Advertisement
NATIONALNEWS
'മകളുടെ മൃതദേഹം തന്നെയാണോ സംസ്‌കരിച്ചതെന്നറിയില്ല'; ചിതാഭസ്മം നിമഞ്ജനം ചെയ്യില്ലെന്ന് ഹാത്രാസ് പെണ്‍കുട്ടിയുടെ കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 04, 02:43 am
Sunday, 4th October 2020, 8:13 am

ലഖ്‌നൗ: ഹാത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം തന്നെയാണോ പൊലീസ് സംസ്‌കരിച്ചതെന്ന് അറിയില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം. പെണ്‍കുട്ടിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യില്ലെന്നും കുടുംബം പറഞ്ഞു.

പെണ്‍കുട്ടിയുടെ മൃതദേഹം കാണാന്‍ പൊലീസ് അനുവദിച്ചില്ലെന്ന് കുടുംബം നേരത്തെ പരാതിപ്പെട്ടിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം യുപി പൊലീസ് നിര്‍ബന്ധിച്ച് സംസ്‌കരിച്ചത് നേരത്തെ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് ആരോപണവുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നത്.

സെപ്തംബര്‍ 30 പുലര്‍ച്ചെ രണ്ടരയോടെയാണ് പൊലീസ് ഹാത്രാസ് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ കുടുംബം നിലപാട് കടുപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.

അര്‍ദ്ധരാത്രിയോടെ പൊലീസ് എത്തി പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌ക്കാരത്തിനായി കൊണ്ടുപോയതാണെന്നും പെണ്‍കുട്ടിയുടെ കുടുംബം നേരത്തെ പറഞ്ഞിരുന്നു.

മൃതദേഹം പൊലീസ് ബലമായി പിടിച്ചെടുത്തു. എന്റെ പിതാവ് ഹാത്രാസിലെത്തിയപ്പോള്‍ അദ്ദേഹത്തെ ഉടന്‍ തന്നെ (ശ്മശാനത്തിലേക്ക്) പൊലീസ് കൊണ്ടുപോയെന്നും യുവതിയുടെ സഹോദരന്‍ പറഞ്ഞിരുന്നു. ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ച് ചൊവ്വാഴ്ച രാവിലെയാണ് പെണ്‍കുട്ടി മരിച്ചത്.

കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

സെപ്റ്റംബര്‍ 14നാണ് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിനിരയായത്. മൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല്പേര്‍ ചേര്‍ന്ന് തന്നെ ക്രൂരമായി പീഡിപ്പിച്ചതെന്ന് 19 കാരിയായ പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു.

കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. ആദ്യം അലിഗഡിലെ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ദല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Not sure about the body cremated by police was Hatras woman’s; Family alleges