തിരുവനന്തപുരം: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്ക് പിന്നാലെ ആര്‍.എസ്.എസിനെയും വിചാരധാരയെയും പിന്തുണച്ച് ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസ് രംഗത്ത്. ബി.ജെ.പിയോട് രാഷ്ട്രീയ അയിത്തമില്ലെന്നും ആര്‍.എസ്.എസിന് അവരുടേതായ കുറേ നല്ല വശങ്ങളുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.
വിചാരധാരയിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു ഓര്‍ത്തഡോക്‌സ് സഭ മെത്രാന്റെ പ്രതികരണം.
‘ബി.ജെ.പിക്ക് മാത്രമായൊരു രാഷ്ട്രീയ അയിത്തമൊന്നും ഈ നാട്ടിലുണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല. രാഷ്ട്രീയ സ്വയം സേവക് സംഘിന് അവരുടേതായ കുറേ നല്ല വശങ്ങളുണ്ട്. വിചാരധാര അമ്പത് കൊല്ലം മുമ്പുള്ള ഒരു ഡോക്യുമെന്റാണ്.
അതില്‍ നിന്ന് ഒരുപാട് വ്യത്യാസമൊക്കെ പിന്നീട് സംഭവിച്ചിട്ടുണ്ട്. അതിന്റെ ഒരുഭാഗം മാത്രം അടര്‍ത്തിയെടുത്ത് വ്യാഖ്യാനിക്കുന്നത് ശരിയല്ല. ആര്‍.എസ്.എസുമായുള്ള പല കാര്യങ്ങളിലും സഭയുടെ അഭിപ്രായവും ഇതു തന്നെയാണെന്നാണ് എന്റെ വിശ്വാസം,’ മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു.
നേരത്തെ ബി.ജെ.പി നേതാവ് എന്‍. ഹരിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലും ആര്‍.എസ്.എസ് അനുകൂല നിലപാട് ഇദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. ആളുകളുടെ വ്യക്തിത്വ വികസനമാണ് ആര്‍.എസ്.എസ് ലക്ഷ്യം വെക്കുന്നതെന്നും സ്ത്രീകളെ സംരക്ഷിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് ആര്‍.എസ്.എസ് മുഖപുസ്തകമായ വിചാരധാരയിലെ ക്രസ്ത്യന്‍ ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങളെ പിന്തുണച്ച് കൊണ്ട് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി രംഗത്തെത്തിയത്. ക്രിസ്ത്യാനികള ശത്രുക്കളായി കാണുന്ന നിരവധി മതവിഭാഗങ്ങളുണ്ടെന്നും വിചാരധാര 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതപ്പെട്ടതാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
അന്നത്തെ അവസ്ഥയൊക്കെ പിന്നീട് മാറിയെന്നും പുതിയ സാഹചര്യങ്ങളെ മനസിലാക്കാനുള്ള പക്വത പൊതുസമൂഹം കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്ന് വലിയ രീതിയിലുള്ള വിമര്‍ശനമാണ് പാംപ്ലാനിക്കെതിരെ ഉയര്‍ന്ന് വന്നത്. റബറിന് വില 300 രൂപയാക്കിയാല്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന പാംപ്ലാനിയുടെ പ്രസ്താവനയും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
തുടര്‍ന്ന് പാംപ്ലാനിയെ തള്ളി അല്‍മായ സമൂഹമടക്കമുള്ള ക്രിസ്ത്യന്‍ കൂട്ടായ്മകളും രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് വിചാരധാരയെയും ആര്‍.എസ്.എസിനെയും പിന്തുണച്ചുകൊണ്ട് ഓര്‍ത്തഡോക്‌സ് സഭ നേതാക്കളും രംഗത്തെത്തിയത്.
ക്രിസ്ത്യന്‍ സമൂഹങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വമ്പിച്ച പദ്ധതികള്‍ക്കാണ് ബി.ജെ.പി നേതൃത്വം നല്‍കുന്നത്. ഇതിന്റെ ഭാഗമായി ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ മതപുരോഹിതരുമായി ബി.ജെ.പി നേതൃത്വം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
Content Highlight: orthodox sabha methran talk about rss