Opinion
കെട്ട്യോളാണ് എന്റെ മാലാഖ; വൈവാഹിക ബലാത്സംഗത്തെ കുറിച്ചോ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ചോ ഉള്ള സിനിമയല്ല, പ്രണയവിദ്യാഭ്യാസത്തിനെ കുറിച്ചുള്ളതാണ്
കിഷോര്‍ കുമാര്‍
2019 Dec 02, 07:39 am
Monday, 2nd December 2019, 1:09 pm

“കെട്ട്യോളാണ് എന്റെ മാലാഖ” കണ്ടു; ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് ഒന്നും എഴുതേണ്ട എന്ന് വിചാരിച്ചതാണ്. എന്നാൽ പലരും ഇതിനെ “വൈവാഹിക ബലാത്സംഗത്തെ കുറിച്ചുള്ള സിനിമ”, “ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ചുള്ള സിനിമ” എന്നൊക്കെ തെറ്റായി ലേബൽ ചെയ്യുന്നത് കാണുമ്പോൾ എഴുതുന്നത്

സെക്സിനെ കുറിച്ച് വലിയ അറിവൊന്നുമില്ലാത്ത, യുവതികളോട് അടുത്ത് ഇടപഴകി പരിചയമില്ലാത്ത, ഹണിമൂണിന് പോലും ഭാര്യയെ തൊടാത്ത, നിഷ്കളങ്കനായ നായകന്റെ ആദ്യ വേഴ്ച ബലാത്സംഗത്തിൽ കലാശിക്കുന്നുണ്ട്. എന്നാൽ അതല്ല ഒരു സാധാരണ വൈവാഹിക ബലാത്സംഗിയുടെ പ്രൊഫൈൽ — അയാൾ സെക്സിനെ കുറിച്ച് നല്ല അറിവും താൽപര്യവുള്ള ക്രിമിനൽ ആയിരിക്കും! സിനിമയിൽ ഭാര്യയ്ക്ക് ബലപ്രയോഗം ഇഷ്ടപ്പെടില്ല എന്ന് മനസ്സിലാക്കിയ ഭർത്താവ് വേഴ്ച തന്നെ നിർത്തുന്നുണ്ട്.

പക്ഷേ ഒരു സാധാരണ വൈവാഹിക ബലാത്സംഗി അത് തുടർന്നു കൊണ്ടേയിരിക്കും. 2017ൽ ഇറങ്ങി അവാർഡുകൾ നേടിയ രാഹുൽ റിജി നായർ സംവിധാനം ചെയ്ത സിനിമയായ “ഒറ്റമുറി വെളിച്ചം” വൈവാഹിക ബലാത്സംഗം എന്ന ക്രൂരതയെ ശരിയായി ചിത്രീകരിക്കുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പള്ളിയിലെ വിവാഹകൗൺസലിംഗ് ക്ലാസിലോ സ്കൂളിലെ ബയോളജി ക്ലാസിലോ കിട്ടുന്ന അരമണിക്കൂർ ലൈംഗികവിദ്യാഭ്യാസം കൊണ്ട് വൈവാഹിക ബലാത്സംഗം ഇല്ലാതാവില്ല! അതിന് വേണ്ടത് ലിംഗസമത്വത്തിൽ അധിഷ്ഠിതമായ ആൺ-പെൺ സൗഹൃദങ്ങളും പ്രണയങ്ങളുമാണ്.

പ്രണയങ്ങളെ സദാചാര പോലീസിങ് നടത്തരുതെന്ന് ബേസിൽ ജോസഫ് അവതരിപ്പിച്ച നായകന്റെ സുഹൃത്തിന്റെ പ്രണയത്തിലൂടെ സിനിമ പറയുന്നുണ്ട്. സുഹൃത്തിന്റെ പ്രണയത്തെ ആദ്യം എതിർത്ത നായകൻ തന്റെ വിവാഹജീവിതത്തിലെ പ്രശ്നങ്ങൾക്ക് ശേഷം സുഹൃത്തിന്റെ പ്രണയത്തെ അനുകൂലിക്കാൻ തുടങ്ങുന്നതാണ് സിനിമയുടെ സന്ദേശം. പ്രണയവിദ്യാഭ്യാസത്തിന്റെ ആവശ്യകതയാണ് സിനിമ മുന്നോട്ട് വെക്കുന്നത്….വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video

കിഷോര്‍ കുമാര്‍
എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമാണ് ലേഖകൻ. "രണ്ടു പുരുഷന്മാർ ചുംബിക്കുമ്പോൾ - മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും" എന്ന പുസ്തകത്തിന്റെ രചയിതാവ്.