ഓപ്പറേഷന്‍ ജാവയില്‍ പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി സൈബര്‍ സെല്ലിലെത്തുന്ന അസംകാരന്‍ പര്‍വീണിനെ ആരും മറന്നുകാണില്ല. ഒറ്റ സീനില്‍ മാത്രമേ ഉള്ളൂവെങ്കിലും പര്‍വീണ്‍ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.
അസംകാരന്റെ ലുക്കുമായി ജാവയില്‍ എത്തിയത് കോട്ടയംകാരനായ നിതിനാണ്. പാലാരിവട്ടം വെസ്റ്റ്ഫഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്നോളജിയില്‍നിന്നു സംവിധാനം പഠിച്ചിറങ്ങിയ നിതിന്‍ ഓപ്പറേഷന്‍ ജാവയുടെ അസിസ്റ്റന്റ് ഡയരക്ടര്‍ കൂടിയാണ്.
പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി ഒരേസമയം സൈബര്‍ സെല്‍ ഓഫീസിലെത്തുന്ന പര്‍വീണിന്റേയും ബാങ്ക് മാനേജരുടേയും കഥാപാത്രം സിനിമയിലെ രസകരമായ മുഹൂര്‍ത്തങ്ങളില്‍ ഒന്നായിരുന്നു.
പി. ബാലചന്ദ്രനോടൊപ്പം അഭിനയിക്കാനായതിന്റെ സന്തോഷത്തിലാണ് താനെന്നാണ് നിതിന്‍ പറയുന്നത്. ചെറിയ സീനാണെങ്കിലും അദ്ദേഹം നന്നായി സഹായിച്ചെന്നും നിതിന്‍ പറയുന്നു.
കോട്ടയം പി.ജി.ആര്‍.എം.എസ്.എന്‍. കോളേജില്‍ പഠിക്കുന്ന കാലം മുതലേ സിനിമ മനസ്സിലുണ്ടെന്നും സെവന്‍ത് ഡേയുടെ സംവിധായകന്‍ ശ്യാംധര്‍ വഴിയാണ് ഓപ്പറേഷന്‍ ജാവയില്‍ അസിസ്റ്റന്റ് ഡയറക്ടറായി എത്തിയതെന്നും നിതിന്‍ പറയുന്നു.
പ്രീ പ്രൊഡക്ഷന്‍ സമയത്തു കാലൊക്കെ നീട്ടി നിതിന്‍ ലാപ്ടോപ്പുമായി തറയിലിരിക്കുക പതിവായിരുന്നു. എല്ലാവരും കസേരയിലിരിക്കുമ്പോള്‍ തറയിലിരിക്കുന്ന നിതിന്റെ അമിതവിനയം കണ്ടു സിനിമയുടെ കോ ഡയറക്ടര്‍ സുധി മാഡിസണ്‍ ‘ബാബു നമ്പൂതിരി’ എന്നായിരുന്നു നിതിനെ കളിയാക്കി വിളിച്ചത്.
ഈ കളിയാക്കലില്‍നിന്നാണ് അസിസ്റ്റന്റ് ഡയറക്ടറായെത്തിയ നിതിന്‍ അസംകാരനുവേണ്ടി സംവിധായകന്‍ തരുണ്‍ മൂര്‍ത്തി നടത്തിയ ഓഡിഷനിലെത്തിയത്. ദി ഒട്ടോപ്സി എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ് നിതിന്‍.