'ചവിട്ടേല്‍ക്കുന്നവന്റെ ആഘോഷമാണ് ഓണം,' അധ്യാപികയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മാപ്പ് പറയിപ്പിച്ചു; വീഡിയോ എടുത്ത് പ്രചരിപ്പിച്ച് സംഘപരിവാര്‍
Kerala News
'ചവിട്ടേല്‍ക്കുന്നവന്റെ ആഘോഷമാണ് ഓണം,' അധ്യാപികയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മാപ്പ് പറയിപ്പിച്ചു; വീഡിയോ എടുത്ത് പ്രചരിപ്പിച്ച് സംഘപരിവാര്‍
അന്ന കീർത്തി ജോർജ്
Saturday, 5th September 2020, 3:48 pm

ചങ്ങനാശ്ശേരി: വിദ്യാര്‍ത്ഥികള്‍ക്കയച്ച ഓണാശംസയില്‍ ഹിന്ദുക്കളെ അപമാനിച്ചെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദി നല്‍കിയ പരാതിയില്‍ പ്രധാനധ്യാപികയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മാപ്പ് പറയിച്ചു. നെടുങ്കുന്നം സെന്റ്.തെരേസാസ് സ്‌കൂള്‍ പ്രധാനധ്യാപികയായ സി.റീത്താമ്മയെയാണ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മാപ്പ് പറയിച്ചത്. അധ്യാപിക മാപ്പ് പറയുന്നതിന്റെ വീഡിയോ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

ഓണത്തിനോടനുബന്ധിച്ച സി.റീത്താമ്മ വാട്‌സ്ആപ്പിലൂടെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീഡിയോ സന്ദേശം അയച്ചിരുന്നു. ചവിട്ടിതാഴ്ത്തപ്പെടുന്നവന്റെ ആഘോഷമാണ് ഓണം എന്നായിരുന്നു ഈ വീഡിയോ സന്ദേശത്തില്‍ പ്രധാനമായും പറഞ്ഞത്.

‘ഓണം ചവിട്ടേല്‍ക്കുന്നവന്റെ സുവിശേഷമാണ്. കൊടുത്തവനെ വാങ്ങുന്നവന്‍ ചവിട്ടുന്ന കഥയാണ്.’ – എന്നുതുടങ്ങുന്ന വീഡിയോയില്‍ ലോകചരിത്രത്തില്‍ ആരെങ്കിലും കൊടുത്തിട്ടോ അവര്‍ക്കെല്ലാം ചവിട്ടേറ്റിട്ടുണ്ടെന്നും മഹാബലിയെപ്പോലെ മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് ഇവരെല്ലാം ജീവിച്ചതെന്നും പറയുന്നു. ഇതിന് ഉദാഹരണമായി മഹാബലിയെപ്പോലെ ക്രിസ്തു, മഹാത്മ ഗാന്ധി, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്, നെല്‍സണ്‍ മണ്ടേല, മാക്‌സ്മില്യന്‍ കോള്‍ബേ, മദര്‍ തെരേസ, ഇറോം ശര്‍മിള തുടങ്ങിയവരുടെ പേരുകളും സി.റീത്താമ്മ വീഡിയോയില്‍ പറയുന്നു.

ചതിയുടെയും വഞ്ചനയുടെയും വര്‍ഗീയതയുടെയും പാതാള ഗര്‍ത്തങ്ങളിലേക്ക് എത്ര വാമനന്മാര്‍ ചവിട്ടിതാഴ്ത്താന്‍ ശ്രമിച്ചാലും നമുക്ക് നന്മയുടെയും സമത്വത്തിന്റെയും ശാന്തിയുടെയും ലോകത്ത് തന്നെ തുടരാം എന്നും ഓണാശംസയില്‍ പറയുന്നുണ്ട്.

സിസ്റ്റര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ടുക്കൊണ്ട് ഈ വീഡിയോ ഹിന്ദു ഐക്യവേദിയുടെ സാമൂഹ്യമാധ്യമ പേജുകള്‍ പോസ്റ്റ് ചെയ്തിരുന്നു. ‘ മതവെറിപൂണ്ട് ഓണാംശംസയില്‍ പോലും വിഷം കലര്‍ത്തി ലോകത്തിലെ മുഴുവന്‍ മലയാളികളും ഒന്നായി ആഘോഷിക്കുന്ന ഓണത്തേ പോലും വികലമാക്കിയ , നെടുങ്കുന്നും സെന്റ്.തെരേസാസ് സ്‌കൂള്‍ പ്രധാനാധ്യാപികയെപുറത്താക്കുക , പൊതു സമൂഹത്തോട് മാപ്പ് പറയുക.’ എന്നാണ് വൈക്കം ഹിന്ദു ഐക്യവേദിയുടെ ഫേസ്ബുക്ക് പേജില്‍ പറയുന്നത്.

മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ നടത്തിയ പ്രസംഗം എന്നാരോപിച്ച് ചങ്ങനാശ്ശേരി ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി അഭിജിത്ത് വി.കെ കറുകച്ചാല്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഹിന്ദുദൈവങ്ങളെ മനപ്പൂര്‍വ്വം അപമാനിച്ച പ്രധാനധ്യാപിക സി.റീത്താമ്മക്കെതിരെ കേസ് ചാര്‍ജ് ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യമുന്നയിച്ചത്.

തുടര്‍ന്ന് സ്റ്റേഷനിലെത്തിയ സി.റീത്താമ്മ മാപ്പെഴുതി നല്‍കി. എന്നാല്‍ ഇത് വായിച്ചുകേള്‍പ്പിക്കണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് മാപ്പ് വായിക്കുന്ന വീഡിയോ എടുത്ത് ഐക്യവേദി പ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ പി.കെ ശശികലയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പൊലീസ് സ്റ്റേഷനിലിരുന്നുകൊണ്ട് അധ്യാപിക മാപ്പ് പറയുന്ന വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഈ വീഡിയോയില്‍ വാമനമൂര്‍ത്തിയെക്കുറിച്ച് പറഞ്ഞത് തന്റെ അറിവില്ലായ്മയാണെന്നും അതുമൂലം ഹിന്ദുക്കള്‍ക്ക് മനോവേദനയുണ്ടായതില്‍ മാപ്പ് ചോദിക്കുന്നെന്നും സി.റീത്താമ്മ പറയുന്നുണ്ട്.

‘ഞാന്‍ ഓണാഘോഷത്തിന്റെ ഭാഗമായി എന്റെ വിദ്യാര്‍ത്ഥികള്‍ക്ക് അയച്ച വീഡിയോ വാമനമൂര്‍ത്തിയെ സംബന്ധിച്ച് പരമര്‍ശിച്ചത് എന്റെ അറിവില്ലായ്മകൊണ്ട് മാത്രമാണെന്ന് ഞാന്‍ സമ്മതിക്കുന്നു. ഇതിന്റെ ഫലമായി ഹിന്ദുസമൂഹത്തിന് ഉണ്ടായ മനോവേദന മനസ്സിലാക്കിക്കൊണ്ട് ഞാന്‍ മാപ്പ് ചോദിക്കുന്നു.’

സംഭവത്തില്‍ പൊലീസിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. മാപ്പെഴുതി കൊടുക്കാനും അതിനുശേഷം അത് വീഡിയോയില്‍ വായിക്കാനും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അധ്യാപികയോട് ആവശ്യപ്പെട്ടപ്പോള്‍ അതിന് കൂട്ടുനില്‍ക്കുകയാണോ കേരള പൊലീസ് ചെയ്യേണ്ടിയിരുന്നത് എന്നാണ് ഫേസ്ബുക്കിലൂടെ നിരവധി പേര്‍ ചോദിക്കുന്നത്.

‘ഇതൊക്കെ അനുവദിച്ച് കൊടുത്ത് നാടിന്റെ സമാധാനാന്തരീഷം പുലര്‍ത്താന്‍ പാടുപെട്ട ആ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ മഹാമഹാമനസ്‌കതയും കാണാതെ പോവരുത്. അങ്ങേര് ഇട്ടിരിക്കുന്ന കാക്കി പാന്റ്‌സ് ആര്‍.എസ്.എസ് ശാഖയില്‍ നിന്നും ലഭിച്ചതായിരിക്കും. ഇമ്മാതിരി ഉദ്യോഗസ്ഥര്‍ക്ക് നാടിന്റ ക്രമസമാധാന പരിപാലനം നല്‍കിയാല്‍ ആര്‍.എസ്.എസിന് കാര്യങ്ങള്‍ എളുപ്പമാണ്.’ സംഭവത്തില്‍ പ്രതിഷേധിച്ചുക്കൊണ്ട് ജസ്റ്റിന്‍ ജോസഫ് എന്നയാള്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.

സി.റീത്ത എഴുതി നല്‍കിയ മാപ്പ്                              ഹിന്ദു ഐക്യവേദി നല്‍കിയ പരാതി

പൊലീസ് സിസ്റ്ററിനോട് മാപ്പെഴുതി വാങ്ങിക്കുകയോ വീഡിയോയില്‍ സംസാരിക്കാന്‍ പറയുകയോ ചെയ്തിട്ടില്ലെന്നാണ് സംഭവത്തില്‍ പൊലീസിന്റെ വിശദീകരണം. വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാകുമായിരുന്ന സംഭവത്തെ എസ്.ഐ ഷാജന്റെ നേതൃത്വത്തില്‍ രമ്യമായി പരിഹരിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും ഇതിനായി പരാതിക്കാരും അധ്യാപികയും തമ്മില്‍ സംസാരിക്കാനുള്ള അവസരം മാത്രമാണ് ഒരുക്കി നല്‍കിയതെന്നും കറുച്ചാല്‍ സി.ഐ സജിമോന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. മാപ്പെഴുതിക്കലും വീഡിയോയുമെല്ലാം പരാതിക്കാരും സിസ്റ്ററും തമ്മില്‍ നടന്ന ചര്‍ച്ചയുടെ ഭാഗമായി ഇരുവരുടെയും പൂര്‍ണ്ണസമ്മതത്തോടെ നടന്നതാണെന്നും അദ്ദേഹം പറഞ്ഞു.

