സഹനത്തിന്റെ കുരിശുവഴികളില്‍ നീതികിട്ടാത്ത കന്യാസ്ത്രീ ജീവിതങ്ങള്‍
സൗമ്യ ആര്‍. കൃഷ്ണ
Wednesday, 19th September 2018, 10:43 pm
ഇന്ത്യാവിഭജനത്തിനു മുമ്പുള്ള പഴക്കം കൂടി പരിഗണിക്കുകയാണെങ്കില്‍ വടക്കേ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ലത്തീന്‍ രൂപതകളിലൊന്നാണ് ജലന്ധര്‍ രൂപത. ജലന്ധര്‍ രൂപതക്ക് കീഴിലുള്ള മിഷന്‍ കോണ്‍ഗ്രിഗേഷനാണ് മിഷണറീസ് ഓഫ് ജീസ്സസ്. മിക്ക മിഷന്‍ കോണ്ഗ്രിഗേഷനുകളേയും പോലെ ഇവര്‍ക്കും സ്വന്തമായി സ്ഥാപനങ്ങളൊന്നും ഇല്ല.
അത് കൊണ്ട് തന്നെ സഭ നല്‍കുന്ന തുച്ഛമായ തുകയല്ലാതെ അംഗങ്ങളായ കന്യാസ്ത്രീകള്‍ക്ക് മറ്റ് സാമ്പത്തിക ഭദ്രതയൊന്നുമില്ല എന്നതാണ് പൊതുസ്ഥിതി. ജലന്ധറിനു പുറത്ത് പാലായിലും, കണ്ണൂരും തലശ്ശേരിയിലും മാത്രമേ രൂപതയ്ക്ക് കീഴില്‍ മഠങ്ങളുള്ളു. എല്ലായിടത്തും കൂടെ എഴുപതോളം കന്യാസ്ത്രീകള്‍ മാത്രമുള്ളത്.
വീടും കുടംബവും ഉപേക്ഷിച്ച് പൂര്‍ണ്ണമായും സഭയെ ആശ്രയിച്ച് ജീവിക്കുന്നവരാണിവര്‍. ഇവരെ അടിച്ചമര്‍ത്താന്‍ സാമ്പത്തികമായും സാമൂഹികമായും അതിശക്തരായ സഭക്ക് വളരെ എളുപ്പമാണ് എന്ന് സിസ്റ്റര്‍ ജെസ്മിയെ പോലുള്ളവര്‍ പറഞ്ഞിട്ടുള്ളതാണ്. തങ്ങളുടെ മുന്നോട്ടുള്ള ജീവിതവും, വരുമാനവും ജീവനും വരെ പണയപ്പെടുത്തിയാണ് ഹൈക്കോടതിക്ക് മുന്‍പില്‍ സമരം ചെയ്യുന്നതെന്ന് കന്യാസ്ത്രീകള്‍ തന്നെ പലകുറി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മേല്‍ പറഞ്ഞ സാഹചര്യങ്ങള്‍ സാമ്പത്തികമായും സാമൂഹികമായും കന്യാസ്ത്രീകള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ വ്യക്തമാക്കുന്നു. അതിനാല്‍ തന്നെ വര്‍ഷങ്ങളോളം നീണ്ടും നില്‍ക്കുന്ന പീഡനങ്ങള്‍ക്ക് ശേഷവും പരാതിപ്പെടാന്‍ പലരും മടിക്കുന്നതിനും വൈകുന്നതിനുമുള്ള കാരണങ്ങള്‍ വേറെ തേടേണ്ടതില്ല.
എന്ന് വൈദികനായ ഫാ. അഗസ്തിന്‍ വട്ടോളി പറയുന്നു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ ആരോപണവുമായി കന്യാസ്ത്രീ രംഗത്ത് വരുന്നത് 2018 ജൂണ്‍ 29നാണ്. അതിന് മുമ്പ് പരാതിയുമായി ആദ്യം ഇവര്‍ പാലാ ബിഷപ്പിനെയും കര്‍ദ്ദിനാള്‍ ആലഞ്ചേരിയെയും സമീപിച്ചിരുന്നുവെന്ന് ഫാ.അഗസ്തിന്‍ വട്ടോളി പറയുന്നു. കന്യാസ്ത്രീകളിലധികവും സീറോ മലബാര്‍ സഭാംഗങ്ങളാണ് എന്നത് കെണ്ടാണത്.
