ബി.ജെ.പി ഓരോ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നത് അവസാന പോരാട്ടം എന്ന രീതിയിൽ; പ്രതിപക്ഷം അത് തിരിച്ചറിയണം: ചിദംബരം
national news
ബി.ജെ.പി ഓരോ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നത് അവസാന പോരാട്ടം എന്ന രീതിയിൽ; പ്രതിപക്ഷം അത് തിരിച്ചറിയണം: ചിദംബരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th December 2023, 3:27 pm

കൊൽക്കത്ത: ഛത്തീസ്‌ഗഡിലെയും രാജസ്ഥാനിലെയും തെരഞ്ഞെടുപ്പ് പരാജയം അപ്രതീക്ഷിതവും ആശങ്കാജനകവുമാണെന്ന് കോൺഗ്രസ്‌ നേതാവ് പി. ചിദംബരം.

ബി.ജെ.പി ഓരോ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നത് തങ്ങളുടെ അവസാന പോരാട്ടം എന്ന രീതിയിലാണെന്നും പ്രതിപക്ഷ പാർട്ടികൾ ഇത് തിരിച്ചറിയണമെന്നും വാർത്താ ഏജൻസി പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ ചിദംബരം പറഞ്ഞു.

‘ഛത്തീസ്‌ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ വിജയം 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ കുതിപ്പാണ് പാർട്ടിക്ക് നൽകിയത്. ഛത്തീസ്ഗഡിലെയും രാജസ്ഥാനിലെയും കോൺഗ്രസിന്റെ പരാജയം അപ്രതീക്ഷിതമായിരുന്നു.

തെരഞ്ഞെടുപ്പ് ഫലങ്ങൾ ആശങ്കപ്പെടുത്തുന്നതാണ്. പാർട്ടി നേതൃത്വം പോരായ്മകൾ തിരിച്ചറിയുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ മുൻ കേന്ദ്ര ധനകാര്യ മന്ത്രി കൂടിയായ ചിദംബരം പറഞ്ഞു.

അതേസമയം രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും തെലങ്കാനയിലും പാർട്ടിക്ക് 40 ശതമാനം വോട്ട് വിഹിതം ലഭിച്ചു എന്നും ഇതിൽ കോട്ടം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അവസാന ഘട്ട പ്രചാരണം, ബൂത്ത്‌ കൈകാര്യം, ഉറപ്പുള്ള വോട്ടർമാരെ തെരഞ്ഞെടുപ്പ് ദിവസം പോളിങ് ബൂത്തിൽ എത്തിക്കുക തുടങ്ങിയവ ഉറപ്പുവരുത്തി ലോക്സഭാ തെരഞ്ഞെടുപ്പിൽ 45 ശതമാനമായി വോട്ട് വിഹിതം വർധിപ്പിക്കാൻ സാധിക്കുമെന്നും ചിദംബരം പറഞ്ഞു.

ധ്രുവീകരണം, മുസ്‌ലിം-ക്രിസ്ത്യൻ വിരുദ്ധ പ്രോപഗണ്ട, തീവ്ര ദേശീയത പോലുള്ള ബി.ജെ.പി നയങ്ങൾക്ക് കോൺഗ്രസ്‌ കൃത്യമായ മറുപടി നൽകേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Opposition must realise that BJP fights every election as its last battle: Chidambaram on 2024 polls