മാധ്യമപ്രവര്‍ത്തകന്‍ പ്രതീഷ് എം വെള്ളിക്കീലിനെ കുറിച്ച് സുഹൃത്ത് എഴുതിയ കുറിപ്പ്
FB Notification
മാധ്യമപ്രവര്‍ത്തകന്‍ പ്രതീഷ് എം വെള്ളിക്കീലിനെ കുറിച്ച് സുഹൃത്ത് എഴുതിയ കുറിപ്പ്
എഡിറ്റര്‍
Tuesday, 12th February 2019, 10:14 pm

സഹല്‍ സി മുഹമ്മദ്

തമാശയ്ക്ക് പോലും പ്രിയപ്പെട്ട ബുള്ളെറ്റ് കൊണ്ട് അതിവേഗമോ, ഷോയോ കാണിക്കാത്ത, ചിരിയുടെ അകമ്പടിയില്ലാതെ വഴക്കടിക്കാന്‍ പോലും അറിയാത്ത, ഷൂ മുതല്‍ ഷര്‍ട്ട് വരെ പൊളി ഡ്രെസ് മാത്രം ഇടാന്‍ നിര്‍ബന്ധമുള്ള, എല്ലാ ഫോട്ടോയിലും തെളിഞ്ഞ മുഖവുമായി വന്നു നില്‍ക്കുന്ന പഞ്ഞി പോലത്ത മനുഷ്യന്‍ ഒരു രാത്രിയില്‍ ബൈക്ക് ആക്‌സിഡന്റില്‍ നിന്ന നില്‍പ്പില്‍ ഇല്ലാതാവുന്നത് ആലോചിച്ചിട്ടുണ്ടോ..? അങ്ങനെയൊരാളാണ് പോയത്.

പ്രതീഷ് വെള്ളിക്കീല്‍ ചുരുങ്ങി വെള്ളിക്കീല്‍ ആയും പിന്നെയും ചുരുങ്ങി “വെള്ളി” ആയും കൂട്ടുകാര്‍ക്കിടയില്‍ തട്ടിത്തിരിഞ്ഞു നടന്ന മനുഷ്യന്‍..

എപ്പോഴെങ്കിലും ഒഴിവു സമയം കിട്ടുന്ന മുറയ്ക്ക് ക്രിക്കറ്റ് കളിക്കാന്‍ വരുമ്പോള്‍ ഇട്ടിരുന്ന നീല ബാറ്റ ഷൂ എ.കെ.ജി ആശുപത്രി മോര്‍ച്ചറിയുടെ പുറത്തെ കൊട്ടയില്‍ ഉണ്ട്. ചോര നിറഞ്ഞ ഒരു ഹെല്‍മറ്റും. ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് മുഖത്തു മാത്രം നെടുനീളത്തില്‍ ആഴത്തില്‍ പരിക്ക്.

മുഖത്തിനും താടിക്കും സംരക്ഷണം നല്‍കാത്ത , തലയോട്ടി മാത്രം സംരക്ഷിക്കുന്ന തരം ഹെല്‌മെറ്റുകളുടെ സുരക്ഷയെ കുറിച്ചു കൂടി ചോദ്യങ്ങള്‍ ഉയര്‍ത്താനും ഓര്‍മ്മിപ്പിക്കാനും കൂടിയാണ് ഈ കുറിപ്പ്.