ആതിഖ് അഹമ്മദിന്റെ രണ്ട് മക്കളില്‍ ഒരാള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടേക്കും: സമാജ് വാദി എം.പി
national news
ആതിഖ് അഹമ്മദിന്റെ രണ്ട് മക്കളില്‍ ഒരാള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടേക്കും: സമാജ് വാദി എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 07, 11:56 am
Tuesday, 7th March 2023, 5:26 pm

ന്യൂദല്‍ഹി: ഗുണ്ടാത്തലവനും സമാജ് വാദിപാര്‍ട്ടി നേതാവുമായിരുന്ന ആതിഖ് അഹമ്ദിന്റെ രണ്ട് മക്കളില്‍ ഒരാള്‍ ഏറ്റുമുട്ടലിലൂടെ കൊല്ലപ്പെട്ടേക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി എം.പി റാംഗോപാല്‍ യാദവ്. ഉമേഷ് പാല്‍ കൊലപാതകക്കേസില്‍ പൊലീസിന് ശരിയായ പ്രതികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും യാദവ് ചൂണ്ടിക്കാട്ടി. യോഗി സര്‍ക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ അനാവശ്യമായി സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം കൂടുന്നതോടെ പൊലീസുകാര്‍ക്ക് എന്ത് ചെയ്യണമെന്ന് അറിയാതെയാകും. അപ്പോള്‍ അവരെ കയ്യില്‍ക്കിട്ടുന്നവരെ കുറ്റക്കാരാക്കും, കൊല്ലും. അവര്‍ നേരത്തെ ആതിഖ് അഹമ്മദിന്റെ മകനെ പിടികൂടിയിരുന്നു. ഇനി ഏതെങ്കിലുമൊരു ഏറ്റുമുട്ടലില്‍ അവരും കൊല്ലപ്പെടും,’ റാം ഗോപാല്‍ യാദവ് പറഞ്ഞു.

ബി.എസ്.പി എം.എല്‍.എ കൊലക്കേസിലെ ദൃക്സാക്ഷിയായ ഉമേഷ്പാലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളില്‍ ഒരാളെ പൊലീസ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയിരുന്നു, ഇതിന് പിന്നാലെയാണ് യാദവിന്റെ പരാമര്‍ശം.

2005ലായിരുന്നു യു.പിയിലെ ബി.എസ്.പി എം.എല്‍.എ രാജു പാല്‍ കൊല ചെയ്യപ്പെടുന്നത്. സംഭവത്തിലെ ഏക ദൃക്സാക്ഷിയായിരുന്ന ഉമേഷ് പാല്‍ എന്നയാളെ 2023 ഫെബ്രുവരിയില്‍ ആറംഗ സംഘം വെടിവെച്ചുകൊലപ്പെടുത്തിയിരുന്നു.

ഉമേഷ് പാലിനെ കൊലപ്പെടുത്തിയവരെ ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഇതിനെ പിന്തുണച്ച് ബി.ജെ.പി എം.എല്‍.എ ശലഭ ത്രിപാഠിയും രംഗത്തെത്തിയിരുന്നു.

‘ഉമേഷ് പാലിനെ കൊലപ്പെടുത്തിയവരെ കൊല്ലുമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. അത് നടന്നു കഴിഞ്ഞു. ഉമേഷ് പാലിന്റെ ശരീരത്തിലേക്ക് ആദ്യ വെടിയുതിര്‍ത്തയാള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു,’ എന്നായിരുന്നു ത്രിപാഠിയുടെ ട്വീറ്റ്.

Content Highlight: one among the two sons of Atiq ahamed will be killed in an encounter says samajwadi party MP