എന്തായാലും പരാതിയില്‍ 2014 നും 2016നും ഇടയില്‍ പല തവണ തന്നെ പീഡിപ്പിച്ചു എന്നാണ് ആരോപണം. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി. വൈ. എസ.് പി. കെ.സുഭാഷ് കേരള ഹൈക്കോടതിയില്‍ ഓഗസ്റ്റ് 13ആം തിയതി നല്‍കിയ സത്യവാങ്മൂലത്തില്‍ അന്വേഷണത്തിന്റെ നാള്‍ വഴികള്‍ വിശദമാക്കിയിരുന്നു. പൊലിസ് അന്വേഷിക്കുകയും ആരോപണം ശരി വെക്കുന്ന തരത്തിലുള്ള രേഖകള്‍ ലഭിക്കുകയും ചെയ്തുവെന്ന് വ്യക്തമാക്കുന്നതാണ് സത്യവാങ്ങ്മൂലം.
പീഡിപ്പിച്ചതായി കന്യാസ്ത്രി പറഞ്ഞ ദിവസങ്ങളില്‍ ബിഷപ്പ് മഠത്തില്‍ താമസിച്ചിട്ടുണ്ടെന്നു തെളിയിക്കുന്ന രജിസ്റ്ററിന്റെ ബന്ധപ്പെട്ട പേജുകള്‍ പിടിച്ചെടുത്തു. പീഡിപ്പിക്കപ്പെട്ടു എന്ന് കന്യാസ്ത്രി പറയുന്ന 20-ാം മ്പര്‍ മുറിയില്‍ ശാസ്ത്രീയ പരിശോധന നടത്തി.
പരാതിക്കാരിയുടെ മൊഴി പരിശോധിച്ചതില്‍നിന്നു പരാതിക്കാരിയെ ബിഷപ്പ് ബലാല്‍സംഗം നടത്തിയതായി മനസിലാക്കിയെന്നും സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. ഇത്രയധികം തെളിവുകള്‍ ലഭിച്ചിട്ടും പൊലിസ് ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് കന്യാസ്ത്രീകളുടെ പ്രത്യക്ഷ സമരം ആരംഭിക്കുന്നത്.
ആണധികാര വ്യവസ്ഥ പ്രത്യക്ഷത്തില്‍ പിന്തുടരുന്ന സഭാ സമൂഹത്തില്‍ നിന്നും ഉയര്‍ന്ന വിമത ശബ്ദങ്ങള്‍ ഉയര്‍ന്നിട്ടുള്ളത് ദുര്‍ബലമായിട്ടാണ്. ഇന്ത്യാ ചരിത്രത്തില്‍ ആദ്യമായാണ് സഭയ്ക്കുള്ളില്‍ നിന്നു കൊണ്ട് സഭക്കെതിരെ ഇത്രയും ശബ്ദം ഉയരുന്നത്.
“ലൈംഗീകാക്രമങ്ങളില്‍ അന്തര്‍ലീനയമായ അധികാരത്തിന്റെ പ്രയോഗം അത്ര എളുപ്പം മനസ്സിലാക്കാന്‍ സാധിക്കണമെന്നില്ല. പക്ഷെ ഈ കേസില്‍ ഏറ്റവും പ്രകടമായി നില്‍ക്കുന്നത് ആക്രമണത്തിലെ അധികാര സ്വാധീനമാണ്. അത് വ്യക്തമായി മനസ്സിലാകണമെങ്കില്‍ ജലന്ധര്‍ രൂപതയും, ഈ സിസ്റ്റര്‍മ്മാരുടെ കോണ്ഗ്രിഗേഷനും തമ്മിലുള്ള ബന്ധം മനസ്സിലാക്കണം”-സോഷ്യല്‍ മീഡിയ എഴുത്തുകാരനായ രഞ്ജിത്ത് ആന്റണി പറയുന്നു.
