ഇത്തവണയും ശബരിമല മേല്‍ശാന്തിയായി ബ്രാഹ്മണന്‍ മതിയെന്ന് വിജ്ഞാപനം; നടപടി ദേവസ്വത്തിന്റെ നിയമനങ്ങളില്‍ ജാതി വിവേചനം പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് മറികടന്ന്
Kerala News
ഇത്തവണയും ശബരിമല മേല്‍ശാന്തിയായി ബ്രാഹ്മണന്‍ മതിയെന്ന് വിജ്ഞാപനം; നടപടി ദേവസ്വത്തിന്റെ നിയമനങ്ങളില്‍ ജാതി വിവേചനം പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് മറികടന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th August 2018, 8:37 am

പത്തനംതിട്ട: ശബരിമല-മാളികപ്പുറം മേല്‍ശാന്തിയായി ബ്രാഹ്മണന്‍ മതിയെന്ന് ദേവസ്വം ബോര്‍ഡ്. മേല്‍ശാന്തിയായി നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ച് ജൂലായ് അവസാനം പുറത്തിറക്കിയ വിജ്ഞാപനത്തിലെ പ്രധാന വ്യവസ്ഥയാണ് ബ്രാഹ്മണനായിരിക്കുക എന്ന്.

ദേവസ്വം ബോര്‍ഡുകളിലെ ശാന്തിക്കാരന്‍ ഉള്‍പ്പെടെ ഒരു നിയമനത്തിലും ജാതി പരിഗണന പാടില്ലെന്ന 2002ലെ സുപ്രീംകോടതി വിധിയും 2014ലെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവും ലംഘിച്ചാണ് ഈ വര്‍ഷവും മേല്‍ശാന്തി നിയമനത്തിന് ബ്രാഹ്മണര്‍ മതിയെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തിരിക്കുന്നത്.

Read:  കരുണാനിധിയുടെ അന്ത്യവിശ്രമസ്ഥലത്തില്‍ തീരുമാനം രാവിലെ; ഭൗതികശരീരം രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന്

ഈ മാസം പത്താം തിയ്യതിയാണ് അപേക്ഷിക്കാനുള്ള അവസാന തിയ്യതി. കഴിഞ്ഞ അഞ്ചു പട്ടികജാതിക്കാരെ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴി കഴിഞ്ഞ വര്‍ഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശാന്തിമാരായി നിയമിച്ചത് ദേശീയ പ്രാധാന്യമുള്ള വാര്‍ത്തയായിരുന്നു.

നിലവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയും വകുപ്പും ഇടതു സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ആയിട്ടും ശബരിമല മേല്‍ശാന്തിയായി ബ്രാഹ്മണന്‍ മതിയെന്ന വ്യവസ്ഥയില്‍ മാറ്റം ഉണ്ടായിട്ടില്ല.

കഴിഞ്ഞ വര്‍ഷം മേല്‍ശാന്തി സ്ഥാനത്തേയ്ക്ക് അപേക്ഷിച്ച ബ്രാഹ്മണനല്ലാത്തയാളുടെ അപേക്ഷ തള്ളിയിരുന്നു. 2002ല്‍ പറവൂര്‍ രാകേഷ് തന്ത്രിയുടെ കേസില്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിയമോപദേശം തേടി, പൂജാരി നിയമനം ഉള്‍പ്പെടെ ദേവസ്വത്തിന്റെ ഒരു നിയമനങ്ങളിലും ജാതി വിവേചനം പാടില്ലെന്ന് 2014 മെയ് 29ലെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

Read:  ആ സൂര്യന്‍ ചെന്നൈയില്‍ അസ്തമിച്ചു; ഇനി ഉയിര്‍ തമിഴുക്ക്, ഉടല്‍ മണ്ണുക്ക്

അതേസമയം, വിജ്ഞാപനം ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടതെന്നും പതിവു പോലുള്ള വിജ്ഞാപനമാണ് ഇറക്കിയതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. ബ്രാഹ്മണ്യം ജന്മംകൊണ്ടല്ല, കര്‍മം കൊണ്ടാണ് ആര്‍ജിക്കുന്നത്. ഈ വിഷയത്തില്‍ എന്താണ് ചെയ്യാന്‍ പറ്റുന്നതെന്ന് നോക്കും. കൂടാതെ ഹൈക്കോടതിയുടെ അഭിപ്രായം തേടുമെന്നും എ.പത്മകുമാര്‍ പറഞ്ഞു.