ന്യൂദല്‍ഹി: ധീരതക്കുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അപേക്ഷിച്ചവരില്‍ ദല്‍ഹി കലാപസമയത്ത് വിവാദത്തിലായ മുന്‍ ഡി.സി.പി. വേദ് പ്രകാശ് സൂര്യയും. ബി.ജെ.പി. നേതാവ് കപില്‍ മിശ്ര നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്റെ വീഡിയോയില്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നതായി കാണുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വേദ് പ്രകാശ്.
കപില്‍ മിശ്രയുടെ പ്രസംഗം തടയാനോ ആ പ്രസംഗത്തിന് ശേഷം അദ്ദേഹത്തിനെതിരെ നടപടികള്‍ സ്വീകരിക്കാനോ തയ്യാറാകാതിരുന്ന ഉദ്യോസ്ഥനെ അവാര്‍ഡിന് അപേക്ഷിച്ചതിനെതിരെയാണ് വിമര്‍ശനമുയരുന്നത്.
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനും വേണ്ടി അസാധാരണമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പൊലീസുദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന അവാര്‍ഡിന് വേദ് പ്രകാശ് അര്‍ഹനല്ലെന്നാണ് ഉയരുന്ന വിമര്‍ശനങ്ങള്‍.
2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കേ ദല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് കപില്‍ മിശ്രയുടെ വിവാദമായ പ്രസംഗം നടന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്നവരെ വഴികളില്‍ നിന്നും ഒഴിപ്പിച്ചില്ലെങ്കില്‍ തങ്ങളിറങ്ങി ഒഴിപ്പിക്കുമെന്നായിരുന്നു കപില്‍ മിശ്രയുടെ പ്രസംഗം.
‘ഡി.സി.പി ഇവിടെ നില്‍ക്കുന്നുണ്ട്. നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ അദ്ദേഹത്തോട് പറയുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയിലുള്ളതുകൊണ്ടാണ് ഞങ്ങള്‍ മിണ്ടാതിരിക്കുന്നത്. അതു കഴിഞ്ഞും ഇവരെ (പൗരത്വ ഭേദഗതി പ്രതിഷേധക്കാര്‍) ഒഴിവാക്കിയില്ലെങ്കില്‍ പിന്നെ നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ ഞങ്ങള്‍ നില്‍ക്കില്ല. തെരുവിലേക്ക് ഇറങ്ങും,’ ഇതായിരുന്നു കപില്‍ മിശ്രയുടെ വാക്കുകള്‍.
ഈ വീഡിയോയില്‍ കപില്‍ മിശ്രക്കൊപ്പം വേദിയില്‍ നില്‍ക്കുകയായിരുന്നു ഡി.സി.പിയായിരുന്ന വേദ് പ്രകാശ്. കപില്‍ മിശ്രയെ തടയുന്നതിനുള്ള നടപടികളൊന്നും വേദ് പ്രകാശ് സ്വീകരിച്ചിരുന്നില്ല.
പൗരത്വ ഭേദഗതി അനുകൂല പരിപാടിക്കിടെ നടത്തിയ ഈ പ്രസംഗത്തിന്റെ വീഡിയോ കപില്‍ മിശ്ര ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെ ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.
ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ അക്രമത്തിന് ആഹ്വാനം നടത്തിയ കപില്‍ മിശ്രക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല.