ബി.ജെ.പിയുടെ പ്രകടനപത്രിക തട്ടിപ്പെന്നു പ്രതിപക്ഷ പാര്‍ട്ടികള്‍; 'ജുംല പത്ര'യെന്ന് കോണ്‍ഗ്രസ്; പുതിയ ഒരുകൂട്ടം തട്ടിപ്പുകളെന്ന് കെജ്‌രിവാള്‍
ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രകടനപത്രിക പുറത്തിറങ്ങിയതിനു പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. ബി.ജെ.പിയുടെ പ്രകടനപത്രിക തട്ടിപ്പാണെന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല, ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി എന്നിവര്‍ വിമര്‍ശനവുമായി രംഗത്തെത്തി.
‘ജുംല പത്ര’ എന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് സുര്‍ജേവാലയുടെ പരിഹാസം. പാവപ്പെട്ടവരെ സഹായിക്കുന്നതിനു പകരം ഭരണകാലയളവില്‍ ബി.ജെ.പി അവരെ യഥാര്‍ഥത്തില്‍ കൊള്ളയടിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 2014-ല്‍ മോദി നടത്തിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്കായി ഇന്ത്യയിലെ സ്ത്രീകള്‍ കാത്തിരിക്കുന്നുവെന്നായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്. അതിലാദ്യത്തേതു സുരക്ഷയും ശാക്തീകരണവുമാണെന്ന് ട്വീറ്റില്‍ പറയുന്നു.
2014-ലെ തട്ടിപ്പുകളുടെ ഫലമായി രാജ്യത്തുണ്ടായതിനെയൊന്നും സൂചിപ്പിക്കാതെ ബി.ജെ.പി പുതിയ ഒരുകൂട്ടം തട്ടിപ്പുകളുമായി വന്നിരിക്കുകയാണെന്ന് കെജ്‌രിവാള്‍ ആരോപിച്ചു. മോദിക്കും അമിത് ഷായ്ക്കും നോട്ട് നിരോധനം എന്തുകൊണ്ടാണു നടപ്പിലാക്കിയതെന്നു പറയാനുള്ള ധൈര്യമുണ്ടോ? രണ്ടുകോടി തൊഴിലവസരത്തിന് എന്താണു സംഭവിച്ചത്? കര്‍ഷകര്‍ നാശത്തിലേക്കു പോകാന്‍ കാരണമെന്താണ്?- കെജ്‌രിവാള്‍ ട്വിറ്ററില്‍ ചോദിച്ചു.
ബംഗാളിനുവേണ്ടി പ്രധാനമന്ത്രി ചില്ലിക്കാശ് ചെലവാക്കിയിട്ടുണ്ടോയെന്നായിരുന്നു മമതയുടെ ചോദ്യം? ഇത്രയും വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന മോദി ബംഗാളിനു വേണ്ടി എന്തു കാര്യമാണു ചെയ്തത്. അഞ്ചുവര്‍ഷം വിദേശപര്യടനത്തിലായിരുന്ന മോദി ഇപ്പോള്‍ ഇവിടെ വരേണ്ടതായി വരുന്നുവെന്നും മമത പറഞ്ഞു.
ബി.ജെ.പിയുടെ പ്രകടന പത്രികയുടെ കവറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം മാത്രമാണെന്നും എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും ചിത്രമാണെന്നും കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേല്‍ കുറ്റപ്പെടുത്തി.