ജലന്ധര്‍ രൂപതയുടെ ചരിത്രം
വടക്കേ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന രൂപതകളിലൊന്നാണ് ജലന്ധര്‍ രൂപത. 1886 ല്‍ സ്ഥാപിച്ച ലാഹോര്‍ രൂപതയുടെ കീഴിലായിരുന്നു ജലന്ധര്‍. വിഭജനത്തിന് ശേഷം 1952 ല്‍ ജലന്ധര്‍ പ്രിഫെക്ച്വര്‍ രൂപം കൊണ്ടു. 1971 ല്‍ രൂപതയായി അവരോധിച്ചു. ലാഹോര്‍ രൂപത ബെല്‍ജിയന്‍ കപ്പൂച്ചിന്‍ അച്ചമ്മാരുടെ കീഴിലായിരുന്നു. ആ പാരമ്പര്യം നിലനിര്‍ത്തി ഒരു കപ്പൂച്ചിന്‍ വൈദീകനെ തന്നെ ജലന്ധറിന്റെ ആദ്യ മെത്രാനാക്കി.
കോട്ടയം, കടപ്ലാമറ്റത്തൂന്നുള്ള സിംഫോറിയന്‍ കീപ്രാത്ത് എന്ന കപ്പൂച്ചിന്‍ വൈദീകനാണ് ജലന്ധറിന്റെ ആദ്യ ബിഷപ്. ഇവിടെയാണ് ജലന്ധറിന്റെ മലയാളി ബന്ധം തുടങ്ങുന്നത്. ഇടക്കാലത്ത് അനില്‍ കൌട്ടൊ എന്നൊരു ഗോവന്‍ ബിഷപ് വന്നിരുന്നു. അദ്ദേഹം ഡല്‍ഹി മെത്രാനായി പോയപ്പോള്‍ വന്ന ഒഴിവിലാണ് ഫ്രാങ്കോ മുളയ്ക്കല്‍ മെത്രാനായത്.
കത്തോലിക്കാ കുടുംബങ്ങളില്‍ നിന്ന് അച്ചനൊ കന്യാസ്ത്രീയോ ആകാന്‍ പോകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കന്യാസ്ത്രീകളായി പോകുന്നവര്‍ക്ക്. കന്യാസ്ത്രീ കോണ്ഗ്രിഗേഷനുകള്‍ രണ്ട് തരമുണ്ട്. സ്വന്തമായി സ്‌കൂളുകളും, കോളേജുകളും, ആശുപത്രികളുമൊക്കെയുള്ള കോണ്ഗ്രിഗേഷന്‍ ആണ് ഒന്ന്. ഇത്തരം കോണ്ഗ്രിഗേഷനുകളില്‍ വലിയ സ്ഥാപനങ്ങള്‍ ഉള്ളത് കൊണ്ട് വിവിധതരം ജോലികള്‍ ചെയ്യാന്‍ അവസരമുണ്ട്.
ഭാഗ്യവും, പഠിക്കാന്‍ കഴിവും ഉണ്ടെങ്കില്‍ കോളേജ് പ്രഫസറോ, ഡോക്ടറോ ഒക്കെ ആക്കാന്‍ കഴിവുള്ള കോണ്ഗ്രിഗേഷനുകളാണ് ഇവ. പല മഠങ്ങളുടെയും ആസ്ഥാനം വിദേശത്തായതിനാല്‍ ഇത്തരം കോണ്ഗ്രിഗേഷനുകളില്‍ വിദേശ ജോലിക്കും, വാസത്തിനും ഒക്കെ സാദ്ധ്യതയുണ്ട്. നാട്ടില്‍ ഉത്ഭവിച്ച കോണഗ്രിഗേഷനുകളിലും ഇന്ത്യയ്ക്ക് പുറത്ത് പ്രൊവിന്‍ഷ്യാല്‍ ഉള്ളവ ഉണ്ട്.
കന്യാസ്ത്രീകളുടെ ദുരിതം
രണ്ടാമത്തെ വിഭാഗമാണ് മിഷന്‍ കോണ്ഗ്രിഗേഷനുകള്‍. മിക്ക മിഷന്‍ കോണ്ഗ്രിഗേഷനുകള്‍ക്കും സ്ഥാപനങ്ങളൊന്നും ഉണ്ടാവില്ല. നോര്‍ത്തിന്ത്യയിലെ പല രൂപതകളിലെ ചെറിയ ജോലികള്‍ക്ക് ഒക്കെ ഉള്ള അവസരങ്ങളെ ഇത്തരം മഠങ്ങളിലെ കന്യാസ്ത്രീകള്‍ക്ക് ഉണ്ടാവൂ. പലപ്പോഴും കടുത്ത ദാരിദ്ര്യമാണ്. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ജോലി ചെയ്താണ് ഇവര്‍ ജീവിക്കുന്നത്. അടുക്കളപ്പണി തൊട്ട് ചെറിയ ക്ലെറിക്കല്‍ ജോലികള്‍ വരെയാണ് ചെയ്യുന്നത്.