‘പൊലീസ് പ്രധാനാധ്യാപികയെക്കൊണ്ട് മാപ്പെഴുതിക്കുകയോ പറയിപ്പിക്കുകയോ ചെയ്തിട്ടില്ല. പൊലീസിന്റെ ഡ്യൂട്ടി അതല്ല. 31ാം തിയതി സ്‌കൂള്‍ കുട്ടികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് മെസേജ് അയച്ചു. ഇത് ഹിന്ദുവികാരത്തെ വ്രണപ്പെടുത്തി എന്ന ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പരാതി നല്‍കി. കൂടാതെ ഇവര്‍ ആ സ്ഥാപനത്തിലേക്ക് പ്രതിഷേധ ധര്‍ണയും സംഘടിപ്പിച്ചു. അവിടെ വര്‍ഗീയ സംഘര്‍ഷാവസ്ഥ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. എസ്.ഐ ഷാജന്‍ വളരെ നല്ല രീതിയില്‍ ഇടപെട്ട് രമ്യമായി പ്രശ്‌നം പരിഹരിച്ചു. ഇതാണ് പൊലീസ് ചെയ്തത്.’ സി.ഐ സാജുമോന്‍ പറഞ്ഞു.

പരാതി വന്നപ്പോള്‍ സിസ്റ്ററെ അറിയിച്ചു. സിസ്റ്റര്‍ സ്വമേധയാ സ്റ്റേഷനിലേക്ക് വരികയായിരുന്നു. പരാതി ലഭിച്ചാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് മൊഴിയെടുത്ത് കോടതിയില്‍ നല്‍കുകയാണ് പൊലീസിന്റെ ഭാഗം. പക്ഷെ പരാതിക്കാരും സിസ്റ്ററും രമ്യമായി പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞപ്പോള്‍ അതിനുള്ള അവസരം ഒരുക്കി നല്‍കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും സി.ഐ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ പ്രതികരണം അറിയാനായി ഡൂള്‍ന്യൂസ് സി.റീത്താമയെ സമീപിച്ചിരുന്നെങ്കിലും ഇതുവരെയും മറുപടിയൊന്നും ലഭിച്ചിട്ടില്ല. മറുപടി ലഭിക്കുന്ന മുറക്ക് ഉള്‍പ്പെടുത്തുന്നതായിരിക്കും.

അധ്യാപികയുടെ ഓണാശംസ വീഡിയോക്ക് താഴെയും ഇപ്പോള്‍ പ്രചരിക്കുന്ന മാപ്പ് വീഡിയോക്ക് താഴെയും നിരവധി പേരാണ് അധ്യാപികയെ അപമാനിച്ചും ഭീഷണിപ്പെടുത്തിയും അശ്ലീല് കമന്റുകള്‍ എഴുതിയിട്ടുള്ളത്. നാറിയ വര്‍ഗം, നിങ്ങളുടെ മഠങ്ങളില്‍ നടക്കുന്നത് എന്താണെന്ന് എല്ലാവര്‍ക്കുമറിയാം തുടങ്ങിയ കമന്റുകളും ഇതിനെ താഴെ വന്നിട്ടുണ്ട്. പരിധി വിട്ട് പെരുമാറിയാല്‍ എല്ലാ അര്‍ത്ഥത്തിലും നിങ്ങളെ ശരിയാക്കാന്‍ ഞങ്ങള്‍ക്ക് നിമിഷനേരം മതിയെന്നും കമന്റുകളില്‍ പറയുന്നു.

ഓണത്തെ വാമനജയന്തിയായിട്ടാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പൊതുവെ ആഘോഷിക്കാറുള്ളത്. സംഘപരിവാര്‍ സംഘടനകളെല്ലാം തന്നെ ഓണാശംസകളോടൊപ്പം വാമനജയന്തി ആശംസകളുടെ പോസ്റ്ററുകളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പോസ്റ്റ് ചെയ്യാറുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ വര്‍ഷം തിരുവോണ ദിവസം വാമനജയന്തി ആശംസകള്‍ നേര്‍ന്ന് ട്വീറ്റ് ചെയ്തത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

നേരത്തെ ഓണം സംബന്ധിച്ച വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികലയുടെ വിശദീകരണവും വിവാദമായിരുന്നു. കേരളം ഭരിച്ച സാമ്രാജ്യത്വശക്തിയായ മഹാബലിയില്‍ നിന്ന് ഒരു കുഞ്ഞിക്കാല്‍ വെച്ച് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യസമര സേനാനിയാണ് വാമനന്‍. മഹാബലി പോലും വാമനനെ ആരാധിക്കുന്നു. വാമനജയന്തിയാണ് ഓണമെന്നും ശശികല ടീച്ചര്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sangh Parivar forces a teacher from Kottayam to read out apology in the Police station and uploaded the video in social media claiming her Onam wishes hurt Hindu feelings

 

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.