പാരിസ്: ഒസാമ ബിന്‍ ലാദന്റെ ഭീകര പ്രവര്‍ത്തനങ്ങളില്‍ മാപ്പ് പറഞ്ഞ് മകന്‍ ഒമര്‍ ബിന്‍ ലാദന്‍. തന്റെ പിതാവിനോടും അയാള്‍ നടത്തിയ കുറ്റകൃത്യങ്ങളോടും തനിക്ക് അറപ്പും ഭയവും മാത്രമാണുള്ളതെന്നും ഒമര്‍ പറഞ്ഞു.
ഇസ്രഈലി ദിനപ്പത്രമായ യെദോയിത് അഹ്‌റോനത്തിന് നല്‍കിയ അഭിമുഖത്തിലാണ് പിതാവിന്റെ പ്രവര്‍ത്തനങ്ങളോടുള്ള തന്റെ എതിര്‍പ്പും ഖേദവും ഒമര്‍ പ്രകടിപ്പിച്ചത്.
ലോകത്തുള്ളവരെല്ലാം ഒന്നായി കഴിയണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് ഒമര്‍ പറയുന്നത്. വ്യത്യസ്ത മതങ്ങളില്‍ പെട്ടവര്‍ അയല്‍ക്കാരായി സമാധാനത്തില്‍ കഴിയുന്ന ലോകമാണ് നമുക്ക് വേണ്ടതെന്നും ഒമര്‍ പറഞ്ഞു.
ഒസാമ ബിന്‍ ലാദന്റെ ആണ്‍മക്കളില്‍ ഇളയവനായ തനിക്ക് അല്‍-ഖ്വയ്ദയുടെ തലപ്പത്തേക്ക് വരാനുള്ള അവസരം വന്നിരുന്നെങ്കിലും അത് നിഷേധിക്കുകയായിരുന്നുവെന്നും ഒമര്‍ പറഞ്ഞു.
‘സ്വന്തം മക്കളെ സ്‌നേഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ എന്റെ പിതാവ് അദ്ദേഹത്തിന്റെ ശത്രുക്കളെ വെറുത്തു. എന്റെ ജീവിതം മുഴുവന്‍ ഞാന്‍ പാഴാക്കിക്കളയുകയായിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ ഞാനെന്തൊരു വിഡ്ഢിയാണെന്ന് എനിക്ക് തോന്നാറുണ്ട്. ഞാനതെല്ലാം ഉപേക്ഷിച്ചുപോരുമെന്ന് എനിക്ക് അന്നുതന്നെ തോന്നിയിരുന്നു,’ ഒമര്‍ പറഞ്ഞു.
എങ്ങനെയുള്ള മനുഷ്യനാണ് തന്റെ പിതാവെന്ന് മനസിലാക്കാനും ആ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാനും താന്‍ നിര്‍ബന്ധിതനാകുകയായിരുന്നെന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു. എന്നെങ്കിലും അമേരിക്ക സന്ദര്‍ശിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും ഒമര്‍ പറഞ്ഞു. ഇപ്പോള്‍ ഫ്രാന്‍സിലാണ് ഒമര്‍ താമസിക്കുന്നത്.