മുംബൈ: ഏകദിന ക്രിക്കറ്റില്‍ ധോണി തന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കുറിച്ചിട്ട് ഇന്നേക്ക് 15 വര്‍ഷം. ജയ്പൂരിലെ സവായ് മാന്‍ സിംഗ് സ്റ്റേഡിയത്തില്‍ 2005 ഒക്ടോബര്‍ 31 ന് ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ധോണിയുടെ മാസ്മരിക പ്രകടനം.
ആ വര്‍ഷം ഏപ്രിലില്‍ പാകിസ്താനെതിരെ 123 പന്തില്‍ 148 റണ്‍സ് നേടി നേരത്തെ തന്നെ ധോണി തന്റെ വരവറിയിച്ചിരുന്നു. ലങ്കയ്‌ക്കെതിരായ പ്രകടനത്തോടെ തന്റെ സ്ഥാനം ടീമില്‍ അരക്കിട്ടുറപ്പിക്കുകയായിരുന്നു ധോണി.
ഏഴ് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്നാം മത്സരത്തിലായിരുന്നു ധോണിയുടെ വെടിക്കെട്ട് പ്രകടനം. ആദ്യം ബാറ്റ് ചെയ്ത ലങ്ക നാല് വിക്കറ്റിന് 298 റണ്‍സെന്ന മികച്ച ടോട്ടല്‍ കെട്ടിപ്പൊക്കി.
കുമാര്‍ സംഗക്കാരയുടെ 138 റണ്‍സിന്റേയും മഹേള ജയവര്‍ധനയുടെ 71 റണ്‍സിന്റേയും മികവിലായിരുന്നു ലങ്ക മികച്ച സ്‌കോര്‍ കണ്ടെത്തിയത്.
മറുപടി ബാറ്റിംഗില്‍ രണ്ട് റണ്‍സെടുത്ത സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പുറത്തായതിന് പിന്നാലെ ധോണിയാണ് ക്രീസിലെത്തിയത്. സെവാഗിനൊപ്പം 92 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ധോണി കളി ലങ്കയുടെ കൈയില്‍ നിന്ന് തിരിച്ചുപിടിക്കുകയായിരുന്നു.
പിന്നാലെയെത്തിയ ദ്രാവിഡിനും യുവരാജിനും വേണുഗോപാല്‍ റാവുവിനൊപ്പം അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് കണ്ടെത്തിയ ധോണി ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
15 ഫോറും 10 സിക്‌സുമടക്കം 145 പന്തില്‍ 183 റണ്‍സുമായി ധോണി പുറത്താകാതെ ടീമിനെ വിജയത്തിലെത്തിക്കുമ്പോള്‍ നിശ്ചിത ഓവര്‍ കഴിയാന്‍ 29 പന്തുകള്‍ ബാക്കിയായിരുന്നു.
2004 ല്‍ ബംഗ്ലാദേശിനെതിരെയായിരുന്നു ധോണിയുടെ അരങ്ങേറ്റം. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ സൗരവ് ഗാംഗുലിയാണ് ധോണിയെ ടീമിലെത്തിക്കുന്നത്. ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കുന്നതും ഗാംഗുലിയുടെ കാലത്താണ്.
2007 ലെ പ്രഥമ ടി-20 ലോകകപ്പില്‍ സീനിയര്‍ താരങ്ങള്‍ വിട്ടുനിന്നപ്പോള്‍ ആദ്യമായി ദേശീയ ടീമിന്റെ നായകനായ ധോണി കിരീടനേട്ടവുമായാണ് മടങ്ങിയെത്തിയത്.
പിന്നാലെ ടെസ്റ്റിലെ ഒന്നാം നമ്പര്‍ ടീമെന്ന നേട്ടവും 2011 ലെ ഏകദിന ലോകകപ്പും 2013 ലെ ചാമ്പ്യന്‍സ് ട്രോഫിയും ധോണിയുടെ കീഴില്‍ ഇന്ത്യ സ്വന്തമാക്കി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക