തൊഴിലില്ലായ്മ സംബന്ധിച്ച റിപ്പോര്‍ട്ട് പൂര്‍ണ്ണം; നിതി ആയോഗിന്റെ വാദം തള്ളി മുന്‍ എന്‍.എസ്.സി ചെയര്‍മാന്‍ പി.സി മോഹനന്‍
national news
തൊഴിലില്ലായ്മ സംബന്ധിച്ച റിപ്പോര്‍ട്ട് പൂര്‍ണ്ണം; നിതി ആയോഗിന്റെ വാദം തള്ളി മുന്‍ എന്‍.എസ്.സി ചെയര്‍മാന്‍ പി.സി മോഹനന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st February 2019, 10:32 am

ന്യൂദല്‍ഹി: നോട്ടു നിരോധനത്തിന് ശേഷം രാജ്യത്തെ തൊഴിലില്ലായ്മ കുത്തനെ കൂടിയെന്ന ദേശീയ സാംപിള്‍ സര്‍വേ റിപ്പോര്‍ട്ട് പൂര്‍ണ്ണമാണെന്ന് മുന്‍ സ്ഥിതിവിവര ശാസ്ത്ര സമിതി ചെയര്‍മാന്‍ പി.സി. മോഹനന്‍. റിപ്പോര്‍ട്ട് പരിശോധിച്ചിട്ടില്ലെന്നും പുറത്തു വന്ന റിപ്പോര്‍ട്ട് സത്യസന്ധമല്ലെന്നും നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് അവകാശപ്പെട്ടതിന് പിന്നാലെയാണ് പി.സി.മോഹനന്റെ വെളിപ്പെടുത്തല്‍.

എന്‍.എസ്.സിയുടേത് പൂര്‍ണ്ണമായ റിപ്പോര്‍ട്ടല്ലെന്നും 2019 മാര്‍ച്ചോടെ സംപൂര്‍ണ റിപ്പോര്‍ട്ട് പുറത്തുവിടുമെന്നും നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. 2018 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള തൊഴില്‍ വിവരങ്ങള്‍ ഇനിയും പഠിച്ചു കഴിഞ്ഞില്ലെന്നും രാജീവ് പറഞ്ഞിരുന്നു.

“ഇപ്പോള്‍ പുറത്തു വന്നത് എന്‍.എസ്.എസ്.ഒയുടെ പൂര്‍ണ്ണമായ റിപ്പോര്‍ട്ടാണ്. ഈ റിപ്പോര്‍ട്ട് എന്‍.എസ്.സി പരിശോധിച്ചതാണ്. എന്‍.എസ്.സി അംഗീകരിച്ച റിപ്പോര്‍ട്ടിന് ഇനി മറ്റാരുടേയും അംഗീകാരം ആവശ്യമില്ല. എന്‍.എസ്.എസ്.ഒയുടെ റിപ്പോര്‍ട്ട് പുറത്തു വിട്ടതിന് ശേഷമാണ് വിശകലനവും മറ്റും നടത്താറ്”- നിതി ആയോഗിന്റെ പത്രസമ്മേളനം കഴിഞ്ഞയുടന്‍ മോഹനന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

Also Read ശിരോമണി അകാലി ദള്‍ എന്‍.ഡി.എ യോഗത്തില്‍ പങ്കെടുത്തില്ല; ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ മുന്നണി വിടുമെന്ന് ഭീഷണി

ഇനി ആരുടെ അംഗീകാരമാണ് സര്‍വേ റിപ്പോര്‍ട്ടിന് ആവശ്യം എന്ന ചോദ്യത്തിന് “മന്ത്രിസഭയുടേതായിരിക്കും, എനിക്കറിയില്ല” എന്നായിരുന്നു രാജീവിന്റെ മറുപടി

നാല്‍പത്തിയഞ്ചു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കെന്നായിരുന്നു സര്‍വേ റിപ്പോര്‍ട്ട്. നോട്ടു നിരോധനം തൊഴില്‍ മേഖലയെ തകര്‍ത്തെന്നായിരുന്നു പുറത്ത് വന്ന സര്‍വേയിലെ കണ്ടെത്തല്‍. 2017-18 വര്‍ഷത്തില്‍ 6.1% ആയി തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇക്കാരണം കൊണ്ടാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ മോദി സര്‍ക്കാര്‍ തയ്യാറാവാതിരുന്നതെന്നാണ് വിലയിരുത്തല്‍. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ദേശീയ സ്ഥിതിവിവര ശാസ്ത്ര സമിതിയിലെ പി.സി മോഹനനടക്കമുള്ള രണ്ട് സ്വതന്ത്ര അംഗങ്ങള്‍ കഴിഞ്ഞദിവസം രാജിവെച്ചിരുന്നു.

2016ല്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടുനിരോധനം പ്രഖ്യാപിച്ചശേഷം തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ആദ്യ സര്‍വേയാണിത്. 2017 ജൂലൈയ്ക്കും 2018 ജൂണിനും ഇടയിലാണ് ഈ സര്‍വേയ്ക്ക് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്.

1972-73 വര്‍ഷത്തിനുശേഷമുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോഴത്തേതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഗ്രാമീണ മേഖലയില്‍ 15നും 29നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയില്‍ തൊഴിലില്ലായ്മ 2011-12 വര്‍ഷത്തെ അപേക്ഷിച്ച് 5% വര്‍ധിച്ച് 17.4% ആയി ഉയര്‍ന്നു. ഗ്രാമീണ മേഖലയില്‍ സ്ത്രീകളുടെ കാര്യത്തില്‍ 4.8% വര്‍ധിച്ച് 13.6% ആയി ഉയര്‍ന്നെന്നും സര്‍വേയില്‍ പറയുന്നു.