ഓണാഘോഷ പരിപാടി; വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി അഭ്യാസം കാണിച്ചാല്‍ പണിപാളും
Kerala News
ഓണാഘോഷ പരിപാടി; വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി അഭ്യാസം കാണിച്ചാല്‍ പണിപാളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st August 2022, 9:10 pm

തിരുവനന്തപുരം: ഓണാഘോഷ പരിപാടികളുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പൊതുനിരത്തുകളിലോ വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി ഉപയോഗിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് (എം.വി.ഡി).

രൂപമാറ്റം വരുത്തുന്നതിന് പുറമേ അമിത ശബ്ദ-വെളിച്ച സംവിധാനങ്ങള്‍ ഘടിപ്പിച്ചോ, വാഹന നിയമങ്ങള്‍, ചട്ടങ്ങള്‍, റോഡ് റെഗുലേഷനുകള്‍ എന്നിവയ്ക്ക് വിരുദ്ധമായി പരിപാടികള്‍ സംഘടിപ്പിക്കുന്നത് നിരോധിച്ചതായും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം നിയമവിരുദ്ധമായ അഭ്യാസ പ്രകടനങ്ങള്‍ നടക്കുന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ ശ്രദ്ധയില്‍പ്പെടുത്തണം. കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി മാതാപിതാക്കളും ഇവരുടെ വാഹനം ഉപയോഗം നിരീക്ഷിക്കണമെന്നും എം.വി.ഡി അറിയിച്ചു.

ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ ഫോട്ടോ/ വീഡിയോ സഹിതം എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒമാരെ അറിയിക്കാം. മുന്‍ വര്‍ഷങ്ങളില്‍ ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തിലാണ് എം.വി.ഡിയുടെ നിര്‍ദേശം.

മുമ്പ് ആഘോഷ പരിപാടികള്‍ക്കായി വിദ്യാര്‍ത്ഥികള്‍ വാഹനങ്ങള്‍ ദുരുപയോഗം ചെയ്തതുമൂലം ഗുരുതര അപകടങ്ങള്‍ സംഭവിച്ചിരുന്നു. ഈ വര്‍ഷത്തെ ഓണാഘോഷങ്ങളില്‍ ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പദ്ധതിയിടുന്നതായി വിവരം ലഭിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിസരത്തും മോട്ടോര്‍ വകുപ്പ് പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

സ്‌കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടക്കുന്ന ഓണാഘോഷ പരിപാടികളില്‍ രൂപമാറ്റം വരുത്തിയതും അല്ലാത്തതുമായ ഇരുചക്ര വാഹനങ്ങള്‍, കാര്‍, ജീപ്പ്, ഹെവി വാഹനങ്ങള്‍ എന്നിവ ദുരുപയോഗം ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് വയനാട് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ അനൂപ് വര്‍ക്കിയും അറിയിച്ചു.

അതേസമയം, അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ വിവരം പൊതുജനങ്ങള്‍ക്ക് വാട്‌സ്ആപ്പില്‍ കൈമാറാനുള്ള പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ് എത്തിയിരുന്നു.

റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിധത്തില്‍ വാഹനങ്ങള്‍ രൂപമാറ്റം വരുത്തുക, സൈലന്‍സറുകള്‍ മാറ്റി അതി തീവ്ര ശബ്ദമുണ്ടാക്കുക, പൊതു നിരത്തുകളില്‍ അഭ്യാസ പ്രകടനവും മത്സരയോട്ടവും നടത്തുക, അമിത വേഗത്തിലും അപകടകരമായും വാഹനമോടിക്കുക തുടങ്ങിയവയെ കുറിച്ച് വിവരങ്ങള്‍ നല്‍കാം. വകുപ്പ് ഉദ്യോഗസ്ഥര്‍ രൂപമാറ്റത്തിന്റെയും കുറ്റകൃത്യത്തിന്റെയും വിശദാംശങ്ങള്‍ ശേഖരിച്ച് പിഴ ചുമത്തും.

രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഓപ്പറേഷന്‍ ‘സൈലന്‍സ്’ എന്ന പേരില്‍ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടുന്നുണ്ട്. ഇതിന് സഹായകമായ വിവരങ്ങളാണ് ഇതിലൂടെ തേടുന്നത്. നേരത്തെ ‘തേഡ് ഐ’ എന്ന പേരില്‍ പൊതുജനങ്ങളുടെ സഹായത്തോടെ കുറ്റകൃത്യങ്ങള്‍ വകുപ്പ് കണ്ടെത്തിയിരുന്നു.

Content Highlights: Onam celebrations in schools; The motor vehicle department will take strict action if the vehicles are modified