കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസില്‍ ചലച്ചിത്രതാരങ്ങളായ സിദ്ദിഖും ഭാമയും കൂറുമാറിയിരുന്നു. പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന ഇരുവരും വ്യാഴാഴ്ച കോടതിയില്‍ ഹാജരായിരുന്നു.
അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്‌സല്‍ നടക്കുന്ന സമയത്ത് ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ തര്‍ക്കം ഉണ്ടായിട്ടുണ്ടെന്നാണ് നേരത്തേ സിദ്ദീഖും ഭാമയും മൊഴി നല്‍കിയിരുന്നത്.
എന്നാല്‍ ഇന്ന് കോടതിയില്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.
ജാമ്യത്തിലിരിക്കുന്ന ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നുണ്ടെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരുന്നു. ഈ ഹരജി കോടതി നാളെ പരിഗണിക്കാന്‍ ഇരിക്കുകയാണ്.
നേരത്തെ നടിയും സംവിധായകയുമായ രേവതിയും നടി രമ്യാ നമ്പീശനും റിമ കല്ലിങ്കലും കൂറുമാറ്റത്തിന് എതിരെ രംഗത്ത് എത്തിയിരുന്നു. സിനിമാ വ്യവസായത്തിലെ ഞങ്ങളുടെ സ്വന്തം സഹപ്രവര്‍ത്തകരെ വിശ്വസിക്കാന്‍ കഴിയാത്തതില്‍ സങ്കടമുണ്ടെന്നും അവളോടൊപ്പമുള്ളവര്‍ ഇപ്പോഴും അവളോടൊപ്പം തന്നെയുണ്ടെന്നും രേവതി പ്രതികരിച്ചത്.
നിങ്ങള്‍ക്കൊപ്പം നിന്ന് പോരാടുന്നവരെന്ന് നിങ്ങള്‍ കരുതുന്നവര്‍ പെട്ടന്ന് നിറം മാറിയാല്‍ അത് ആഴത്തില്‍ വേദനിപ്പിക്കുമെന്നാണ് രമ്യ നമ്പീശന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്
കൂറ് മാറിയവരുടെ പേരുകള്‍ എടുത്ത് പറഞ്ഞായിരുന്നു രേവതിയുടെ പ്രതികരണം. ഒരു ‘സ്ത്രീക്ക്’ ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ എല്ലാവരും പുറകോട്ട് മാറുകയാണെന്നും രേവതി പറഞ്ഞു.
നേരത്തെ ഇടവേള ബാബുവും ബിന്ദു പണിക്കറും കോടതിയില്‍ തങ്ങളുടെ മൊഴികള്‍ മാറ്റി, അവരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. ഇപ്പോള്‍ അതില്‍ സിദ്ദിഖും ഭാമയും മൊഴി മാറ്റിയിരിക്കുകയാണ് . സിദ്ദിഖ് എന്തുകൊണ്ടാണ് ഇത് ചെയ്തതെന്ന് മനസിലാക്കാന്‍ കഴിയും പക്ഷേ ഭാമ, സംഭവം നടന്നയുടനെ പോലീസുകാരോട് പറഞ്ഞ കാര്യങ്ങള്‍ അവളും നിഷേധിക്കുന്നെന്നും രേവതി പറഞ്ഞു.
ആക്രമണംഅതിജീവിച്ചവള്‍ക്ക് സഹപ്രവര്‍ത്തകരുടെ പിന്തുണ ഏറ്റവും ആവശ്യമായ സമയത്ത് തന്നെ അവര്‍ ശത്രുതാ പരമായി പെരുമാറുന്നുവെന്നത് വല്ലാതെ വേദനിപ്പിക്കുന്നുവെന്നും. സിനിമയിലെ അധികാരസമവാക്യങ്ങളില്‍ യാതൊരു സ്ഥാനവുമില്ലാത്ത, മറ്റൊരു ഇരതന്നെയായ സ്ത്രീയും കൂറുമാറിയെന്നറിയുമ്പോള്‍ കൂടുതല്‍ വേദന തോന്നുന്നെന്നുമായിരുന്നു റിമ പറഞ്ഞത്.
ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,
തലമുതിര്‍ന്ന നടനും നായികനടിയും കൂറുമാറിയതില്‍ അതിശയമില്ല.
നടന്ന ക്രൂരതക്ക് അനൂകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാര്‍മികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനൂകൂലികളായി മാറുകയാണ്. ഇനിയും അനുകൂലികള്‍ ഒളിഞ്ഞും തെളിഞ്ഞും അണിചേരും. നിയമസംവിധാനത്തെ, പൊതുജനങ്ങളെയൊക്കെ എല്ലാകാലത്തേക്കും കബളിപ്പിക്കാമെന്ന് ഇവര്‍ കരുതുന്നു.
ഈ കേസിന്റെ വിധിയെന്താണെങ്കിലും, അവസാന നിയമസംവിധാനങ്ങളുടെ വാതിലുകള്‍ അടയുന്നതുവരെ ഇരക്കൊപ്പം ഉണ്ടാകും. #അവള്‍ക്കൊപ്പംമാത്രം
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക