ന്യൂദല്‍ഹി: രാജ്യസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ പുതുക്കി നിശ്ചയിച്ചപ്പോള്‍ പ്രതിപക്ഷത്തിനു നേട്ടം. നാല് കമ്മിറ്റികളുടെ അധ്യക്ഷ പദവിയില്‍ നിന്ന് ഇത്തവണ പ്രതിപക്ഷ കക്ഷികള്‍ക്ക് ഒരെണ്ണം കൂടി അധികം ലഭിച്ചു. ബി.ജെ.പിക്കു ലഭിച്ചതാകട്ടെ മൂന്നെണ്ണമാണ്.
ഡിപ്പാര്‍ട്‌മെന്റ് റിലേറ്റഡ് സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ (ഡി.ആര്‍.എസ്.സി) അധ്യക്ഷപദവിയിലാണ് പ്രതിപക്ഷ കക്ഷികള്‍ക്കു നേട്ടമുണ്ടായിരിക്കുന്നത്. രാജ്യസഭാധ്യക്ഷനും ഉപരാഷ്ട്രപതിയുമായ എം. വെങ്കയ്യാ നായിഡു ഇതംഗീകരിച്ചു.
16 ലോക്‌സഭാ സ്റ്റാന്‍ഡിങ് കമ്മിറ്റികളിലേക്കുള്ള രാജ്യസഭാംഗങ്ങളെ അദ്ദേഹം നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്തു.
ആഭ്യന്തര വകുപ്പ് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനായി കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ, ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി, വനം കമ്മിറ്റി തലവനായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എന്നിവരെ നിയമിച്ചു.
മാനവവിഭവ ശേഷി വകുപ്പ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി ബി.ജെ.പി നേതാവ് സത്യനാരായണ്‍ ജാട്ടിയയെ നിയമിച്ചു.
ബി.ജെ.പി നേതാവ് ഭൂപേന്ദ്ര യാദവിനെ പേഴ്‌സണല്‍, പൊതു പരിഹാര, നിയമ കമ്മിറ്റി ചെയര്‍മാനായും ഗതാഗത, ടൂറിസം, സാംസ്‌കാരിക ചെയര്‍മാനായി ടി.ജി വെങ്കടേഷിനെയും നിയമിച്ചു.
ആരോഗ്യ, കുടുംബക്ഷേമ കമ്മിറ്റി ചെയര്‍മാന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവാണ്. ടി.ആര്‍.എസ് നേതാവ് കെ. കേശവ റാവുവാണ് വ്യവസായ കമ്മിറ്റി ചെയര്‍മാന്‍. കൊമേഴ്‌സ് വകുപ്പ് ചെയര്‍മാന്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് വി. വിജയ് സായ് റെഡ്ഢിയാണ്.
ലോക്‌സഭയിലെ ധനകാര്യ, വിദേശകാര്യ പാര്‍ലമെന്ററി സമിതികളുടെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നു നേരത്തേ കോണ്‍ഗ്രസ് പ്രതിനിധികളെ ഒഴിവാക്കിയിരുന്നു.
ഇത്തവണ ഉയര്‍ന്ന പദവികള്‍ കോണ്‍ഗ്രസിന് നല്‍കാനാവില്ലെന്ന നിലപാടില്‍ ധനകാര്യ സമിതി ചെയര്‍മാനായി ബി.ജെ.പിയുടെ ജയന്ത് സിന്‍ഹയെയും വിദേശ കാര്യ സമിതിയുടെ ചെയര്‍മാനായി പി.പി ചൗധരിയെയും നിയമിച്ചു.