നിലപാടിൽ മാറ്റം, കലോത്സവത്തിന് വെജിറ്റേറിയൻ ഭക്ഷണം മാത്രമെന്ന് മന്ത്രി; മാധ്യമങ്ങൾക്കും നിയന്ത്രണം
Kerala News
നിലപാടിൽ മാറ്റം, കലോത്സവത്തിന് വെജിറ്റേറിയൻ ഭക്ഷണം മാത്രമെന്ന് മന്ത്രി; മാധ്യമങ്ങൾക്കും നിയന്ത്രണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th November 2023, 7:29 pm

കൊല്ലം: അടുത്ത സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വെജിറ്റേറിയൻ ഭക്ഷണം തന്നെയായിരിക്കും ഉണ്ടാകുക എന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.

കലോത്സവത്തിന് നോൺ വെജ് ഭക്ഷണവും ഉണ്ടാകുമെന്ന മുൻ നിലപാട് തിരുത്തുന്നതാണ് മന്ത്രിയുടെ പുതിയ പ്രസ്താവന. ഈ കാര്യത്തിൽ ആർക്കും സംശയം വേണ്ട എന്നും കൊല്ലത്ത് നടന്ന കലോത്സവത്തിന്റെ സംഘാടക സമിതി യോഗത്തിൽ മന്ത്രി അറിയിച്ചു.

അതേസമയം, കലോത്സവ വേദിയിലെ റിപ്പോർട്ടിങ്ങിൽ മാധ്യമങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യവും മന്ത്രി യോഗത്തിൽ പറഞ്ഞു.

‘അക്രഡിറ്റേഷൻ ഉള്ള പത്രക്കാർക്ക് പ്രത്യേകം പാസുകൾ നൽകും. അക്രഡിറ്റേഷൻ ഇല്ലാതെ ഇപ്പോഴുള്ള നവമാധ്യമങ്ങളുടെയും യൂട്യൂബർമാരുടെയും കാര്യം ആലോചിച്ചു ചെയ്യേണ്ടതാണ്. സ്റ്റേജിനു മുമ്പിൽ കുട്ടികൾക്ക് ഡാൻസ് ചെയ്യാനും മറ്റും ബുദ്ധിമുട്ടാകുന്ന രീതിയിൽ ഇവരുടെ ഒരു ബഹളമാണ്.

ജഡ്ജസിനെ മറച്ചായിരിക്കും ഇവർ നിൽക്കുന്നത്. അതുകൊണ്ട് പ്രസ്സിന് ഇരിക്കുന്നതിനു വേണ്ടിയുള്ള സീറ്റ് എല്ലാ വേദികളിലും ഉണ്ടാകും. അവർ അവിടെ മാത്രമേ ഇരിക്കാൻ പാടുള്ളൂ,’ ശിവൻകുട്ടി പറഞ്ഞു.

മാധ്യമങ്ങൾക്ക് ഗ്രീൻ റൂമിൽ പ്രവേശനം ഉണ്ടായിരിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം, കലോത്സവ വേദിയിൽ സസ്യാഹാരം മാത്രം വിളമ്പുന്നത് സംബന്ധിച്ച് വിവാദങ്ങൾ ഉടലെടുത്ത സാഹചര്യത്തിലായിരുന്നു അടുത്ത വർഷം മുതൽ വെജിറ്റേറിയൻ ഭക്ഷണത്തിനൊപ്പം നോൺ വെജിറ്റേറിയനും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞത്‌.

കായിക മേളയ്ക്ക് രണ്ട് തരം ആഹാരവും വിളമ്പാറുണ്ടെന്നും ഇത് കലോത്സവത്തിലും നടപ്പാക്കുന്നതിന് പ്രശ്നങ്ങളൊന്നുമില്ലെന്നുമായിരുന്നു മന്ത്രി നേരത്തെ പറഞ്ഞിരുന്നത്.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം വിളമ്പുന്നത് ബ്രാഹ്മണിക്കൽ മേധാവിത്വമാണെന്ന് വിമർശനം ഉയർന്നതിന് പിന്നാലെ ഇനി കലോത്സവത്തിൽ ഭക്ഷണം വിളമ്പാനുണ്ടാകില്ല എന്ന് പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞിരുന്നു.

എന്നാൽ ഈയിടെ എറണാകുളം ജില്ലാ ശാസ്ത്രമേളയുടെയും സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്റെയും പാചകം പഴയിടം ഏറ്റെടുത്തിരുന്നു. കലോത്സവ വേദികളിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് ഇപ്പോൾ പറയാനാകില്ലെന്നും ഇതൊരു തുടക്കമായി കണ്ടോളൂ എന്നുമായിരുന്നു പഴയിടം പ്രതികരിച്ചത്.

Content Highlight: Only vegitarian food in kalolsavam says V Shivankutty; Restrictions for Media