ഇവയില്‍ ഏത് തിരഞ്ഞെടുത്താലും അഡ്മിഷന്‍ വലിയ ബുദ്ധിമുട്ടാണ്. അഡ്മിഷന്‍ ഉറപ്പിക്കുന്നതിന് മുന്‍പ് നൊവിഷ്യേറ്റ് എന്നൊരു ഘട്ടമുണ്ട് . നൊവിഷ്യേറ്റിന്റെ ജീവിതം അടുക്കളപ്പണിയൊ, മറ്റ് ദേഹാദ്ധ്വാനമുള്ള പണികളോ ആണ്. കൂടെ കുറച്ച് മതപഠനവും കന്യാസ്ത്രീ ആകാന്‍ ആഗ്രഹിച്ച് വരുന്ന ഒരു 50% പേരെയും നൊവിഷ്യേറ്റ് ആകുന്നതിന് മുന്നെ തിരിച്ചയക്കും. നൊവിഷ്യേറ്റ് ആയി രണ്ട് മൂന്ന് കൊല്ലം കഷ്ടപ്പെട്ടെങ്കിലേ അഡ്മിഷന്‍ ലഭിക്കു. അല്ലെങ്കില്‍ നൊവിഷ്യേറ്റായി നിന്ന് കഷ്ടപ്പെട്ടത് മാത്രമാവും ബാക്കി.
ഒരു കാലത്ത് മിഷന്‍ കോണ്ഗ്രിഗേഷനുകളില്‍ ചേരുന്നത് ഒരു ഫാഷനായിരുന്നു. ദാരിദ്ര്യം അനുഭവിച്ച് ക്രിസ്തുവിന് വേണ്ടി പണിയെടുത്ത് ത്യാഗ്വോജ്ജലമായ ജീവിതം സ്വപ്നം കണ്ട് പലരും മിഷന്‍ കോണ്ഗ്രിഗേഷന്‍ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചിരുന്നു. ആ സമയത്ത് മലയാളി പെണ്കുട്ടികള്‍ നോര്‍ത്തിന്ഡ്യന്‍ കോണ്ഗ്രിഗേഷനുകളിലേയ്ക്ക് കൂട്ടമായി എത്തി തുടങ്ങി.
എല്ലാ വര്‍ഷവും പുതിയ കോണ്ഗ്രിഗേഷനുകളുടെ പേരുകള്‍ കേള്‍ക്കാം. ബന്ധത്തിലുള്ളതൊ, പരിചയത്തിലുള്ളതൊ ആയ ഏതെങ്കിലും പെണ്കുട്ടി മഠത്തില്‍ ചേര്‍ന്നെന്ന് കേട്ടാല്‍ പിന്നെ കേള്‍ക്കുന്നത് കോണ്ഗ്രിഗേഷന്റെ പേരാണ്. മിക്കവാറും മുന്‍പ് കേട്ടിട്ടില്ലാത്ത ഒരു പേര്.
മിഷണറീസ് ഓഫ് ജീസ്സസ്
ഈ ഒരു കാലഘട്ടത്തില്‍ (1993 ല്‍) രൂപീകൃതമായ ഒരു മഠമാണ്. മിഷണറീസ് ഓഫ് ജീസ്സസ്. ജലന്ധര്‍ രൂപതയുടെ ആദ്യ മെത്രാനായിരുന്ന സിംഫോറിയന്‍ കീപ്രാത്ത് ആണ് സ്ഥാപകന്‍. ഈ മഠത്തിലെ കന്യാസ്ത്രീകളാണ് ഇന്ന് ഹൈക്കോടതിയുടെ മുന്നില്‍ സമരത്തിന് ഇരുന്നത്.
ഇവര്‍ക്ക് വരുമാനമാര്‍ഗ്ഗമുള്ള സ്ഥാപനങ്ങള്‍ ഒന്നും തന്നെ ഇല്ല. ജലന്ധര്‍ രൂപതയില്‍ നിന്ന് പണിയെടുക്കുന്ന സിസ്റ്റര്‍മ്മാര്‍ക്ക് തുച്ഛമായ മാസ വരുമാനമുണ്ട്. ജലന്ധറിനു പുറത്ത് പാലായിലും, കണ്ണൂരും തലശ്ശേരിയിലും മാത്രമേ മഠങ്ങളുള്ളു. എല്ലായിടത്തും കൂടെ 70 പേരില്‍ താഴെ കന്യാസ്ത്രീകളെ ഉള്ളുതാനും. ജലന്ധര്‍ ബിഷപ് വിചാരിച്ചാല്‍ ഇവരെ പട്ടിണിക്കിട്ട് നരകിപ്പിക്കാം. രൂപതയുമായി അത്രയ്ക്ക് ബന്ധപ്പെട്ടാണ് ഈ മഠം പ്രവര്‍ത്തിക്കുന്നത്.
