരെയുള്ള അധികാര പ്രയോഗങ്ങള്‍, അതിക്രമങ്ങള്‍, രക്ഷിതാക്കളുടെ മനോഭാവം തുടങ്ങിയ വിഷയങ്ങള്‍ തന്നെയാണ് ചിത്രത്തിലും പ്രതിപാദിക്കുന്നത്. പ്രണയം, അതിന് ശേഷമുള്ള വിവാഹജീവിതം, അതില്‍ സ്ത്രീ നേരിണ്ടേണ്ടി വരുന്ന ഭീകര മര്‍ദ്ദനങ്ങള്‍, ആവര്‍ത്തിച്ച് നടന്നുപോരുന്ന ആ മര്‍ദ്ദനങ്ങളെ പ്രണയത്തിന്റെ പേരിലും ദാമ്പത്യജീവിതം തുടര്‍ന്ന് പോകേണ്ട ആവശ്യകതയിലും വീണ്ടും വീണ്ടും അഡ്ജസ്റ്റ് ചെയ്യേണ്ട സ്ത്രീയുടെ നിസ്സഹായതകള്‍, ഗതികേടുകള്‍ തുടങ്ങിയവയുടെ നേര്‍കാഴ്ച തന്നെയാണ് ചിത്രത്തിലും കാണുക.

അവസാനം അതിനെതിരെയുള്ള സ്ത്രീയുടെ ഉയിര്‍പ്പ്, പ്രതിരോധങ്ങള്‍ തുടങ്ങിയ വളരെ ഗൗരവകരമായ വിഷയങ്ങള്‍ ഡാര്‍ക്ക് കോമഡിയുടെയാണ് ഡാര്‍ലിങ്‌സ്ല്‍ അവതരിപ്പിച്ചിരിക്കുന്നത്.

സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ ഗൗരവം ഒട്ടും ചോര്‍ന്നു പോകാതെ വ്യത്യസ്തമായ രീതിയിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ആലിയ ബട്ട്, ഷെഫാലി ഷാ, വിജയ് വര്‍മ്മ, റോഷന്‍ മാത്യു തുടങ്ങിയ മികച്ച അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ഡാര്‍ലിങ്‌സ് അത്ഭുതപ്പെടുത്തുന്നുണ്ട്.

ഐശ്യര്യ ലക്ഷ്മിയെ നായികയാക്കി ചാരുകേഷ് ശേഖര്‍ സംവിധാനം ചെയ്ത് ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് ചെയ്ത അമ്മുവിലും ഇതുപോലെ കേട്ടുപരിചയിച്ച ആശയങ്ങളും ജീവിത പരിസരങ്ങളും തന്നെയാണ് വീണ്ടും കാണിച്ചു തരുന്നത്.

ദാമ്പത്യ ജീവിതത്തില്‍ കുടുങ്ങിപ്പോകുന്ന സ്ത്രീ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചയാണ് ഈ സിനിമയിലൂടെയും പ്രേക്ഷകന് മുമ്പില്‍ തുറന്നു കാണിക്കപ്പെടുന്നത്. വിവാഹത്തിന് ശേഷം ഭയാനകമായ ഗാര്‍ഹിക പീഡനം നേരിടേണ്ടിവരുന്ന, ജീവിതകാലം മുഴുവന്‍ വീട്ടകങ്ങളില്‍ അതിജീവിക്കേണ്ടി വരുന്ന സ്ത്രീകളുടെ നിസ്സഹായത ചിത്രവും പറയുന്നുണ്ട്.

പല അവസരങ്ങളിലും ഭര്‍ത്താവിന്റെ ക്രൂരത സഹിക്കവയ്യാതെ ഇറങ്ങിപ്പോകാന്‍ അമ്മു ശ്രമിക്കുന്നുണ്ടെങ്കിലും തന്നിലുള്ള അടിമബോധം അവളെ തിരിച്ചുവിളിക്കുകയാണ്. ചിത്രത്തിലെ ഒരു രംഗത്തില്‍ അമ്മുവിന്റെ അമ്മക്ക് പണ്ട് കിട്ടിയ ഒരു ഉപദേശത്തെക്കുറിച്ച് അവളോട് പറയുന്നുണ്ട്.

പുരുഷന്റെ സ്നേഹം അനുഭവിക്കുന്ന സ്തീ, പുരുഷന്റെ കോപവും അനുഭവിക്കാന്‍ ബാധ്യസ്ഥയാണ് എന്നായിരുന്നു അത്. എന്നാല്‍ തനിക്ക് കിട്ടിയ ഉപദേശം തിരുത്തിക്കൊണ്ടാണ് പിന്നീട് അമ്മുവിന് അമ്മ മറുപടി നല്‍കുന്നത്. തന്റെ ജീവിതത്തില്‍ ഇനി എന്ത് ചെയ്യണമെന്ന് അമ്മുവിന് തീരുമാനിക്കാനുള്ള അവകാശം നല്‍കിക്കൊണ്ടാണ് ചിത്രത്തിലെ അമ്മ മാതൃകയാകുന്നത്.

ഇത്തരത്തില്‍ നിരവധി ഭാഷകളിലായി ജയഹേ പോലുള്ള ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയും. അവയെല്ലാം വ്യത്യസ്തമായ രീതിയിലൂടെയാണ് ഈ വിഷയത്തെ കൈകാര്യം ചെയ്തിരിക്കുന്നതെന്നും കാണാം.

content highlight: OTHER LANGUAGE FILMS RELATED IN PATRIARCHY