'ഇത് ജനാധിപത്യത്തിന്റെ കരിദിനം'; രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയതിന് പിന്നാലെ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍
national news
'ഇത് ജനാധിപത്യത്തിന്റെ കരിദിനം'; രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയതിന് പിന്നാലെ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th March 2023, 4:24 pm

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഉത്തരവിന് പിന്നാലെ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം.

നടപടി അപലപനീയമാണെന്നും കയ്യുറകള്‍ ഒഴിവാക്കിയുള്ള രാഷ്ട്രീയമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ട്വിറ്ററില്‍ കുറിച്ചു. 24 മണിക്കൂറിനുള്ളിലുണ്ടായ സര്‍ക്കാര്‍ നടപടിയില്‍ സ്തംഭിച്ചുപോയെന്നും ഇത് ജനാധിപത്യത്തിന് ദോഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടി കേന്ദ്ര സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ മനോഭാവം വിളിച്ചോതുന്നതാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് പറഞ്ഞു.

‘രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടി സ്വേച്ഛാധിപത്യത്തിന്റം മറ്റൊരു ഉദാഹരണമാണ്. ഇന്ദിരാഗാന്ധിക്കെതിരെയും ഇതേ രീതിയാണ് ബി.ജെ.പി സ്വീകരിച്ചത്. അതിന്റെ അനന്തരഫലങ്ങള്‍ പാര്‍ട്ടി പിന്നീട് നേരിടേണ്ടി വന്നിട്ടുമുണ്ട്. അത് ബി.ജെ.പി മറക്കരുത്. രാഹുല്‍ ഗാന്ധി രാജ്യത്തിന്റെ ശബ്ദമാണ്,’ ഗെലോട്ട് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യയില്‍ പ്രതിപക്ഷ നേതാക്കളാണ് ബി.ജെ.പിയുടെ പ്രധാന ലക്ഷ്യമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പ്രതികരിച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ള നേതാക്കളെ ബി.ജെ.പി മന്ത്രിസഭയില്‍ ഉല്‍പ്പെടുത്തുമ്പോള്‍ പ്രതിപക്ഷത്തിന് സംസാരിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു. ഇത് ജനാധിപത്യത്തിന്റെ അധപതനമാണെന്നും മമത പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് പ്രധാനമന്ത്രിക്ക് അദ്ദേഹത്തെ ഭയമായത് കൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചൗഹാന്‍ പ്രതികരിച്ചു. ജനാധിപത്യത്തിന്റെ കറുത്ത ദിവസമെന്നാണ് വിജ്ഞാപനത്തിന്റെ പകര്‍പ്പ് പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാക്കളായ ജയ്‌റാം രമേശും ശ്രീനിവാസ് ബി.വിയും ട്വീറ്റ് ചെയ്തത്.

ഗുജറാത്തിലെ കോടതികള്‍ ബി.ജെ.പിയുടെ ലീഗല്‍ സെല്ലാണെന്നായിരുന്നു കുനാല്‍ കമ്രയുടെ പ്രതികരണം. റാണ അയ്യൂബ്, രണ്‍ദീപ് സിങ് സുര്‍ജേവാല തുടങ്ങി നിരവധി പേര്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ലോക്‌സഭാ സെക്രട്ടേറിയേറ്റാണ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സബാ അംഗത്വം റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്.

2019ല്‍ നടന്ന റാലിക്കിടെ മോദി എന്ന പേരിനെതിരെ നടത്തിയ പരാമര്‍ശത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയുള്ള സൂറത് കോടതി വിധി വന്നത്.

വിധി വന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ചൂണ്ടിക്കാട്ടി സപീക്കര്‍ക്ക് പരാതി ലഭിച്ചിരുന്നു. സുപ്രീം കോടതിയുടെ മുന്‍ വിധി പ്രകാരം രണ്ട് വര്‍ഷമോ അതില്‍ അധികമോ ശിക്ഷ ലഭിച്ചവര്‍ അയോഗ്യരാകുമെന്ന് ഇപ്രകാരം രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെടണമെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ സ്പീക്കര്‍ നിയമോപദേശം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

സൂറത് കോടതി വിധി വന്ന് 24 മണിക്കൂറിനുള്ളിലാണ് നടപടി.

Content Highlight: Opposition parties condemns the disqualification of Rahul Gandhi