ഈ സ്ത്രീകളെയാണ് രൂപതാധിക്ഷ്യന്‍ തന്നെ ലൈംഗീകമായി പീഡിപ്പിച്ചത്. 13 തവണ പീഡിപ്പിച്ചപ്പഴും ഒച്ച വെയ്ക്കാതിരുന്നതിന്റെ കാരണം കൃത്യമായി ഇപ്പോള്‍ മനസ്സിലാകണ്ടതാണ്. നാലു കൊല്ലം തുടര്‍ന്ന പീഢനം ഇത്രയും കാലം പിടിക്കപ്പെടാതെ ഇരുന്ന കാരണവും ഇത് തന്നെയാണ്.
ഫേസ്ബുക്ക് കുറിപ്പിന്റെ യഥാര്‍ത്ഥ രൂപം
” ഈ നാലു കൊല്ലവും ഈ സ്ത്രീകള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു. അവസാനം അവരൊക്കെ വീട്ടില്‍ ബന്ധുക്കളെ അറിയച്ചപ്പഴാണ് പരസ്യമായി പ്രതികരിക്കാനുള്ള ധൈര്യം ലഭിച്ചത്. കുറവിലങ്ങാടുള്ള മഠം ഏകദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്.
ബിഷപ്പിന്റെ കിങ്കരമ്മാര്‍ പാലായിലും, കുറവിലങ്ങാടും ആത്മാര്‍ത്ഥമായി പണി എടുക്കുന്നുണ്ട്. സിസ്റ്റര്‍മ്മാര്‍ സാമൂഹികമായ ഭ്രഷ്ടും, ഭീഷണിയും നേരിടുന്നുണ്ട്. വലിയൊരു അല്‍മായ സംഘവും, പ്രൊഫഷണല്‍ സെക്യുരിറ്റി ഗ്യാങ്ങും അരമന വളഞ്ഞ് സുരക്ഷിത വലയം ഒരുക്കിയിട്ടുണ്ട്.
“എട്ട് പേരാണ് കുറവിലങ്ങാട്ടെ മഠത്തിലുള്ളത്. അതില്‍ അതിക്രമിക്കപ്പെട്ട കന്യാസ്ത്രീ ഉള്‍പ്പെടെ ഞങ്ങള്‍ ആറ് പേരാണ് സഭയ്ക്കെതിരെ പ്രതിഷേധിക്കുന്നത്. മറ്റ് രണ്ട് പേര്‍ ഞങ്ങള്‍ക്ക് എതിരാണ്. പ്രശ്നങ്ങളുണ്ടായതിന് ശേഷം മഠത്തില്‍ ചെന്നാലും പരസ്പരം കാണുകയോ സംസാരിക്കുകയോ ചെയ്യാറില്ല.
ഞങ്ങള്‍ ആറ് പേരും ഒറ്റപ്പെട്ട പോലെയാണ് അവിടെ.കൂടെയുള്ളവര്‍ ഭക്ഷണത്തില്‍ പോലും എന്തെങ്കിലും ചേര്‍ത്ത് ഞങ്ങളെ കൊല്ലുമോയെന്നാണ് ഭയം””, നീതി തേടി സമരം ചെയ്യുന്ന കന്യാസ്ത്രീകളില്‍ ഒരാളായ സിസ്റ്റര്‍ നീന മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
“കത്തോലിക്ക സഭയുടെ സ്വഭാവമനുസരിച്ച് സമരം ചെയ്ത കന്യാ സ്ത്രീകളെ അത്ര വേഗം അംഗീകരിക്കില്ല. പ്രതികാര നടപടികള്‍ നേരിടേണ്ടി വന്നേക്കാം”എന്നും പേര് വെളിപ്പെടുത്താന്‍ താല്പര്യമില്ലാത്ത വൈദികന്‍ പറയുന്നു.