താങ്ക്‌യൂ അല്‍ നസര്‍, സൗദി പ്രോ ലീഗിന്റെ ഭാവിയില്‍ ആവേശം; സൗദിയിലെത്തി സാക്ഷാല്‍ ഒലിവര്‍ ഖാന്‍
അല്‍ നസറിന്റെ ട്രെയ്‌നിങ് സെന്ററിലെത്തി മുന്‍ ജര്‍മന്‍ ഗോള്‍ കീപ്പറും ഫുട്‌ബോള്‍ ഇതിഹാസവും ബയേണ്‍ മ്യൂണിക്കിന്റെ മുന്‍ സി.ഇ.ഒയുമായ ഒലിവര്‍ ഖാന്‍. അല്‍ നസറിലെത്തിയ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മുന്‍ ബയേണ്‍ താരവുമായ സാദിയോ മാനേയുമായി കൂടിക്കാഴ്ച നടത്തി.
അല്‍ നസറിന്റെ ട്രെയ്‌നിങ് സെന്ററിലെത്തിയ ഒലിവര്‍ ഖാന്‍ ടീമിന് നന്ദി പറഞ്ഞുകൊണ്ട് പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ക്രിസ്റ്റ്യാനോക്കും സാദിയോ മാനേക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് അദ്ദേഹം നന്ദിയറിയിച്ചിരിക്കുന്നത്.
‘പരിശീലന സെഷനിടെ എന്നെ സ്വീകരിക്കുകയും അവിടുത്ത സൗകര്യങ്ങളെല്ലാം കാണിച്ചുതന്നതിനും അല്‍ നസറിന് ഏറെ നന്ദി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും സാദിയോ മാനെയെയും കണ്ടു. ഇപ്പോള്‍ ജര്‍മനിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. സൗദി പ്രോ ലീഗ് ഭാവിയില്‍ എങ്ങനെ വളരുന്നുവെന്ന് കാണാന്‍ ഏറെ രസകരമായിരിക്കും,’ ഒലിവര്‍ ഖാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
അതേസമയം, എ.എഫ്.സി ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തിനായി ഇറാനിലെത്തിയിരിക്കുകയാണ് അല്‍ നസര്‍. ഇറാനിയന്‍ ടീമായ പെര്‍സപൊലിസിനെതിരെയാണ് ലീഗില്‍ അല്‍ നസറിന്റെ ആദ്യ മത്സരം,
ആസാദി സ്റ്റേഡിയത്തില്‍ പെര്‍സപൊലിസിനെതിരെ നടക്കുന്ന മത്സരത്തില്‍ വിജയിച്ചുകൊണ്ട് എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് ക്യാംമ്പെയ്ന്‍ തുടങ്ങാന്‍ തന്നെയാകും റൊണാള്‍ഡോയും സംഘവും ഒരുങ്ങുന്നത്.
എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഇ-യിലാണ് അല്‍ നസറുള്ളത്. പെര്‍സപൊലിസിന് പുറമെ താജിക്കിസ്ഥാന്‍ ടീമായ എഫ്.സി ഇസ്തിക്ലോലും ദോഹ ആസ്ഥാനമായ അല്‍ ദുഹൈല്‍ എസ്.സിയുമാണ് ഗ്രൂപ്പ് ഇ-യിലെ മറ്റ് ടീമുകള്‍.
അതേസമയം, സൗദി പ്രോ ലീഗില്‍ ആറാം സ്ഥാനത്താണ് അല്‍ നസര്‍. ആറ് മത്സരത്തില്‍ നിന്നും നാല് ജയവും രണ്ട് തോല്‍വിയുമായി 12 പോയിന്റാണ് അല്‍ നസറിനുള്ളത്.
കഴിഞ്ഞ മത്സരത്തില്‍ അല്‍ റഈദിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പിച്ചാണ് അല്‍ നസര്‍ കുതിപ്പ് തുടരുന്നത്. അല്‍ നസറിനായി സാദിയോ മാനെ, ടാലിസ്‌ക, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരാണ് ഗോള്‍ നേടിയത്. മുഹമ്മദ് ഫൗസായിറാണ് ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
സെപ്റ്റംബര്‍ 22നാണ് സൗദി പ്രോ ലീഗില്‍ അല്‍ നസറിന്റെ അടുത്ത മത്സരം. കെ.എസ്.യു ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അല്‍-ആഹില്‍ സൗദിയാണ് എതിരാളികള്‍.
Content highlight: Oliver Khan thanks Al Nassr