Daily News
'അമ്മ' പണമുള്ള ഭ്രാന്തന്‍ പുരുഷ താരങ്ങളുടെ സംഘടന; സംഘടനയെ പരിഹസിച്ച് എന്‍.എസ് മാധവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Jun 29, 07:52 am
Thursday, 29th June 2017, 1:22 pm

 

കൊച്ചി: താര സംഘടനയായ അമ്മയെ പരിഹസിച്ച് സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍. “അമ്മ” പണത്തിനും പുരുഷ താരങ്ങള്‍ക്കുമായുള്ള സംഘടനയാണെന്നാണ് മാധവന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചത്. സംഘടനയുടെ പേരിന് പുതിയ നിര്‍വചനം നല്‍കികൊണ്ടായിരുന്നു മാധവന്റെ ട്വീറ്റ്.


Also read പീഡിപ്പിക്കുന്ന സൈനികരുടെ സ്വകാര്യ ഭാഗങ്ങള്‍ സ്ത്രീകള്‍ മുറിച്ചെടുക്കണം; വീണ്ടും വിവാദ പ്രസ്താവനയുമായി അസം ഖാന്‍

“അമ്മ” എന്നത് അസോസിയേഷന്‍ ഓഫ് മണി മാഡ് മെയില്‍ ആക്ടേഴ്സ് എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. കൊച്ചിയില്‍ യുവ നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് താര സംഘടന ശക്തമായ നിലപാടുകള്‍ സ്വീകരിച്ചില്ലെന്ന ആരോപണം നില നില്‍ക്കേയാണ് എന്‍.എസ് മാധവന്റെ ട്വീറ്റും പുറത്ത് വന്നത്.

വിഷയത്തില്‍ ആരോപണം നേരിടുന്ന ദിലീപിനെ പിന്തുണക്കുന്ന നിലപാടിനൊപ്പം അക്രമത്തിനിരയായ നടിയെ പരോക്ഷമായി അക്രമിക്കുന്ന നിലപാടാണ് സംഘടനയിലെ പലരും കൊക്കൊള്ളുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഇന്നലെ വിഷയം അമ്മ ചര്‍ച്ചചെയ്യേണ്ടതില്ലെന്ന നിലപാടായിരുന്നു അമ്മ പ്രസിഡന്റ് ഇന്നസെന്റ് സ്വീകരിച്ചിരുന്നതും.


Dont miss വിദ്വേഷരാഷ്ട്രീയം ഇന്നത്തെ നിഷ്‌കളങ്കരായ കുട്ടികളെ നാളെ കൊലയാളികളാക്കും: രവീഷ് കുമാര്‍


ഈ സാഹചര്യത്തിലാണ് പുരുഷ താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സംഘടനയാണ് അമ്മയെന്ന വിമര്‍ശനം മലയാളത്തിന്റെ പ്രിയ സാഹിത്യകാരനും ഉന്നയിക്കുന്നത്.

ഇന്ന് കൊച്ചിയില്‍ നടന്നുകൊണ്ടിരിക്കുന്ന അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യില്ലെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. നടിക്കെതിരായ അക്രമത്തിനു ശേഷം വിഷയത്തില്‍ അമ്മ ഫലപ്രദമായി ഇടപെട്ടില്ലെന്ന വിമര്‍ശം ഉയര്‍ന്നിരുന്നു ഇതിനു പിന്നാലെയാണ് ചലച്ചിത്ര രംഗത്തെ വനിതകള്‍ പുതിയ സംഘടന രൂപീകരിച്ചത്.

നടിയുടെ അക്രമണം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന അമ്മയുടെ നിലപാടിനെ പരിഹസിച്ച് കൊണ്ടുള്ള ഗോപീ കൃഷ്ണന്റെ കാര്‍ട്ടൂണ്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തതിന് പിന്നാലെയാണ് അമ്മയ്ക്ക് പുതിയ നിര്‍വചനവുമായുള്ള മാധവന്റെ ട്വീറ്റ്.