ആം ആദ്മിയും തൃണമൂലും ശിവസേനയും ഒന്നിക്കുന്നു; യു.പി. തെരഞ്ഞെടുപ്പിന് മുന്‍പ് ബി.ജെ.പിയുടെ മുന്‍ സഖ്യകക്ഷിയുടെ നേതൃത്വത്തില്‍ മുന്നണി
Opposition Unity
ആം ആദ്മിയും തൃണമൂലും ശിവസേനയും ഒന്നിക്കുന്നു; യു.പി. തെരഞ്ഞെടുപ്പിന് മുന്‍പ് ബി.ജെ.പിയുടെ മുന്‍ സഖ്യകക്ഷിയുടെ നേതൃത്വത്തില്‍ മുന്നണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th June 2021, 8:44 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കാന്‍ ബി.ജെ.പിയുടെ മുന്‍ സഖ്യകക്ഷിയായ സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്.ബി.എസ്.പി.). ആം ആദ്മി, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന നേതാക്കളുമായി ഇതിനോടകം ചര്‍ച്ച നടത്തിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ഭര്‍ പറഞ്ഞു.

‘ശനിയാഴ്ച ആം ആദ്മി എം.പി. സഞ്ജയ് സിംഗുമായി സംസാരിച്ചിരുന്നു. അദ്ദേഹം അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഭാഗീദാരി സങ്കല്‍പ്പ് മോര്‍ച്ചയെന്ന മുന്നണിയുടെ ഭാഗമാകാന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചിട്ടുണ്ട്. കെജ്‌രിവാളാണ് ഇതില്‍ അന്തിമ തീരുമാനമെടുക്കുക,’ രാജ്ഭര്‍ പറഞ്ഞു.

ശിവസേനയുടെ സഞ്ജയ് റാവത്തുമായും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയുമായും ഇതിനോടകം ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.ഐ.എം.ഐ.എമ്മും മുന്നണിയുടെ ഭാഗമാകും.

2017 ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. സഖ്യത്തില്‍ മത്സരിച്ച കക്ഷിയാണ് എസ്.ബി.എസ്.പി. എന്നാല്‍ പിന്നീട് സഖ്യമുപേക്ഷിച്ചു. യോഗി മന്ത്രിസഭയില്‍ അംഗമായിരുന്നു രാജ്ഭര്‍.